ബദൽനയത്തിനായുള്ള മഹാപ്രസ്ഥാനം



കർഷകസമരം എത്രനാൾ തുടരും? കർഷകർക്ക്‌ എത്രകാലം സമരം ചെയ്യാൻ കഴിയും? സർക്കാർ അടിച്ചമർത്തില്ലേ? കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ഡൽഹിയിൽ മാധ്യമപ്രവർത്തകർ ഈ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. കാർഷികനിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ്‌ സംയുക്ത കിസാൻ മോർച്ച(എസ്‌കെഎം) നേതാക്കൾ പ്രതികരിച്ചിരുന്നത്‌. ഡൽഹി അതിർത്തിയിൽ സമരം പത്ത്‌ മാസം പിന്നിട്ടപ്പോൾ കർഷകനേതാക്കളുടെ വാക്കുകൾക്ക്‌ വിശ്വാസ്യത വർധിക്കുകയാണ്‌. ആളിക്കത്തിയും അമർന്ന്‌ കത്തിയും വീണ്ടും ആളിപ്പടർന്നും കർഷകപ്രക്ഷോഭം മുന്നോട്ടുപോകുന്നു. കോർപറേറ്റ്‌ ശിങ്കിടി ഭരണത്തിനെതിരായ മഹാപ്രസ്ഥാനമായി കർഷകപ്രക്ഷോഭം വളർന്നിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗവും കർഷകരെ പിന്തുണച്ച്‌ രംഗത്തുവന്നിട്ടുണ്ട്‌. കാർഷികമേഖലയിൽ നടപ്പാക്കേണ്ട ബദൽനയങ്ങളും കർഷകർ മുന്നോട്ടുവച്ചിട്ടുണ്ട്‌. യഥാർഥത്തിൽ ഡൽഹിയിൽ പത്ത്‌ മാസം മുമ്പോ പഞ്ചാബിൽ ഒരു വർഷം മുമ്പോ രൂപംകൊണ്ടതല്ല ഈ പ്രക്ഷോഭം. നവഉദാരനയങ്ങൾക്കെതിരായി രാജ്യത്ത്‌ ദശകങ്ങളായി നടക്കുന്ന സമരത്തിന്റെ തുടർച്ചയാണിത്‌. 2014 മേയിൽ അധികാരമേറ്റ മോദിസർക്കാരിന്റെ കർഷകദ്രോഹനയങ്ങൾക്കെതിരായി 2015 ജനുവരിയിൽ കർഷകർ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസിനെതിരെ അഖിലേന്ത്യ കിസാൻസഭ മുൻകൈയെടുത്ത്‌ രൂപീകരിച്ച ഭൂമി അധികാർ ആന്ദോളൻ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം വിജയം കാണുകയും ചെയ്‌തു. കേന്ദ്രം ഓർഡിനൻസ്‌ പിൻവലിച്ചു. തുടർന്ന്‌, നാല്‌ വർഷം കാർഷികവിളകൾക്ക്‌ ന്യായവില, കാർഷികകടങ്ങൾ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ രാജ്യവ്യാപകമായി വിപുലമായ സമരങ്ങൾ അരങ്ങേറി. വിളകൾക്ക്‌ ന്യായവില കിട്ടാതായതോടെ 2017ൽ മധ്യപ്രദേശിലെ മന്ദ്‌സോറിൽ കർഷകർ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങി. അക്കൊല്ലം ജൂൺ ആറിന്‌ കർഷകർക്കു നേരെ പൊലീസ്‌ നടത്തിയ വെടിവയ്‌പിൽ ആറു പേർ കൊല്ലപ്പെട്ടു. കിസാൻസഭ നേതാക്കൾ മന്ദ്‌സോർ സന്ദർശിച്ച്‌ കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി. ജൂൺ 28ന്‌ ഡൽഹിയിൽ 108 കർഷകസംഘടനയുടെ യോഗം ചേർന്നു. അഖിലേന്ത്യ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിക്ക്‌ രൂപം നൽകി. അക്കൊല്ലം നവംബറിൽ ഡൽഹിയിൽ പതിനായിരക്കണക്കിനുപേർ പങ്കെടുത്ത കർഷക പാർലമെന്റ്‌ ചേർന്നു. വിളകൾക്ക്‌ ആദായ വില ഉറപ്പാക്കുക, ഒറ്റത്തവണത്തേക്ക്‌ എല്ലാ കാർഷികകടവും എഴുതിത്തള്ളുക എന്നീ ആവശ്യങ്ങൾ നടപ്പാക്കാൻ ഉതകുന്ന ബില്ലുകൾക്ക്‌ കർഷക പാർലമെന്റ്‌ രൂപം നൽകി. രാഷ്ട്രീയപാർടികളുടെ യോഗം വിളിച്ച്‌ അവർക്കു മുന്നിൽ ബില്ലുകൾ അവതരിപ്പിച്ചു. രാജ്യസഭയിൽ കെ കെ രാഗേഷും ലോക്‌സഭയിൽ രാജു ഷെട്ടിയും സ്വകാര്യബില്ലുകളായി ഇവ കൊണ്ടുവന്നു. 2018 നവംബറിൽ ഡൽഹിയിൽ നടന്ന കിസാൻ വിമുക്തി മാർച്ചിൽ ലക്ഷത്തോളം കർഷകർ അണിനിരന്നു. 2018ൽ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ അധികാരം നഷ്ടപ്പെട്ടു. കർഷകരോഷം തിരിച്ചറിഞ്ഞ മോദിസർക്കാർ 2019ലെ താൽക്കാലിക ബജറ്റിൽ കർഷകർക്ക്‌ പ്രതിവർഷം ആറായിരം രൂപ ധനസഹായംപോലുള്ള പ്രഖ്യാപനങ്ങൾ നടത്തി. മോഹനവാഗ്‌ദാനങ്ങളുടെയും വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുള്ള പ്രചാരണത്തിന്റെയും ഫലമായി അധികാരത്തിൽവന്ന രണ്ടാം മോദിസർക്കാർ കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ തീറെഴുതാൻ നിയമങ്ങൾ കൊണ്ടുവരികയാണ്‌ ചെയ്‌തത്‌. ലോകമുതലാളിത്തം നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമായി രാജ്യത്തെ വൻകിട കോർപറേറ്റുകളും കടുത്ത പ്രശ്‌നത്തിലാണ്‌. രാജ്യാന്തര ധനമൂലധനവുമായി സഹകരിച്ച്‌ രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും വർധിച്ച തോതിൽ ചൂഷണംചെയ്‌ത്‌ ഈ പ്രതിസന്ധി പരിഹരിക്കാൻ കോർപറേറ്റുകൾക്ക്‌ സൗകര്യം ഒരുക്കുകയാണ്‌ മോദിയും കൂട്ടരും. റിലയൻസ്‌ ജിയോ വിപണി പിടിച്ചെടുത്തത്‌ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ്‌ പഞ്ചാബിലെ കർഷകർ കാർഷികനിയമങ്ങൾക്കെതിരെ രംഗത്തുവന്നത്‌. തുടക്കത്തിൽ സൗജന്യങ്ങൾ വാഗ്‌ദാനംചെയ്‌ത്‌ വിപണി പിടിച്ചെടുക്കുകയും കുത്തക സ്ഥാപിച്ചശേഷം നിരക്കുകൾ ഉയർത്തുകയുമാണ്‌ ജിയോ ചെയ്‌തത്‌. അതുപോലെ അനിയന്ത്രിതമായ തോതിൽ കാർഷികവിളസംഭരണത്തിന്‌ കോർപറേറ്റുകൾക്ക്‌ അനുമതി നൽകിയാൽ തുടക്കത്തിൽ മെച്ചപ്പെട്ട വില ലഭിച്ചെന്നുവരാം. കോർപറേറ്റുകൾ രംഗം കീഴടക്കുന്നതോടെ പ്രാഥമിക കാർഷികോൽപ്പന്ന വിപണികൾ നിശ്‌ചലമാകും. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന്‌ 19 പ്രതിപക്ഷകക്ഷി സംയുക്തപ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ പാർലമെന്റ്‌ സമ്മേളനത്തിൽ പെഗാസസ്‌ ചാരവൃത്തിക്ക്‌ തുല്യമായി പ്രതിപക്ഷം ഉയർത്തിയ വിഷയം കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യമായിരുന്നു. രാജ്യത്തെ ഭാവി രാഷ്ട്രീയഗതിയെ സ്വാധീനിക്കുന്ന നിർണായക സംഭവവികാസമായി കർഷകപ്രക്ഷോഭം മാറിയിരിക്കുകയാണ്‌. ഇതിലെ സുപ്രധാന നാഴികക്കല്ലാണ്‌ തിങ്കളാഴ്‌ച നടക്കുന്ന ഭാരത്‌ ബന്ദ്‌. Read on deshabhimani.com

Related News