ഇസ്രയേൽ പ്രക്ഷോഭം ഇന്ത്യക്കും വഴികാട്ടി



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഉറ്റസുഹൃത്ത്‌’ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജുഡീഷ്യറിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌. മോദിയെപ്പോലെ ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവിന്റെ വാലാട്ടിയാക്കാൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ ഭരണസഖ്യം കൈക്കൊണ്ട തീരുമാനങ്ങളാണ്‌ ഇസ്രയേൽ ജനതയെ പ്രകോപിപ്പിച്ചത്‌. അഴിമതിക്കേസിൽ ഉൾപ്പെട്ട നെതന്യാഹു സ്വന്തം തടി രക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ ജുഡീഷ്യറിക്കെതിരെ തിരിഞ്ഞതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ജുഡീഷ്യറിയെ നിശ്ശബ്ദമാക്കുക ലക്ഷ്യമാക്കി രണ്ട്‌ പരിഷ്‌കാരങ്ങളാണ്‌ നെതന്യാഹു സർക്കാർ മുന്നോട്ടുവച്ചത്‌. പാർലമെന്റ്‌ പാസാക്കുന്ന നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ്‌ റദ്ദാക്കാനുള്ള കോടതികളുടെ അധികാരത്തെ മറികടക്കാനുള്ളതാണ്‌ ആദ്യ പരിഷ്‌കാരം. സുപ്രീംകോടതി അസാധുവാക്കുന്ന നിയമങ്ങൾ പാർലമെന്റിന്‌ കേവല ഭൂരിപക്ഷാടിസ്ഥാനത്തിൽ മറികടക്കാമെന്നതാണ്‌ പുതിയ വ്യവസ്ഥ. രാഷ്ട്രീയ നേതൃത്വമാകണം ജഡ്‌ജിമാരെ നിയമിക്കേണ്ടത്‌ എന്നതാണ്‌ രണ്ടാമത്തെ പ്രധാന പരിഷ്‌കാരം. 1953 മുതൽ ഒമ്പതംഗ സമിതിയാണ്‌ ജഡ്‌ജിമാരെ നിയമിക്കുന്നത്‌. അതിനു പകരം രാഷ്ട്രീയ നേതൃത്വത്തിന്‌ ഭൂരിപക്ഷമുള്ള ഒരു സമിതിയായിരിക്കണം ജഡ്‌ജിമാരെ നിയമിക്കേണ്ടത്‌ എന്നാണ്‌ നെതന്യാഹുവിന്റെ വാദം. ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖറും നിയമമന്ത്രി കിരൺ റിജിജുവും ഇന്ത്യയിൽ മുന്നോട്ടുവയ്‌ക്കുന്നതും സമാനമായ കാര്യങ്ങളാണെന്ന്‌ ഓർക്കുക.  എന്നാൽ, ഈ പരിഷ്‌കാരങ്ങൾ ജുഡീഷ്യറിയെ തകർക്കുന്നതാണെന്ന ആഖ്യാനത്തിനാണ്‌ ഇസ്രയേലിൽ പ്രാമുഖ്യം ലഭിച്ചത്‌. രാഷ്ട്രീയ പാർടികളുടെ ഭാഗമല്ലാത്ത സാധാരണ ജനങ്ങളാണ്‌ സമരരംഗത്തേക്ക്‌ എടുത്തുചാടിയത്‌. ജനാധിപത്യത്തിന്റെ മൂന്ന്‌ തൂണുകൾ–-പാർലമെന്റ്‌, എക്‌സിക്യൂട്ടീവ്‌, ജുഡീഷ്യറി–-തമ്മിലുള്ള അധികാരവിഭജനം ഇല്ലാതാക്കി എല്ലാ അധികാരവും കൈയടക്കാനുള്ള എക്‌സിക്യൂട്ടീവിന്റെ നീക്കത്തെയാണ്‌ ജനങ്ങൾ പ്രതിരോധിച്ചത്‌. ഒരു കോടിയിൽ താഴെമാത്രം ജനസംഖ്യയുള്ള രാജ്യത്ത്‌ ലക്ഷക്കണക്കിന്‌ ആളുകളാണ്‌ നെതന്യാഹു സർക്കാരിന്റെ നീക്കത്തിനെതിരെ തെരുവിലിറങ്ങിയത്‌. ഭരണത്തിലിരിക്കുന്നത്‌ ക്രിമിനൽ സർക്കാരാണെന്നും ജനാധിപത്യത്തിന്‌ അന്ത്യം കുറിക്കുകയാണ്‌ അവരുടെ ലക്ഷ്യമെന്നും ജനങ്ങൾ വിളിച്ചുപറഞ്ഞു. ഇസ്രയേലിലെ ഏറ്റവും വലിയ തൊഴിലാളിപ്രസ്ഥാനം ആഹ്വാനംചെയ്‌ത സമരം ജനജീവിതം സ്‌തംഭിപ്പിച്ചു. റോഡ്‌, വ്യോമഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വിദേശനിക്ഷേപകർ ഇസ്രയേൽ വിടുമെന്ന്‌ ഭീഷണി മുഴക്കി.   ഈ ഘട്ടത്തിലാണ്‌ നെതന്യാഹു മന്ത്രിസഭയിലെ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റ് പരസ്യമായി ജുഡീഷ്യൽ പരിഷ്‌കാരങ്ങൾക്കെതിരെ രംഗത്തുവന്നത്‌. ഈ പരിഷ്‌കാരങ്ങൾ രാജ്യസുരക്ഷയെത്തന്നെ ഭീഷണിപ്പെടുത്തുമെന്നാണ്‌ ഗാലന്റിന്റെ തുറന്നുപറച്ചിൽ. ക്ഷുഭിതനായ നെതന്യാഹു സ്വന്തം പാർടിക്കാരനായ മന്ത്രിയെ ഉടൻ മന്ത്രിസഭയിൽനിന്നും പുറത്താക്കി. എരിതീയിൽ എണ്ണയൊഴിക്കുന്നതിന്‌ സമാനമായി ഈ നടപടി. ഇതോടെ സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തമായി. ക്രമസമാധാനനില കൈവിട്ടുപോകുമെന്ന്‌ ഭയന്ന പ്രസിഡന്റ്‌ ഐസക് ഹെർസോഗ്‌ ജുഡീഷ്യൽ പരിഷ്‌കാരങ്ങൾ തൽക്കാലം നിർത്തിവയ്‌ക്കാൻ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. നെതന്യാഹു സർക്കാരിന്റെ സംരക്ഷകരായ അമേരിക്കയും ഈ പരിഷ്‌കാരങ്ങൾക്കെതിരെ ശബ്ദിച്ചു. ഈ ഘട്ടത്തിലാണ്‌ മെയ്‌ വരെ നടപടി നിർത്തിവയ്‌ക്കാൻ നെതന്യാഹു സർക്കാർ തീരുമാനിച്ചത്‌. നെസറ്റ്‌ ഈ മാസാവസാനം ചേരുമ്പോൾ മാത്രമേ സർക്കാരിന്റെ അടുത്തനീക്കം എന്താണെന്ന്‌ വ്യക്തമാകൂ. ലിക്കുഡ്‌ പാർടി നേതാവായ നെതന്യാഹുവിനെ പിന്തുണയ്‌ക്കുന്ന ജൂയിഷ്‌ പവർ പാർടിയും മറ്റു മതതീവ്രവാദ കക്ഷികളും ജുഡീഷ്യൽ പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകണമെന്ന്‌ നെതന്യാഹുവിനെ നിർബന്ധിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഈ നീക്കം പൂർണമായും ഉപേക്ഷിച്ചാൽ നെതന്യാഹു സർക്കാർ നിലംപൊത്തും. ഏതായാലും പശ്ചിമേഷ്യയിലെ ‘മാതൃകാ ജനാധിപത്യരാഷ്ട്ര’ത്തിന്റെ ജനാധിപത്യ വിരുദ്ധത ലോകജനതയ്‌ക്ക്‌ ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ കൃത്യമായി നടത്തുക മാത്രമല്ല, ജനാധിപത്യമെന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കണം. ഇന്ത്യക്കും ഈ മുന്നറിയിപ്പ്‌ ബാധകമാണ്‌. നെതന്യാഹു ജുഡീഷ്യറിക്കെതിരെ നീങ്ങുന്നതുവരെ ഇസ്രയേലിലെ ജനാധിപത്യകക്ഷികളും പ്രതിപക്ഷവും ലിബറലുകളും നെതന്യാഹു സർക്കാരിന്റെ നിയമലംഘനങ്ങളെ പിന്തുണച്ചതിന്റെ ഫലംകൂടിയാണ്‌ ഭരണഘടനയെത്തന്നെ അട്ടിമറിക്കുന്ന നീക്കങ്ങളുമായി മുന്നോട്ടുവരാൻ തീവ്രവലതുപക്ഷ സഖ്യത്തിന്‌ കരുത്തുനൽകിയത്‌. ‘ഇസ്രയേലി സമൂഹത്തെ തകർത്തെറിയുകയാണ്‌ നെതന്യാഹു’ എന്നാണ്‌ നിയോ ലിബറലിസത്തിന്റെ വക്താവായ തോമസ്‌ എൽ ഫ്രീഡ്‌മാൻ ‘ന്യൂയോർക്ക്‌ ടൈംസി’ൽ എഴുതിയ ലേഖനത്തിൽ വിലപിക്കുന്നത്‌. പലസ്‌തീനികളെ, അവരുടെ മനുഷ്യാവകാശങ്ങളെ നഗ്നമായി ലംഘിക്കുന്നതിന്‌ നെതന്യാഹു സർക്കാരിന്‌ പിന്തുണ നൽകിയത്‌ ആരായിരുന്നു. സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായി 1948ൽ രൂപംകൊണ്ടതുമുതൽ കഴിഞ്ഞ 75 വർഷവും നിയമവാഴ്‌ചയെ വെല്ലുവിളിച്ച ഇസ്രയേൽ സർക്കാരിന്‌ പൂർണ പിന്തുണ ആരെങ്കിലും നൽകിയിട്ടുണ്ടെങ്കിൽ അത്‌ അമേരിക്കയും അവരുടെ ശിങ്കിടി രാഷ്ട്രങ്ങളുമാണെന്ന്‌ നിസ്സംശയം പറയാം. ഓസ്‌ലോ കരാറിനും അന്താരാഷ്ട്ര ധാരണകൾക്കും വിരുദ്ധമായി പലസ്‌തീൻ പ്രദേശങ്ങളിൽ ജൂത കുടിയേറ്റം പ്രോൽസാഹിപ്പിച്ച്‌ ജനസംഖ്യാനുപാതത്തിൽ മാറ്റംവരുത്താൻ (മോദി സർക്കാർ കശ്‌മീരിൽ പരീക്ഷിക്കുന്നതും ഇതേ നയമാണ്‌) പലസ്‌തീനികൾക്ക്‌ അവകാശപ്പെട്ട പശ്ചിമ തീരത്തും ഗാസയിലും ഗോലാൻകുന്നുകളിലും നിരന്തരം അധിനിവേശം നടത്തുകയും  പലസ്‌തീനികളെ അവിടെനിന്ന്‌ പുകച്ച്‌ പുറത്തുചാടിക്കുകയും ചെയ്യുന്നതിന്‌ ഇസ്രയേലിനെ പിന്തുണച്ചത്‌ ഇതേ അമേരിക്കയും ഇസ്രയേൽ പ്രതിപക്ഷവും ലിബറലുകളുമായിരുന്നു. ഇന്ന്‌ ഇസ്രയേലിലെ തീവ്രവലതുപക്ഷത്തിന്റെ വളർച്ചയിൽ ആശങ്കയുണർത്തുന്നവർ എന്തുകൊണ്ടാണ്‌ സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള പലസ്‌തീനികളുടെ അവകാശം ഇസ്രയേൽ സർക്കാർ കവർന്നപ്പോൾ മിണ്ടാതിരുന്നത്‌. ഓസ്‌ലോ കരാറിനും അന്താരാഷ്ട്ര ധാരണകൾക്കും വിരുദ്ധമായി പലസ്‌തീൻ പ്രദേശങ്ങളിൽ ജൂത കുടിയേറ്റം പ്രോൽസാഹിപ്പിച്ച്‌ ജനസംഖ്യാനുപാതത്തിൽ മാറ്റംവരുത്താൻ (മോദി സർക്കാർ കശ്‌മീരിൽ പരീക്ഷിക്കുന്നതും ഇതേ നയമാണ്‌) മാറിമാറിവന്ന ഇസ്രയേൽ സർക്കാരുകൾ ശ്രമിച്ചപ്പോൾ അതിനെ കൈയടിച്ച്‌ പ്രോൽസാഹിപ്പിച്ചവരാണ്‌ ഇപ്പോൾ ഇസ്രയേൽ സർക്കാരിന്റെ ജുഡീഷ്യറിക്കെതിരായ നീക്കത്തിൽ വേവലാതി പ്രകടിപ്പിക്കുന്നത്‌. നെതന്യാഹു യുഗത്തിന്‌ അന്ത്യംകുറിക്കാൻ കഴിവുള്ള വ്യക്തിയെന്ന്‌ അമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന പ്രതിപക്ഷ നേതാവ്‌ യായ്ര്‍ ലാപിഡും നെതന്യാഹുവിരുദ്ധ പ്രക്ഷോഭത്തിന്റെ നായകരിൽ ഒരാളായ ബെന്നി ഗാന്റ്‌സും പലസ്‌തീൻ പ്രദേശങ്ങളിലേക്കുള്ള ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചവരാണ്‌. പശ്ചിമതീരം ഇസ്രയേലിനോട്‌ യോജിപ്പിക്കുന്നതിനെ പിന്തുണച്ച്‌ 2200 പലസ്‌തീൻകാരെ കൊല്ലുന്നതിന്‌ നേതൃത്വംനൽകിയ ആളാണ്‌ അന്നത്തെ പ്രതിരോധ മന്ത്രിയായ ഗാന്റ്‌സ്‌. പശ്ചിമേഷ്യയിലെ ‘പോക്കിരി രാഷ്ട്ര’മായ ഇസ്രയേലിന്‌ വർഷംതോറും 3.3 ബില്യൺ ഡോളർ സൈനിക സഹായം നൽകുന്നത്‌ അമേരിക്കയാണ്‌. ഇസ്രയേലിന്റെ പ്രതിരോധ ബജറ്റിന്റെ 16 ശതമാനംവരുന്ന സഹായമാണ്‌ ഇത്‌. പലസ്‌തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട ജറുസലേമിലേക്ക്‌ അമേരിക്കൻ എംബസി മാറ്റി ആ നഗരത്തിൽ പലസ്‌തീനികൾക്കുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിച്ചതും അമേരിക്കയാണ്‌. അതായത്‌ പലസ്‌തീനികളെ ഉന്മൂലനം ചെയ്യാൻ ഇസ്രയേലി ഭരണകൂടത്തിന്‌ ഇക്കൂട്ടർ നൽകിയ പിന്തുണയിൽ അഭിരമിച്ചാണ്‌ ഇപ്പോൾ അവർ ജുഡീഷ്യറിക്കെതിരെയും നീങ്ങിയിരിക്കുന്നത്‌. ഇസ്രയേൽ സർക്കാരിന്റെ വഴിവിട്ട നീക്കങ്ങളെ ആദ്യമേ ചെറുത്തിരുന്നെങ്കിൽ ജുഡീഷ്യറിക്കെതിരെ നീങ്ങാൻ ഭരണാധികാരികൾക്ക്‌ കഴിയുമായിരുന്നില്ല. ഫാസിസത്തിലേക്ക്‌ നീങ്ങുന്ന തീവ്രവലതുപക്ഷ ഭരണാധികാരികൾക്കെതിരെ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ഊന്നി നിരന്തര പോരാട്ടം നടത്തേണ്ടതിന്റെ അനിവാര്യതയാണ്‌ ഇസ്രയേൽ ബോധ്യപ്പെടുത്തുന്നത്‌. ഇസ്രയേൽ ഭരണാധികാരികളിൽനിന്ന്‌ പാഠം ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണാധികാരികൾക്കെതിരെയും സമാനമായ പോരാട്ടമുഖം തുറക്കുകമാത്രമാണ്‌ പോംവഴി. Read on deshabhimani.com

Related News