ജിഎസ്‌ടി വകുപ്പ് പുനഃസംഘടന ; നികുതി ഭരണത്തിൽ നിർണായക ചുവട്‌ - ധനമന്ത്രി കെ എൻ ബാലഗോപാൽ
 എഴുതുന്നു



സംസ്ഥാന ചരക്കുസേവന നികുതി (ജിഎസ്ടി) വകുപ്പ് സമൂലമായി പുനഃസംഘടിപ്പിച്ചു. കേരളത്തിലെ നികുതി ഭരണസംവിധാനത്തിലെ അതിനിർണായകമായ ചുവടുവയ്പാണിത്. 2017 മുതൽ രാജ്യത്ത് നടപ്പിൽ വന്ന ചരക്കുസേവന നികുതി നിയമനത്തിനനുസൃതമായി സംസ്ഥാനത്തെ നികുതി ഭരണസംവിധാനത്തെ പുനഃസംഘടിപ്പിക്കുകയെന്ന ദീർഘകാല ലക്ഷ്യമാണ് സാക്ഷാൽക്കരിക്കുന്നത്. 2023 ജനുവരി 10 മുതൽ പുനഃസംഘടന നടപ്പായി. പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 19-ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നിർവഹിക്കും. എൽഡിഎഫ്‌ സർക്കാരിന്റെ ഒരു വാഗ്ദാനംകൂടി ഇതോടെ നടപ്പാകും. രാജ്യത്താദ്യമായാണ് നികുതി ഭരണസംവിധാനം ഇത്തരത്തിൽ സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെട്ടത്. ടാക്സ് പേയർ സർവീസസ്, ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്സ്മെന്റ് എന്നിങ്ങനെ മൂന്നു ശ്രേണിയിലായി വകുപ്പിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെടും. ആധുനിക നികുതി ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർണയ രീതികളിലൊന്ന് ഓഡിറ്റാണ്. നിലവിൽ സംസ്ഥാന നികുതിവകുപ്പിന്റെ പരിശോധനാ രീതികളിൽ ഓഡിറ്റ് ഉൾപ്പെട്ടിരുന്നില്ല. ഓഡിറ്റ് പരിശോധന നമ്മുടെ നികുതി സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ കൂടുതൽ ശാസ്ത്രീയമായും കാര്യക്ഷമമായും നികുതി നിർണയിക്കാൻ കഴിയും.  സംസ്ഥാനത്ത് മുമ്പ് നിലവിലിരുന്ന നികുതി സമ്പ്രദായങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയിരുന്ന നികുതിവകുപ്പിന് പുതിയ രൂപവും ഭാവവും കൈവന്നു. പ്രൊഫഷണലായ പരിശീലനം ജീവനക്കാർക്ക് നൽകിയും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും നികുതിഭരണം മികവുറ്റതാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. നികുതി ചോർച്ച കുറച്ചും വെട്ടിപ്പ് തടഞ്ഞും നികുതി ഒടുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിയും കാര്യക്ഷമമായ നികുതി നിർവഹണം സാധ്യമാക്കാനുള്ള സുപ്രധാന നടപടിയാണ് പുനഃസംഘടന. ജിഎസ്ടി നിയമം 2017 2017 ജൂലൈയിൽ ജിഎസ്ടി നിയമം നടപ്പായതോടെ ഒരു പുതിയ നികുതി സമ്പ്രദായത്തിനാണ് രാജ്യത്ത് തുടക്കമായത്. ചരക്കുകളുടെയും സേവനങ്ങളുടെയും മേൽ ചുമത്തിയിരുന്ന പരോക്ഷ നികുതികളെല്ലാം ഒരു കുടക്കീഴിലാകുകയും നികുതി നിർണയാവകാശം സംസ്ഥാനങ്ങളിൽനിന്ന്‌ എടുത്തുമാറ്റപ്പെടുകയും ചെയ്തു. കേന്ദ്രത്തിന് നിർണായക ഭൂരിപക്ഷമുള്ള ജിഎസ്ടി കൗൺസിലാണ് ചരക്കുസേവന നികുതിയുടെ മേൽ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന അധികാരകേന്ദ്രം. പെട്രോളിയം ഉൽപ്പന്നങ്ങൾ, മദ്യം എന്നിങ്ങനെ ചുരുക്കം ചില ചരക്കുകളുടെ മേൽ നികുതി പിരിക്കാനുള്ള അധികാരം മാത്രമേ ഇന്ന് സംസ്ഥാനങ്ങൾക്കുള്ളൂ. പതിനഞ്ചാം ധന കമീഷന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ വരുമാനത്തിന്റെ 62.7 ശതമാനം കേന്ദ്രത്തിനാണ്. ചെലവിന്റെ കാര്യത്തിലാകട്ടെ, 62.4 ശതമാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാൽ, ജിഎസ്ടി വരുമാനത്തിന്റെ നേർപകുതി കേന്ദ്രത്തിനാണ്. ഇത് അസന്തുലിതമായ അനുപാതമാണ്. സംസ്ഥാനത്തുനിന്ന്‌ പിരിക്കുന്ന നികുതിക്ക് ആനുപാതികമായ കേന്ദ്രവിഹിതം കേരളത്തിന്‌ ഉൾപ്പെടെ നിഷേധിക്കപ്പെടുന്നു. നീതിയുക്തമായ വിഭവവിതരണം രാജ്യത്ത് നടക്കുന്നില്ല.  ഇത് ഭരണഘടനാ മൂല്യങ്ങൾക്കും കോ–--ഓപ്പറേറ്റീവ് ഫെഡറലിസത്തിനും എതിരാണ്.  നികുതി വിഹിതത്തിലെ കുറവ്, റവന്യു കമ്മി ഗ്രാന്റിൽ വന്ന കുറവ്, ജിഎസ്‌ടി നഷ്ട പരിഹാരം നിർത്തലാക്കിയത്, കടമെടുപ്പ്‌ പരിധി കുറച്ചത്, കടമെടുപ്പിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നത് എന്നിവ കാരണം ഏകദേശം 40000 കോടി രൂപയോളം കുറവാണ് കേരളത്തിന് അർഹമായ വരുമാനത്തിൽ ഈ വർഷം വരുന്നത്. ഇത് സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. കോവിഡിന്റെ ഭാഗമായി തനതുവരുമാനത്തിൽ സംസ്ഥാനത്തിനുണ്ടായ കുറവിൽനിന്ന് നാം കരകയറി വരുന്നതേയുള്ളൂ. അർഹമായ കടംപോലും  നിഷേധിക്കപ്പെടുകയാണ്.  ബജറ്റിന് പുറത്ത് സംസ്ഥാനം രൂപീകരിച്ചിട്ടുള്ള കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ കടം സംസ്ഥാനത്തിന്റെ പൊതു കടത്തിന്റെ ഭാഗമായി പരിഗണിക്കണമെന്ന പുതിയ കേന്ദ്ര നിലപാടിന്റെ ഭാഗമായി മൂവായിരത്തിഅഞ്ഞൂറി-ലധികം കോടിയുടെ കുറവ് നടപ്പുവർഷം വരുമാനത്തിലുണ്ടായിരിക്കുകയാണ്. അതുകൂടാതെ റവന്യു ഡെഫിസിറ്റ് ഗ്രാന്റിൽ 6716 കോടി രൂപയുടെ കുറവും കേന്ദ്രം വരുത്തിയിരിക്കുന്നു. നടപ്പുവർഷം 13,000 കോടിയുടെ അധിക വരുമാനം മഹാമാരിയുടെ പ്രതിസന്ധിയിൽനിന്ന്‌ സംസ്ഥാന സമ്പദ്‌വ്യവസ്ഥ കരകയറുകയാണ്. കൃത്യമായ സർക്കാർ ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിന്റെ വരുമാനത്തിൽ 13,000 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്.  ഈ മികച്ച പ്രവർത്തനം കൂടുതൽ ഉണർവോടെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ ആകെ ചരക്കുസേവന വിനിമയങ്ങൾക്കനുസൃതമായ നികുതി വരുമാനം ചോർച്ചയില്ലാതെ പിരിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്കടുക്കാൻ സംസ്ഥാന ജിഎസ്ടി വകുപ്പിലെ പുനഃസംഘടന ഉപകരിക്കും. ചെക്ക് പോസ്റ്റുകൾ ഇല്ലാതായതോടെ അതിർത്തികളിലൂടെ ഉണ്ടാകാനിടയുള്ള നികുതി വെട്ടിപ്പ് തടയുന്നതിന് ആധുനിക സംവിധാനങ്ങളുള്ള സിസിടിവി കാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വകുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സമൂലമായ മാറ്റമാണ് ഉദ്യോഗസ്ഥതലത്തിൽ വരുത്തിയിട്ടുള്ളത്. 24 ഡെപ്യൂട്ടി കമീഷണർമാരുടെയും 380 അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരുടെയും തസ്തികകൾ പുതുതായി സൃഷ്ടിച്ചു. 31 ടാക്സ് പേയർ ഡിവിഷനും 94 ടാക്സ് പേയർ യൂണിറ്റും ഏഴ്‌ ഓഡിറ്റ് സോണും 41 ഇന്റലിജൻസ് യൂണിറ്റും 47 എൻഫോഴ്സ്മെന്റ് യൂണിറ്റും നിലവിൽ വന്നു. ജിഎസ്ടി നഷ്ടപരിഹാരം രാജ്യം ജിഎസ്ടി സംവിധാനത്തിലേക്ക് മാറിയപ്പോൾ സംസ്ഥാന സർക്കാരുകൾക്ക് സ്വന്തം നികുതി വരുമാനത്തിൽ 52 ശതമാനം ത്യജിക്കേണ്ടി വന്നു. കേന്ദ്ര സർക്കാരിനാകട്ടെ കേവലം 28 ശതമാനം നഷ്ടം മാത്രമാണുണ്ടായത്.  സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനാണ് ജിഎസ്ടി നഷ്ടപരിഹാരം നൽകിവന്നിരുന്നത്.  എന്നാൽ 2022 ജൂൺ മുപ്പതോടെ കേന്ദ്രം അത്‌ അവസാനിപ്പിച്ചിരിക്കുകയാണ്. ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ജിഎസ്ടി  കൗൺസിൽ യോഗങ്ങളിൽ ബിജെപി ഭരിക്കുന്നതുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  നഷ്ടപരിഹാരം തുടരണമെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര നികുതി വരുമാനത്തിന്റെ സംസ്ഥാനങ്ങൾക്കുള്ള പങ്ക് (ഡിവിസിബിൾ പൂൾ) ന്യായമായി വീതംവയ്ക്കുന്നില്ല എന്നത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദീർഘനാളായി ഉന്നയിക്കുന്ന പ്രശ്നമാണ്. പത്താം ധന കമീഷന്റെ കാലത്ത് ഡിവിസിബിൾ പൂളിന്റെ 3.875 ശതമാനമായിരുന്നു കേരളത്തിനുള്ള വിഹിതമെങ്കിൽ, നിലവിൽ പതിനഞ്ചാം ധന കമീഷന്റെ കാലത്ത് അത് 1.925 ശതമാനമായി കുറച്ചിരിക്കുന്നു. ഇതിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് പ്രതിവർഷം സംസ്ഥാനത്തിനുണ്ടാകുന്നത്. സംസ്ഥാനങ്ങൾ നേരിടുന്ന ഒന്നാം തലമുറ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്രവിഹിതത്തിന്റെ പങ്ക് തീരുമാനിക്കപ്പെടുന്നത്. കേരളം നേരിടുന്നത് വികസനത്തിന്റെ രണ്ടാം തലമുറ പ്രശ്നങ്ങളാണ്.  അത് കേന്ദ്ര മാനദണ്ഡങ്ങളിൽപ്പെടുന്നില്ല എന്നതും നമ്മൾ കൈവരിച്ച മാനവശേഷി വികസനം നമ്മുടെ അയോഗ്യതയായി പരിഗണിക്കപ്പെടുന്നുവെന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണ്.   കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ കേരളം തഴയപ്പെടുന്നു. രാജ്യത്തിന്റെ പൊതു വരുമാനം ഉപയോഗപ്പെടുത്തി രൂപീകരിക്കുന്ന വൻകിട വികസന പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിൽ കേരളം ഏറ്റവും പിന്നിലാണ്.  ഈ അവഗണന ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സൗഹാർദത്തിലും പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ സഹവർത്തിത്വം ഭരണനിർവഹണത്തിൽ സുപ്രധാനമാണ്.  അതുകൊണ്ടുതന്നെ സാമ്പത്തിക ഫെഡറൽ തത്വങ്ങൾ നീതിയുക്തമായി പാലിക്കപ്പെടേണ്ടതുണ്ട്. ആസൂത്രണ കമീഷൻ നിലവിലുണ്ടായിരുന്ന കാലത്ത് പണം എങ്ങനെ വീതംവയ്ക്കണം എന്നതിൽ സംസ്ഥാനങ്ങൾക്ക് കുറെയൊക്കെ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നു. നിതി ആയോഗ് നിലവിൽ വന്നതോടെ അതും ഇല്ലാതായി. ബിജെപിയിതര സർക്കാരുകളുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കാട്ടുന്ന അവഗണന, മറ്റ് സംസ്ഥാനങ്ങളെയും ഒപ്പംകൂട്ടി രാജ്യം ശ്രദ്ധിക്കുന്ന ചർച്ചയാക്കി മാറ്റാൻ കേരളം ശ്രമിക്കുകയാണ്.  ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടന സമഗ്രമാണെന്ന് പറഞ്ഞുവല്ലോ. നികുതി നമുക്കും നാടിനുമെന്ന ബോധം ഉൾക്കൊണ്ട് സമൂഹത്തിനെയാകെ നികുതി ചുമതലാബോധമുള്ളവരാക്കുകയെന്ന ലക്ഷ്യവും സർക്കാരിനുണ്ട്. ജിഎസ്ടി കൃത്യമായി ഒടുക്കാൻ ജനങ്ങളെ ബോധവാൻമാരാക്കുകയെന്ന ഉദ്ദേശ്യത്തോടെ ലക്കി ബിൽ മൊബൈൽ ആപ് സർക്കാർ ആരംഭിച്ചിരുന്നു.  രാജ്യത്തെ ഏറ്റവും മികച്ച നികുതി ഭരണസംവിധാനം നിലനിൽക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതുകൂടിയാണ് ഈ പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നത്. വകുപ്പിന്റെ ഘടനയും പ്രവർത്തന സ്വഭാവവും ജീവനക്കാരുടെ മനോഭാവവുമുൾപ്പെടെ പരിഷ്‌കരിച്ച് ആധുനികവും മാനവികവുമായ നികുതി ഭരണം സംസ്ഥാനത്ത് നടപ്പാക്കുയെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനാകുമെന്ന ശുഭപ്രതീക്ഷയാണ് സർക്കാരിനുള്ളത്. Read on deshabhimani.com

Related News