മാർക്സിന്റെ 
ഓർമകൾ - പുത്തലത്ത് ദിനേശൻ എഴുതുന്നു



മാർക്സിന്റെ 140–-ാം ചരമവാർഷിക ദിനമാണ് ചൊവ്വാഴ്‌ച. ആധുനിക കാലത്തെ ഇത്രയേറെ അഗാധമായി വിശകലനം ചെയ്യുകയും സ്വാധീനിക്കുകയും ചെയ്ത മറ്റൊരു വ്യക്തിത്വം ഇല്ലെന്നുതന്നെ പറയാം. അത് ഇന്നും തുടരുന്നു.  ലോകത്ത് ഉണ്ടാകുന്ന ഓരോ പുതിയ അറിവുകളെയും സ്വാംശീകരിക്കുകയും അവയെ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകളുടെ വെളിച്ചത്തിൽ  അദ്ദേഹം വിശകലനം നടത്തുകയും ചെയ്തു.  മറ്റു പല തത്വചിന്തകരും ലോകത്തെ വ്യാഖ്യാനിക്കാൻമാത്രം ശ്രമിച്ചപ്പോൾ ലോകത്തെ മാറ്റിമറിക്കാനുള്ള ഇടപെടലാണ് മാർക്സ് മുന്നോട്ടുവച്ചത്. സർവകലാശാലാ വിദ്യാഭ്യാസത്തിൽ  ഗ്രീക്ക് ചിന്തകളും സാഹിത്യവും മാർക്സിന്റെ അന്വേഷണവിഷയമായിരുന്നു. ഗ്രീക്ക് ഭൗതികവാദത്തെക്കുറിച്ചുള്ള പഠനത്തിനാണ് മാർക്സിന് ഡോക്ടറേറ്റ് ലഭിച്ചത്. തുടർന്ന് കോളേജ് അധ്യാപകനായി മാറണമെന്ന മോഹം ഉപേക്ഷിച്ച് പത്രപ്രവർത്തനരംഗത്തേക്ക്‌ പ്രവേശിച്ചു. വിപ്ലവകരമായ ആശയങ്ങൾ പത്രത്തിലൂടെ അവതരിപ്പിച്ചതിനാൽ  വിപ്ലവകാരിയെന്ന്‌ മുദ്രകുത്തി ഭരണാധികാരികൾ നാടുകടത്തുകയും ചെയ്തു. പത്രപ്രവർത്തനത്തെ ജനകീയ രാഷ്ട്രീയത്തിന്റെ ശബ്ദമായി എങ്ങനെ മാറ്റിയെടുക്കാമെന്ന് മാർക്സ് കാണിച്ചുതന്നു. മാർക്സ് ലോകത്തെ വിശകലനം ചെയ്തത് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതിലൂടെ തത്വശാസ്ത്ര രംഗത്ത് നിലനിന്നിരുന്ന പ്രധാനപ്പെട്ട ഒരു തർക്കത്തിന് പരിഹാരം കാണുകയായിരുന്നു മാർക്സ്. ഭൗതിക പ്രപഞ്ചമാണ് അടിസ്ഥാനമെന്നും അതിൽനിന്ന് രൂപപ്പെടുന്ന ആശയങ്ങൾക്കും ചിന്തകൾക്കും ഭൗതികപ്രപഞ്ചത്തെ മാറ്റിമറിക്കാൻ ശേഷിയുണ്ടെന്നും മാർക്സ് വിലയിരുത്തി. ഭൗതികപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ഈ വൈരുധ്യാത്മകമായ ബന്ധത്തെ തിരിച്ചറിഞ്ഞ് തത്വശാസ്ത്രരംഗത്ത് പുതിയ വഴി വെട്ടിത്തുറക്കുകയായിരുന്നു മാർക്സ്. പ്രത്യക്ഷത്തിൽ  കുഴഞ്ഞുമറിഞ്ഞിരുന്നുവെന്ന് തോന്നിക്കുന്ന കാര്യങ്ങളെയെല്ലാം നിയന്ത്രിക്കുന്ന ചില നിയമങ്ങൾ ഉണ്ടെന്ന് മാർക്സ് വിലയിരുത്തി. അതിന്റെ മാർഗദർശകമായി വർഗസമര സിദ്ധാന്തത്തെ മാർക്സ് കണ്ടു. ഓരോ സമൂഹത്തിനകത്തും വ്യക്തികളിലും വിരുദ്ധ താൽപ്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. അത് എന്തുകൊണ്ടാണെന്നു അറിയുന്നതിനും അതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങൾ കൂടിയായിരുന്നു മാർക്സിന്റെ അന്വേഷണങ്ങൾ. പ്രത്യക്ഷത്തിൽ  കുഴഞ്ഞുമറിഞ്ഞിരുന്നുവെന്ന് തോന്നിക്കുന്ന കാര്യങ്ങളെയെല്ലാം നിയന്ത്രിക്കുന്ന ചില നിയമങ്ങൾ ഉണ്ടെന്ന് മാർക്സ് വിലയിരുത്തി. അതിന്റെ മാർഗദർശകമായി വർഗസമര സിദ്ധാന്തത്തെ മാർക്സ് കണ്ടു. സമൂഹത്തെ വിവിധ വ്യവസ്ഥകളായി കാണാനും അതിനെ സാമൂഹ്യ വികാസ പ്രക്രിയയുമായി ബന്ധിപ്പിക്കാനും മാർക്സിന് കഴിഞ്ഞു.  മാർക്സിന്റെ മഹത്തായ സംഭാവനകളിൽ ഒന്നായാണ് ഈ ചരിത്രപരമായ ഭൗതികവാദത്തെ ലെനിൻ കാണുന്നത്. മാർക്സിന്റെ ഏറ്റവും അഗാധവും സമഗ്രവുമായ കാഴ്ചപ്പാടാണ് സാമ്പത്തിക സിദ്ധാന്തം. മുതലാളിത്ത സമൂഹത്തിന്റെ സവിശേഷതകളെ ഇതിന്റെ വെളിച്ചത്തിൽ  മാർക്സ് വിശദീകരിക്കുന്നുണ്ട്. മുതലാളിത്തം മനുഷ്യ സമൂഹത്തിന്റെ വികാസത്തിനു നൽകിയ സംഭാവന വലുതാണെന്ന് മാർക്സ് വിലയിരുത്തുന്നുണ്ട്. അതേസമയം, അത് നിലനിൽക്കുന്നത് ചൂഷണത്തിന്റെ അടിത്തറയിലാണെന്നും അത് വികസിക്കുന്തോറും സമ്പത്ത് ഒരുകൂട്ടം ആളുകളുടെ കൈകളിലേക്ക് എത്തിച്ചേരുമെന്നും വിശകലനം ചെയ്യുന്നു. മുതലാളിത്തം വളരുന്നതിനനുസരിച്ച് മറ്റു വർഗങ്ങൾ ഇല്ലാതായാലും അവയുമായി മുഖാമുഖം ഏറ്റുമുട്ടുക തൊഴിലാളിവർഗമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടത്തിലൂടെയാണ് സമൂഹത്തിലെ ചൂഷണക്രമം ഇല്ലാതാകുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്കും തുടർന്ന് കമ്യൂണിസ്റ്റ് വ്യവസ്ഥയിലേക്കും മുതലാളിത്തസമൂഹം എത്തിച്ചേരുകയെന്നും പൊതുവിൽ മാർക്സ് വിലയിരുത്തി. എല്ലാ സമ്പത്തിന്റെയും ഉത്ഭവകേന്ദ്രമായ മണ്ണിനെയും മനുഷ്യനെയും ചൂഷണം ചെയ്യുന്നവിധത്തിൽ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുകയാണ് മുതലാളിത്തം ചെയ്യുന്നത്. സമൂഹത്തിന്റെ എല്ലാവിധ പ്രക്രിയകളും ഇതിന് അനുസൃതമായവിധത്തിൽ  മുതലാളിത്തം രൂപപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ  ശാസ്ത്രീയമായ അറിവുകൾ വികസിപ്പിക്കുന്നതും അത് ജനകീയ താൽപ്പര്യത്തോടെ ഉപയോഗിക്കുക എന്നതും  സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് മാർക്സ് കണ്ടെത്തി. ജാതിവ്യവസ്ഥ ഇന്ത്യയുടെ ശാപമാണെന്നും മനുഷ്യരേക്കാൾ പശുവിന് പ്രാധാന്യം നൽകുന്ന സമൂഹമാണെന്നും മാർക്സ് പറയുന്നുണ്ട്. ലോകത്ത് കൊളോണിയൽ ചൂഷണത്തിന് ഏറ്റവും വിധേയമാകുന്ന സമൂഹമായിട്ടാണ് മാർക്സ് ഇന്ത്യയെ ‘മൂലധന’ത്തിൽ  വിലയിരുത്തിയിട്ടുള്ളത് ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച് മാർക്സ് പഠിച്ചിട്ടില്ലയെന്ന വിമർശവും ഉയർന്നുകേൾക്കുന്നതാണ്. എന്നാൽ, ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചും വിശകലനം ചെയ്തും  മാർക്സ് ധാരാളം ലേഖനം എഴുതിയിട്ടുണ്ട്.  അവ അക്കാലത്തെ ഇന്ത്യൻ സ്ഥിതിഗതികളെ സൂക്ഷ്‌മതലത്തിൽ വിശകലനം ചെയ്യുന്നതാണ്. ജാതിവ്യവസ്ഥ ഇന്ത്യയുടെ ശാപമാണെന്നും മനുഷ്യരേക്കാൾ പശുവിന് പ്രാധാന്യം നൽകുന്ന സമൂഹമാണെന്നും മാർക്സ് പറയുന്നുണ്ട്. ലോകത്ത് കൊളോണിയൽ ചൂഷണത്തിന് ഏറ്റവും വിധേയമാകുന്ന സമൂഹമായിട്ടാണ് മാർക്സ് ഇന്ത്യയെ ‘മൂലധന’ത്തിൽ  വിലയിരുത്തിയിട്ടുള്ളത്. മാർക്സിന്റെ ഇന്ത്യാ ചരിത്ര കുറിപ്പുകൾ ഇന്ത്യൻ സമൂഹത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അറിവുകളെ നമുക്ക് മുന്നിൽ  തുറന്നുവയ്‌ക്കുന്നുണ്ട്. ലോകത്ത്‌  അക്കാലത്ത് പ്രസിദ്ധമായി തീർന്ന സാഹിത്യ ഗ്രന്ഥങ്ങളെയെല്ലാം മനസ്സിലാക്കിയ സൗന്ദര്യശാസ്ത്രകാരനായിരുന്നു അദ്ദേഹം. സാമ്പത്തിക ഗ്രന്ഥങ്ങളേക്കാൾ അക്കാലത്തെ സാമ്പത്തിക ജീവിതങ്ങൾ തിരിച്ചറിയുന്നത് ബെൽസാക്കിന്റെ  കൃതികളിലാണെന്ന് മാർക്സ് പറയുന്നുണ്ട്. മനുഷ്യാവസ്ഥ പ്രതിഫലിപ്പിക്കപ്പെടുന്ന എഴുത്തുകാരനെന്ന നിലയിൽ ഷേക്‌സ്‌പിയറായിരുന്നു മാർക്സിന്റെ ഇഷ്ട എഴുത്തുകാരൻ. മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം തനിക്ക് അന്യമല്ലെന്ന് പ്രഖ്യാപിച്ച മനുഷ്യസ്നേഹിയായ മഹാപ്രതിഭയായിരുന്നു മാർക്സ്. മൂലധനം കുന്നുകൂട്ടപ്പെടുന്നത് തൊഴിലാളികളുടെ വിയർപ്പിനെ ചൂഷണം ചെയ്തുകൊണ്ടാണെന്ന് പ്രസ്താവിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് മാർക്സ്. എഴുതപ്പെട്ട ചരിത്രം വർഗസമരങ്ങളുടേതാണെന്ന് നിരീക്ഷിച്ച ചരിത്രകാരനായും അദ്ദേഹം സ്ഥാനം നേടിയിട്ടുണ്ട്. സമൂഹത്തിലെ വിവിധ പ്രശ്നങ്ങളായ ദേശീയ പ്രശ്നം, സ്ത്രീപ്രശ്നം, പരിസ്ഥിതി പ്രശ്നം, എന്തിനേറെ ഇന്ത്യയിലെ സവിശേഷമായ ജാതി പ്രശ്നത്തിലേക്കുവരെ തന്റെ കാഴ്ചപ്പാടുകൾ വികസിപ്പിച്ച സാമൂഹ്യ ശാസ്ത്രജ്ഞനുമായിരുന്നു മാർക്സ്. സാമ്പത്തികഘടനയുടെ പ്രാധാന്യത്തെപ്പറ്റി ജീവിതം മുഴുവൻ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത മാർക്സിന് സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ ബുദ്ധിമുട്ടുകളുടെ പരമ്പര തന്നെയായിരുന്നു ഏറ്റുവാങ്ങേണ്ടിവന്നത്. മൃതദേഹം മറവുചെയ്യാൻപോലും ഏറെ കാത്തിരിക്കേണ്ടിവന്ന അനുഭവങ്ങൾ... അക്കാലത്തെ അനുഭവത്തെക്കുറിച്ച് ജെന്നി ഇങ്ങനെ എഴുതുന്നുണ്ട്. ‘ഞങ്ങളുടെ ജീവിച്ചിരുന്ന മൂന്നു കുട്ടികളും ഞങ്ങൾക്കരികിൽ കിടന്നു. അടുത്ത മുറിയിൽ  മരിച്ചുമരവിച്ചിരുന്ന കൊച്ചുമാലാഖയെ ഓർത്ത് ഞങ്ങളെല്ലാം കരഞ്ഞു.' വേദനിക്കുന്ന ഹൃദയത്തോടെയല്ലാതെ ഈ വരികൾ ആർക്കെങ്കിലും വായിക്കാനാകുമോ? മനുഷ്യബന്ധങ്ങളെ ആഹ്ലാദകരവും സർഗാത്മകവുമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളെയും ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അതാണ് വിപ്ലവപ്രവർത്തനത്തിന്റെ അന്തഃസത്തയെന്ന കാഴ്ചയിലേക്കാണ് മാർക്സ് എത്തിച്ചേരുന്നത്. ദാരിദ്ര്യത്തിന്റെ വേദനകൾ കുടുംബജീവിതത്തിൽ  പലവിധ പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും ചിന്തകളെ രൂപപ്പെടുത്തുന്നതിനും  വികസിപ്പിക്കുന്നതിനുമെല്ലാം ആ ജീവിതം കരുത്തായി നിന്നുവെന്നും കാണാനാകും. ബ്രോവർ സഹോദരന്മാർക്ക് മറുപടി എഴുതുമ്പോൾ സ്നേഹവും  ആർദ്രതയുമെല്ലാം നമ്മുടെ ഓരോ പ്രവൃത്തിയിലും ഉൾച്ചേരേണ്ടതുണ്ടെന്ന് മാർക്സ് ഓർമിപ്പിക്കുകയുണ്ടായി. പ്രേമത്തെ മനുഷ്യബാഹ്യമായ ഒന്നായല്ല മനുഷ്യാവസ്ഥയുടെ ഒന്നായാണ് മാർക്സ് കണ്ടത്. മനുഷ്യബന്ധങ്ങളെ ആഹ്ലാദകരവും സർഗാത്മകവുമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളെയും ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അതാണ് വിപ്ലവപ്രവർത്തനത്തിന്റെ അന്തഃസത്തയെന്ന കാഴ്ചയിലേക്കാണ് മാർക്സ് എത്തിച്ചേരുന്നത്. എല്ലാ ദുരിതത്തിലും അന്വേഷണങ്ങളിലും തന്നെ ഉൾക്കൊണ്ട് തുണയായി നിന്ന ജെന്നിയുടെ മരണവും ‘മൂലധനം' എന്ന ബൃഹത്‌ ഗ്രന്ഥത്തിന്റെ നിർമാണത്തിനായുള്ള വിശ്രമരഹിതമായ പ്രവർത്തനങ്ങളും മാർക്സിന്റെ ആരോഗ്യത്തെ ഉലയ്ക്കുകയായിരുന്നു. പിന്നീട് അധികകാലം മാർക്സ് ജീവിച്ചിരുന്നുമില്ല. തുടർന്ന്‌ മൂലധനം ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത് മാർക്സിന്റെ ജീവിതത്തിൽനിന്ന് അടർത്തിമാറ്റാൻ പറ്റാത്ത ഉത്തമ സുഹൃത്ത് എംഗൽസ് ആയിരുന്നു. മാർക്സിന്റെ ചിന്തകളും നിഗമനങ്ങളും ഏറ്റവും  പ്രസക്തമായിത്തീർന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. മുതലാളിത്തം വളരുന്തോറും സമ്പത്ത് ഒരുകൂട്ടം ആളുകളിൽ കേന്ദ്രീകരിക്കപ്പെടുമെന്ന ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യിലെ നിഗമനം നമ്മുടെ രാജ്യത്തും പ്രസക്തമാണ്. ഇന്ത്യയുടെ സമ്പത്തിന്റെ 40 ശതമാനത്തിലേറെയും ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ ഉടമസ്ഥതയിലാണ് ഇന്ന്. ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 50 ശതമാനത്തിന്റെ കൈവശം വെറും മൂന്നു ശതമാനം സമ്പത്ത് മാത്രമാണുള്ളത്. ഇത് മാർക്സിന്റെ നിഗമനങ്ങളുടെ വർത്തമാനകാല പ്രസക്തിയാണ് കാണിക്കുന്നത്. ജീവിതം ദുരിതത്തിൽ  കത്തിയെരിയുമ്പോഴും ചുറ്റുപാടും പ്രകാശം ചൊരിഞ്ഞ മഹാപ്രതിഭയ്ക്കു മുന്നിൽ  ആദരാഞ്ജലി. ഒ എൻ വി എഴുതിയതുപോലെ ശവകുടീരത്തിൽ  നീയുറങ്ങുമ്പോഴും... ഇവിടെ നിൻ 
വാക്കുറങ്ങാതിരിക്കുന്നു... Read on deshabhimani.com

Related News