20 വർഷം കഴിഞ്ഞും ‘മാന്തളിർ’ വായിക്കപ്പെടും - കെ ആർ മീര എഴുതുന്നു



മതവും രാഷ്ട്രീയവും. സഭയും കമ്യൂണിസവും. വിശ്വാസവും പ്രത്യയശാസ്ത്രവും. നിരന്തരം ഏറ്റുമുട്ടുന്ന ഈ ചാലകങ്ങളുടെ രസകരമായ ‘കൈനറ്റിക്സ്' ആണ്‌ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളു’ടെ പ്രമേയം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‌ തൊട്ടുപിറ്റേന്ന്‌ തുടങ്ങുന്ന ഒരു കുടുംബ കഥയിലൂടെ ഒരു ദേശത്തെയും ആ ദേശത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതം മാറിമറിഞ്ഞ കാലത്തെയും ആവിഷ്‌കരിക്കുകയാണ് ഇവിടെ. ബെന്യാമിനുമാത്രം എഴുതാൻ കഴിഞ്ഞതും കഴിയുന്നതുമായ ‘അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ' എന്ന നോവലിന്റെ സ്വാഭാവിക തുടർച്ചയും വളർച്ചയുമാണ്‌ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’. ‘20 നസ്രാണി വർഷങ്ങളും’ ‘20 കമ്യൂണിസ്റ്റ് വർഷങ്ങളും’ ആവിക്‌ഷരിച്ച അനുഭവപ്രപഞ്ചം, മലയാള സാഹിത്യത്തിൽ ഇത്രകാലവും ബഹുസ്വരതയുടെ അനുഭവങ്ങൾ സംബന്ധിച്ച് ഒരു ശൂന്യത നിലനിന്നിരുന്നെന്ന്‌ വെളിപ്പെടുത്തുകയും അത്‌ കലാത്മകമായി പൂരിപ്പിക്കുകയുമാണ്‌ ചെയ്തത്. പ്രമേയപരമായി ‘മാന്തളിരി'ലെ പുതുമ പക്ഷേ, മേൽപ്പറഞ്ഞതിൽമാത്രം ഒതുങ്ങുന്നില്ല. കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ സഭയുടെയും രാഷ്ട്രീയത്തിന്റെയും സമാന്തര ധാരകൾ വ്യക്തിജീവിതങ്ങളിൽ ചെലുത്തിയതും ചെലുത്തിക്കൊണ്ടിരിക്കുന്നതും വരുംപതിറ്റാണ്ടുകളിലും ചെലുത്താനിടയുള്ളതുമായ സ്വാധീനം ഇത്ര ശക്തമായി ആവിഷ്‌കരിക്കപ്പെട്ട നോവലുകൾ മലയാളത്തിലില്ല. പ്രത്യേക ദേശത്ത്, നിശ്ചിതകാലത്ത് ജീവിച്ചിരുന്ന കുറെ മനുഷ്യരുടെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ, കേരളത്തിന്റെ സാമൂഹ്യജീവിതത്തെ നിരന്തരം നിർണയിക്കുന്ന ഘടകങ്ങളെ പ്രസന്നമധുരമായും അനായാസമായും വരച്ചിടുകയാണ് ഇതിൽ. കഥയുടെ ചുരുൾനിവരുമ്പോൾ ഇതിന്റെ പ്രമേയം കേവലം മാന്തളിരിന്റെ കഥയിൽനിന്ന്‌ വയറപ്പുഴപോലെ പിരിഞ്ഞൊഴുകി ലോകമെങ്ങുമുള്ള മനുഷ്യർ അനുഭവിക്കുന്ന വിശ്വാസ - പ്രത്യയശാസ്ത്രങ്ങളുടെ നിരന്തരമായ ഉരസലുകളുടെയും അന്തർധാരകളുടെയും കഥയായി അഗാധത കൈവരിക്കുന്നു.   എല്ലാ കഥാപാത്രങ്ങളും രസികന്മാരും രസികത്തികളും അവരവരുടേതായ രീതികളിൽ കമ്യൂണിസ്റ്റുകളുമാണ്. കമ്യൂണിസ്റ്റായി മടങ്ങിവന്ന അന്നമ്മച്ചിയും വല്യച്ചായനും മോഹനും കോമ്രേഡ് ജിജനും ഒന്നാനമ്മിണിയും രണ്ടാനമ്മിണിയും നാരങ്ങാ അമ്മായിയും ഒക്കെ ഭാവനാത്മകമായി പുനരാവിഷ്കരിക്കപ്പെട്ട യഥാർഥ മനുഷ്യരാണ്. മുൻവിധികൾക്കു വഴങ്ങാത്തതാണ്‌ ക്രാഫ്റ്റ്. ഭാഷയാകട്ടെ, ദേശത്തിന്റെ വാമൊഴി വഴക്കങ്ങളെ ശ്രദ്ധാപൂർവം അടയാളപ്പെടുത്തുകയും അതേസമയം, സാംസ്കാരികവും രാഷ്ട്രീയവുമായ പരിണാമത്തെ ധ്വനിപ്പിക്കാൻ കഴിയുംവിധം പുതുക്കിപ്പണിതതുമാണ്. കഥ പറയുന്നയാൾ ഹൃദയംകൊണ്ട്‌ സംസാരിക്കുന്നു എന്നൊരു പ്രതീതി കഥയെ സത്യമാക്കിത്തീർക്കുന്നു. 20 വർഷത്തെ രാഷ്ട്രീയവും സാമൂഹ്യവും സാമുദായികവുമായ ചരിത്രം ഒരു കുടുംബത്തിന്റെ കഥ സരസമായി വർണിക്കുകയും ഒട്ടും തീവ്രത ചോരാതെ, ഹൃദയത്തെ ദ്രവിപ്പിക്കുന്ന ഒരുപാട്‌ വൈയക്തിക പ്രതിസന്ധികളെ ആഴത്തിൽ കൊത്തിയിടുകയും ചെയ്യുന്നു. കഥയിലും കഥാകഥനത്തിലും ഉടനീളം, ആണത്തത്തിന്റെ ആഘോഷത്തിനു പകരം മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനുള്ള ശ്രമം ശ്രദ്ധേയമാണ്. ശക്തിയുള്ള സംഭാഷണങ്ങളും മൂർച്ചയുള്ള നിരീക്ഷണങ്ങളും അതിന്‌ മാറ്റുകൂട്ടുന്നു. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളി'ൽ കൊച്ചപ്പച്ചന്റേതായി രേഖപ്പെടുത്തപ്പെട്ട ഒരു കൽപ്പനയുണ്ട് - ‘‘എടാ, ഒരു പുസ്തകമിറങ്ങിയാൽ ഉടനെയൊന്നും അത്‌ വായിക്കരുത്. 20 വർഷം കഴിഞ്ഞും അത്‌ വായിക്കപ്പെടുന്നുണ്ട് എന്ന്‌ മനസ്സിലായാൽ അപ്പോ അതെടുത്ത്‌ വായിക്കണം.’’ ‘കൊച്ചപ്പച്ചൻ' പറഞ്ഞതുപോലെ, 20വർഷം കഴിഞ്ഞും വായിക്കപ്പെടാനിടയുള്ള നോവലാണ് ഇതെന്ന്‌ ഞാൻ പ്രതീക്ഷിക്കുന്നു. അന്നും കേരളത്തിന്റെ അന്തരീക്ഷത്തിൽ വിശ്വാസവും പ്രത്യയശാസ്ത്രവും സാധാരണ മനുഷ്യരുടെ വ്യക്തിജീവിതങ്ങളും തമ്മിലുള്ള സംഘർഷം തുടരുമെന്ന് എനിക്കുറപ്പുണ്ട്. Read on deshabhimani.com

Related News