ഇന്ത്യാ ചൈന സംഘർഷം: ഉൽപ്പന്ന ബഹിഷ്കരണമല്ല പരിഹാരം



ഇന്ത്യ–--ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇരുരാജ്യവും തമ്മിലുള്ള വ്യാപാരബന്ധം  പ്രധാന ചർച്ചാകേന്ദ്രമായി മാറിയിട്ടുണ്ട്.  ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇന്ത്യയിൽ  വ്യാപകമാകുകയാണ്. കേന്ദ്രസർക്കാർതലത്തിൽ ചില നിർണായക തീരുമാനങ്ങൾ ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ചൈനയിൽനിന്നുള്ള 300 ഉൽപ്പന്നത്തിന്റെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ആലോചന സജീവമാണ്. ടെലി കമ്യൂണിക്കേഷൻ മേഖലയിൽ അടിസ്ഥാന സൗകര്യകാര്യത്തിൽ  ചൈനീസ് ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കണമെന്ന നിർദേശവും വന്നിട്ടുണ്ട്. ഇന്ത്യൻ കമ്പനികളുടെ ഓഹരിയിൽ ചൈനീസ് കമ്പനികൾ നടത്തുന്ന നിക്ഷേപത്തിന് കേന്ദ്ര സർക്കാരിന്റെ മുൻ‌കൂർ അനുമതി വേണമെന്ന വ്യവസ്ഥ സർക്കാർ നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ട്.  160 മുതൽ 200 വരെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ  തീരുവ ഏർപ്പെടുത്തുന്നതിനും നൂറോളം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ തീരുവ ഉയർത്താതെയുള്ള നിയന്ത്രണങ്ങളും കൊണ്ടുവരാനാണ് പുതിയനീക്കം. ചൈനയിൽനിന്നുള്ള ഇറക്കുമതി 800 മുതൽ 1000 കോടി ഡോളർവരെ  നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര വ്യവസായങ്ങളെ സഹായിക്കുക എന്ന ലക്ഷ്യമിട്ട് ഏപ്രിലിൽ തുടങ്ങിയ ഈ നീക്കം,  ഗൽവാൻ മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വേഗത കൈവരിക്കുമെന്ന് വിലയിരുത്താൻ കഴിയും. ചൈനയിൽനിന്നുള്ള ഇറക്കുമതി പല മേഖലകളിലും ഇന്ത്യൻ വ്യവസായികൾക്ക് ഭീഷണിയാണെങ്കിലും ഇന്ത്യ–-ചൈന വ്യാപാര ബന്ധങ്ങളെ പാടെ  മാറ്റിമറിക്കുക ഒട്ടും എളുപ്പമല്ലാത്ത ഒരു കാര്യമാണ്. അതുകൊണ്ട് അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് നിർമിത ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കുക എന്നത് അപ്രായോഗികമായ കാര്യമാണ്. മാത്രവുമല്ല, അത് ഇന്ത്യയിലെ മാനുഫാക്ചറിങ് രംഗത്ത് കുരുക്കുകൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കിയേക്കാം. കാരണം,  തദ്ദേശീയമായ പല  കമ്പനികൾക്കും അസംസ്‌കൃത വസ്തുക്കൾമുതൽ നിർമാണ ഘടകങ്ങൾവരെയുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നത് ചൈനീസ് കമ്പനികളാണ്. പ്രത്യേകിച്ച് ടെക്നോളജി, സ്റ്റാർട്ടപ് കമ്പനികൾക്ക്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ വ്യാപാര പങ്കാളിയാണ് ചൈന.   2019–-20 സാമ്പത്തിക വർഷമെടുത്താൽ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ അഞ്ചു ശതമാനം ചൈനയിലേക്കായിരുന്നു. ഡോളർ കണക്കിൽ പരിശോധിക്കുമ്പോൾ മൊത്തം ഇറക്കുമതിച്ചെലവിന്റെ 14.09 ശതമാനവും ചൈനയിൽനിന്നാണ്. രണ്ടാം സ്ഥാനത്ത് വരുന്ന അമേരിക്കയിൽ നിന്നുള്ളത് 7.58 ശതമാനം മാത്രമാണ്. ചൈനയുമായുള്ള വ്യാപാരത്തിൽ ഇന്ത്യ വലിയ തോതിലുള്ള കമ്മി നേരിടുന്നു എന്നർഥം. എന്നാൽ, 2018–-19 വർഷത്തെ അപേക്ഷിച്ച് 2019–-20ൽ ചൈനയിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞതായി വാണിജ്യമന്ത്രാലയത്തിന്റെ  കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ആഗോള സാമ്പത്തികമേഖല നേരിടുന്ന മാന്ദ്യം ഇതിന്‌ ഒരു കാരണമാണ്. അതുപോലെതന്നെ  ചൈന ഇന്ത്യയിൽ നേരിട്ട് നടത്തുന്ന നിക്ഷേപങ്ങളും നിർണായകമാണ്. മെറ്റലർജിക്കൽ വ്യവസായങ്ങൾ, റിന്യൂവബിൾ എനർജി, ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ, സ്മാർട്ട് ഫോൺ,  ഓട്ടോമൊബൈൽ, കെമിക്കൽസ് തുടങ്ങിയ രംഗങ്ങളിലാണ് ചൈനയ്‌ക്ക് നേരിട്ടുള്ള നിക്ഷേപമുള്ളത്. ബ്ലൂംബെർഗിന്റെ കണക്കുകൾപ്രകാരം 2019ൽ ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നടത്തിയത് 400  കോടിയിലധികം ഡോളറിന്റെ നിക്ഷേപമാണ്. 2006 മുതൽ ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നേരിട്ടുള്ള നിക്ഷേപരംഗത്ത് സജീവമാണ്. എണ്ണൂറിൽപ്പരം ചൈനീസ് കമ്പനികൾ  ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമാണ്. സ്മാർട്ട് ഫോൺ, ഗൃഹോപകരണങ്ങൾ, കൺസ്ട്രക്‌ഷൻ ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഒപ്റ്റിക്കൽ ഫൈബർ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിൽ വമ്പൻ  നിക്ഷേപമുള്ള ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ 75ൽപ്പരം നിർമാണ കേന്ദ്രങ്ങളുമുണ്ട്. ഓപ്പോ, വിവോ, ഷവോമി, എംജി ബ്രാൻഡിൽ ഇന്ത്യയിൽ കാറുകൾ അവതരിപ്പിച്ച എസ്എഐസി മോട്ടോഴ്‌സ്, ഹെയർ, ഹ്യുവെ, ഹോണർ, വൺ പ്ലസ്, ലെനോവോ തുടങ്ങിയ നിരവധി ചൈനീസ് കമ്പനികൾ ഇന്ത്യയിൽ ശക്തമായ സാന്നിധ്യമാണ്. ഇവയിൽ പലതിന്റെയും ഉൽപ്പന്നങ്ങളാണ് ഇന്ത്യൻ വിപണി കീഴടക്കിയിരിക്കുന്നത്, പ്രത്യേകിച്ച് സ്മാർട്ട് ഫോണിന്റെ കാര്യത്തിൽ. പേ ടിഎമ്മിൽ പ്രമുഖ ചൈനീസ് കമ്പനിയായ അലിബാബയ്‌ക്ക് നിർണായകമായ ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റാർട്ടപ്പുകളാണ് ചൈനയുടെ ശ്രദ്ധേയമായ സാന്നിധ്യമുള്ള മറ്റൊരു രംഗം. ഇവയിൽ 400 കോടി ഡോളറിന്റെ ചൈനീസ് നിക്ഷേപമുണ്ട്. ഇന്ത്യയിലെ 30 യുണികോൺ കമ്പനിയിൽ 18 എണ്ണത്തെയും ഫണ്ട് ചെയ്തിരിക്കുന്നത് ചൈനയാണ്. (100 കോടി ഡോളറിന് മുകളിൽ നിക്ഷേപമൂല്യം കണക്കാക്കപ്പെടുന്ന സ്റ്റാർട്ടപ്പുകളാണ് യുണികോൺ കമ്പനികൾ) മലയാളി നേതൃത്വം നൽകുന്ന പ്രമുഖ സ്റ്റാർട്ടപ്പായ ബൈജൂസ്‌ ആപ്പിൽ  ചൈനീസ് കമ്പനിയായ  റ്റെൻസെന്റ് ഹോൾഡിങ്‌സിന് 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപമുണ്ട്.   ശ്രദ്ധേയമായ മറ്റൊരു ബിസിനസ് വസ്തുത, നിരവധി ഇന്ത്യൻ കമ്പനികൾക്ക് ചൈനയുമായി വലിയ തോതിൽ ഇടപാടുകൾ നടത്തുന്നുണ്ട് എന്നതാണ്.  ഇന്ത്യൻ കമ്പനികളുടെ ചൈനയിലെ  നേരിട്ടുള്ള നിക്ഷേപവും ഒട്ടും ചെറുതല്ല. അദാനി ഗ്ലോബൽ ലിമിറ്റഡ്, ഡോ. റെഡ്ഡീസ് ലാബ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബെമൽ, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ഗോദ്‌റെജ്‌ തുടങ്ങിയ കമ്പനികൾ ചൈനയിൽ നേരിട്ട് നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യൻ കമ്പനികളിൽ പ്രമുഖരാണ്. ഇന്ത്യൻ മാർക്കറ്റിലെ പല പോപ്പുലർ ബ്രാൻഡുകളും നിർമിക്കുന്നത് ആഗോള മാനുഫാക്ചറിങ് ഹബ് എന്ന് വിശേഷിപ്പിക്കാവുന്ന ചൈനയിലാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മരുന്നുനിർമാണ രാജ്യമാണ് ഇന്ത്യ. മൂല്യത്തിന്റെ കാര്യത്തിൽ പതിനാലാമതും. എന്നാൽ, ഈ മരുന്നുകളുടെ ഉൽപ്പാദനത്തിനാവശ്യമായ മൂന്നിലൊന്ന് ഘടകങ്ങളും ഇന്ത്യൻ കമ്പനികൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. രാജ്യസഭയിൽ സർക്കാർതന്നെ വ്യക്തമാക്കിയതാണ് ഇത്. ചൈനയിൽ നിന്നെത്തുന്ന ടൂറിസ്റ്റുകളും വളരെ പ്രധാനപ്പെട്ടതാണ്. ചൈനയിൽനിന്നുള്ള സഞ്ചാരികളുടെ പ്രതിവർഷ വളർച്ച 32.4 ശതമാനമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അതിർത്തിയിൽ സംഘർഷം ഉടലെടുക്കുക പതിവാണെങ്കിലും വ്യാപാരബന്ധങ്ങൾ അവസാനിപ്പിക്കുക എന്നത് തികച്ചും അപ്രായോഗികമായ ഒന്നാണ്. അത് ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ഏറെ പ്രതികൂലമായി ബാധിക്കും. 2018–-19 ലെ കണക്കുകൾപ്രകാരം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന മൊത്തം വ്യാപാരം 8800 കോടി ഡോളറിന്റേതാണ്. അതിൽ ഇന്ത്യ നേരിട്ട  വ്യാപാരകമ്മി 5350 കോടി ഡോളർ വരും. ഇന്ത്യക്ക്‌ ഏറ്റവുമധികം വ്യാപാര കമ്മിയുള്ള രാജ്യം ചൈനയാണ്. 2019 ഏപ്രിൽമുതൽ 2020 ഫെബ്രുവരി വരെയുള്ള കണക്കിൽ ഇത് 4680 കോടി ഡോളറാണ്.  ചൈനയുമായുള്ള വ്യാപാരത്തിൽ കൂടുതൽ നേട്ടം അവർക്കാണെന്നത് വസ്തുതയാണ്. കൂടുതൽ സ്വയംപര്യാപ്ത ആർജിച്ചുകൊണ്ട് വ്യാപാരകമ്മി കുറച്ചുകൊണ്ടുവരാനാണ് ശ്രദ്ധിക്കേണ്ടത്. ഇന്ത്യ–-ചൈന സംഘർഷം വളരെ ദൗർഭാഗ്യകരമായ ഒന്നാണ്. 20 ജവാന്മാർക്ക് ജീവൻ നഷ്ടമായതും നമുക്ക് ഏറ്റവും വേദനാജനകമാണ്. എന്നാൽ, അതിർത്തിപ്രശ്നങ്ങൾ വലിയ പ്രശ്നമായി മാറാതെ നയതന്ത്രപരമായിത്തന്നെ പരിഹരിക്കപ്പെടേണ്ട ഒന്നാണ്. പകരം വ്യാപാരബന്ധങ്ങൾ വേണ്ട എന്ന  നിലപാടെടുക്കുന്നത് രണ്ടു രാജ്യത്തിനും ഗുണകരമല്ല. അത്തരം വൈകാരിക പ്രതികരണങ്ങൾക്ക് പ്രശ്നപരിഹാരത്തിൽ  വലിയ പ്രസക്തിയില്ല. Read on deshabhimani.com

Related News