ക്ഷീണകാല ഹൈക്കമാൻഡും ഗെലോട്ടും



ഹൈക്കമാൻഡിന്റെ പ്രതിനിധി വരുന്നുവെന്ന്‌ കേട്ടാൽ കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ ഞെട്ടിവിറച്ചിരുന്ന കാലമുണ്ടായിരുന്നു. ജി കെ മൂപ്പനാർ, എം എൽ ഫൊത്തേദാർ, ബൂട്ടാസിങ്‌, സീതാറാം കേസരി, അഹമ്മദ്‌ പട്ടേൽ തുടങ്ങിയ ദൂതന്മാർ സംസ്ഥാന തലസ്ഥാനങ്ങളിൽ എത്തിയിരുന്നത്‌ ഹൈക്കമാൻഡ്‌ തീരുമാനം കോൺഗ്രസ്‌ നിയമസഭാ കക്ഷിയിൽ അവതരിപ്പിച്ച്‌  അതിനനുസൃതമായ ഒറ്റവരി പ്രമേയം പാസാക്കിയെടുക്കാനായിരുന്നു. എത്ര കൊലകൊമ്പനായ മുഖ്യമന്ത്രിയായാലും ഹൈക്കമാൻഡിന്‌ അനിഷ്‌ടം തോന്നിയാൽ തെറിക്കും. പ്രാഗത്ഭ്യമോ ജനപിന്തുണയോ മാനദണ്ഡമല്ല. ഹൈക്കമാൻഡിനോടുള്ള വിധേയത്വവും കൂറും മാത്രമാണ്‌ നിർണായകം. അടിയന്തരാവസ്ഥയിൽ സഞ്‌ജയ്‌ ഗാന്ധി, ആർ കെ ധവാൻ, ബൻസിലാൽ ത്രയമാണ്‌  മുഖ്യമന്ത്രിമാരെ നിയന്ത്രിച്ചിരുന്നത്‌. ഏതെങ്കിലും മുഖ്യമന്ത്രിയുടെ കൂറിൽ സംശയം ഉണ്ടായാൽ അവരെ ഉടൻ മാറ്റുകയും കൂടുതൽ വിധേയത്വം പ്രകടിപ്പിക്കുന്നവരെ തൽസ്ഥാനങ്ങളിൽ നിയോഗിക്കുകയും ചെയ്യുമായിരുന്നു. രാജീവ്‌ ഗാന്ധിയുടെ കാലത്തും മുഖ്യമന്ത്രിമാരെയും സംസ്ഥാനങ്ങളിലെ പ്രമുഖനേതാക്കളെയും ഹൈക്കമാൻഡ്‌ വിരട്ടി നിർത്തി.  ഒന്നും രണ്ടും  യുപിഎ സർക്കാരുകളുടെ  കാലത്ത്‌ കോൺഗ്രസ്‌ മുഖ്യമന്ത്രിമാരെ മാറ്റിപ്രതിഷ്‌ഠിക്കുന്നതിൽ കോർപറേറ്റ്‌ ഇടപെടലുകളുമുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ തകർന്നടിഞ്ഞതിന്റെ കാരണങ്ങളിൽ ഇതും പ്രധാനമാണ്‌. കാലം മാറുകയും കോൺഗ്രസ്‌ തളരുകയും ചെയ്‌തതോടെ ഹൈക്കമാൻഡിന്റെ  വീര്യവും  ശൗര്യവും  ചോർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും ദയനീയ പരാജയം ഏറ്റുവാങ്ങിയ പാർടിയെ രാഷ്‌ട്രീയ ഇച്ഛാശക്തിയോടെ നയിക്കാൻ ആരുമില്ല. സോണിയ കുടുംബഭക്തരായ ചിലർ ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുന്നു. ദീർഘവീക്ഷണത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ല. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കണ്ടെത്തുന്ന മുട്ടുശാന്തി  നടപടികൾ സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഏറ്റവും ഒടുവിൽ അസമിലും ഹരിയാനയിലും പഞ്ചാബിലും കോൺഗ്രസിനെ തകർത്തത്‌ ഇത്തരം തീരുമാനങ്ങളാണ്‌. ഇതിന്റെ തനിയാവർത്തനമാണ്‌ രാജസ്ഥാനിൽ. സോണിയകുടുംബത്തിന്റെ വിശ്വസ്‌തരിൽ പ്രധാനിയായിരുന്നു അശോക്‌ ഗെലോട്ട്‌. രാഹുലിനും പ്രിയങ്കയ്‌ക്കും കുടുംബത്തിലെ കാരണവരെപ്പോലെ ആയിരുന്നു അദ്ദേഹം. എഐസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ ഗെലോട്ടിനെ ഇരുത്താൻ തീരുമാനിച്ചത്‌  ഈ  ബന്ധത്തിന്റെ പേരിൽ മാത്രമായിരുന്നു. ദേശീയരാഷ്‌ട്രീയത്തിൽ ഇടപെടാൻ ഇദ്ദേഹത്തേക്കാൾ ശേഷിയുള്ള പലരെയും തഴഞ്ഞാണ്‌ ഈ തീരുമാനം എടുത്തത്‌. ക്ഷയിച്ച പാർടിയുടെ അധ്യക്ഷനായി  വരുന്നതിനേക്കാൾ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാനായിരുന്നു  ഗെലോട്ടിന്‌ താൽപ്പര്യം. പാർടി പ്രസിഡന്റ്‌ പദവിയിൽ താൻ കളിപ്പാവ മാത്രമായിരിക്കുമെന്നും അദ്ദേഹത്തിന്‌ ബോധ്യമുണ്ടായിരുന്നു. എഐസിസി പ്രസിഡന്റ്‌ സ്ഥാനാർഥിയായി മത്സരിക്കാൻ  സോണിയകുടുംബത്തോട്‌ സമ്മതം മൂളിയശേഷം ജയ്‌പുരിൽ വെടിപൊട്ടിക്കാൻ അനുയായികൾക്ക്‌ ഗെലോട്ട് നിർദേശം നൽകിയത്‌ ആകസ്‌മികമല്ലെന്ന്‌ അർഥം. ഗെലോട്ട്‌ ഒഴിയുന്ന സ്ഥാനത്ത്‌ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം നടപ്പാക്കിയെടുക്കാൻ ജയ്‌പുരിലേക്ക്‌ പോയ മല്ലികാർജുൻ ഖാർഗെയും അജയ്‌ മാക്കനും അപമാനിതരായി മടങ്ങിയത്‌ ഹൈക്കമാൻഡിനെ ഞെട്ടിച്ചുവെന്നാണ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തത്. നിയമസഭാ കക്ഷിയോഗം ചേരാൻ മുഖ്യമന്ത്രിയുടെ വസതിയിൽ കാത്തിരുന്ന ഹൈക്കമാൻഡ്‌ പ്രതിനിധികൾക്കു മുന്നിൽ ഗെലോട്ട്‌പക്ഷം ഉപാധികൾവച്ചു. എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ ഗെലോട്ട്‌ മുഖ്യമന്ത്രിയായി തുടരണം. സച്ചിൻ പൈലറ്റ്‌ പക്ഷത്തുള്ള ആരെയും മുഖ്യമന്ത്രിയാക്കരുത്, എംഎൽഎമാരെ  ഓരോരുത്തരെയായി കാണാനുള്ള ഹൈക്കമാൻഡ്‌ പ്രതിനിധികളുടെ തീരുമാനം അംഗീകരിക്കില്ല–-എന്നിവയായിരുന്നു ഉപാധികൾ. നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ ഗെലോട്ട്‌പക്ഷ എംഎൽഎമാർ മന്ത്രി ശാന്തി ധരിവാളിന്റെ വസതിയിൽ യോഗം ചേരുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നു.  പിന്നീട്‌ ഗെലോട്ടും പിസിസി അധ്യക്ഷൻ ഗോവിന്ദ്‌ സിങ്‌ ദൊസ്‌താരയും ഹോട്ടലിലെത്തി ഖാർഗെയെയും മാക്കനെയും കണ്ടെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടായില്ല. ഗെലോട്ട്‌ പക്ഷക്കാരായ 92 എംഎൽഎമാർ  സ്‌പീക്കർ സി പി  ജോഷിക്ക്‌ രാജിക്കത്തും നൽകി. ഇതുവഴി ഗെലോട്ട്‌ വ്യക്തമായ സന്ദേശമാണ്‌ ഹൈക്കമാൻഡിന്‌ നൽകിയത്‌. നിയമസഭാ കക്ഷിയിൽ വൻഭൂരിപക്ഷവും തനിക്കൊപ്പമാണ്‌, വേണ്ടിവന്നാൽ പാർടി പിളർത്താനും മടിക്കില്ല. താൻ എഐസിസി  പ്രസിഡന്റായി വരികയാണെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി ആരാകണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം സോണിയകുടുംബത്തിന്‌ വിട്ടുകൊടുക്കില്ല. ഫലത്തിൽ,  എഐസിസി  പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വരാനുള്ള വഴി സ്വയം അടയ്‌ക്കുകയാണ്‌ ഗെലോട്ട്‌ ചെയ്‌തത്‌. ഇതിൽ ക്ഷുഭിതരായ ഹൈക്കമാൻഡ്‌  ഗെലോട്ടിനെതിരെ ഉടൻ നടപടി എടുക്കുമെന്ന്‌ വാർത്തകൾ പരന്നു. ജയ്‌പുരിലേക്ക്‌ പോയ നിരീക്ഷകരോട്‌ ഹൈക്കമാൻഡ്‌ റിപ്പോർട്ട്‌ തേടി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഗെലോട്ടിനെതിരെ അച്ചടക്കനടപടി ആത്മഹത്യാപരമാണെന്ന്‌ ഹൈക്കമാൻഡിന്‌ അറിയാമായിരുന്നു. ഇതു മനസ്സിലാക്കിയുള്ള റിപ്പോർട്ടാണ്‌ നിരീക്ഷകർ നൽകിയത്‌. വിമതകലാപത്തിന്‌ ഉത്തരവാദികളായി  ശാന്തി ധരിവാൾ, പ്രതാബ്‌ സിങ്‌ കച്ചരിയവാസ്‌, മഹേഷ് ജോഷി എന്നീ മന്ത്രിമാരെ കണ്ടെത്തുകയും ഗെലോട്ടിനെ കുറ്റവിമുക്തനാക്കുകയും ചെയ്‌തു. പിന്നാലെ ഡൽഹിയിലെത്തിയ ഗെലോട്ട്‌ സോണിയ ഗാന്ധിയെ കണ്ട്‌  എംഎൽഎമാരുടെ കലാപത്തിൽ തനിക്ക്‌ പങ്കില്ലെന്ന്‌ ആവർത്തിച്ചു. എംഎൽഎമാരുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന്‌ മാധ്യമപ്രവർത്തകരോടും ഗെലോട്ട്‌ പറഞ്ഞു. എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി. ഹൈക്കമാൻഡിന്റെ മുഖം രക്ഷിക്കാനാണ്‌ ഈ നാടകം കളിയെന്ന്‌ വ്യക്തമാണ്‌.   രാജ്യത്തെ ഒന്നിപ്പിക്കാനെന്ന പേരിൽ നടത്തുന്ന ‘ഭാരത്‌ ജോഡോ’ യാത്രയുടെ അർഥംതന്നെ നഷ്ടപ്പെടാൻ രാജസ്ഥാൻ സംഭവവികാസങ്ങൾ ഇടയാക്കി. നേതാക്കളെ ഒരുമിപ്പിക്കാൻ കഴിയാത്ത കോൺഗ്രസ്‌ രാജ്യത്തെ എങ്ങനെയാണ്‌ ഒന്നിപ്പിക്കുന്നതെന്ന ചോദ്യം ഉയർന്നു. എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നീട്ടിവച്ചശേഷം ജോഡോ യാത്ര നിശ്‌ചയിച്ചിരുന്നതിലും നേരത്തേ തുടങ്ങി. രാഹുൽ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള താൽപ്പര്യങ്ങളാണ്‌ ഇതിനു  കാരണമായതെന്ന്‌ വിലയിരുത്തലുകൾ വന്നിരുന്നു. ഏതായാലും ഹൈക്കമാൻഡിന്റെയും ഉപജാപകരുടെയും കണക്കുകൂട്ടലുകൾ തെറ്റുകയും ഗെലോട്ടിന്റെ സൂത്രവിദ്യ വിജയിക്കുകയും ചെയ്‌തു. രാജസ്ഥാനിൽ കോൺഗ്രസിന്‌ ഇത്‌ കുഴപ്പങ്ങളുടെ തുടക്കം മാത്രമാണ്‌. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷം മുമ്പെങ്കിലും മുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന്‌ സച്ചിൻ പൈലറ്റിന്‌ രാഹുലും പ്രിയങ്ക ഗാന്ധിയും വാക്ക്‌ നൽകിയിരുന്നു. അത്‌ പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ  2023ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ രാജസ്ഥാനിൽ കുഴയും. കോൺഗ്രസ്‌ മുഖ്യമന്ത്രിയുള്ള രണ്ടാമത്തെ സംസ്ഥാനമായ ഛത്തീസ്‌ഗഢിലും പുകയുന്ന അഗ്നിപർവതത്തിന്‌ സമാനമായ സ്ഥിതിയാണ്‌. Read on deshabhimani.com

Related News