നിലം പൂത്തുവിടർന്ന നാൾ; തൊഴിലാളി+കർഷകര്‍ = ജയം



ന്യൂഡൽഹി ഒരു വർഷം നീണ്ട ഐതിഹാസിക കർഷക സമരം രണ്ട്‌ കാരണത്താൽ സവിശേഷം. ഒന്ന്‌, 1991ൽ കോർപറേറ്റ്‌ അനുകൂല സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ കോൺഗ്രസ്‌ സർക്കാർ തുടക്കം കുറിച്ചശേഷം ഇതാദ്യമായി വലതു സ്വകാര്യവൽക്കരണ ലോബിക്ക്‌ ജനകീയ സമരം കനത്ത തിരിച്ചടിയേകി. രണ്ട്‌, രാജ്യത്ത്‌ ആദ്യമായി ഉൽപ്പാദകരായ തൊഴിലാളികളും കർഷകരും കൈകോർത്ത സമരം വൻകിട കുത്തകകൾക്കും അവരുടെ അഭ്യുദയകാംക്ഷികളായ വലതു രാഷ്ട്രീയ പാർടികൾക്കും പ്രഹരമേൽപ്പിച്ചു. ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിൽ നിർണായകമായ ദിശാമാറ്റത്തിനുകൂടി കർഷക സമരത്തിൽ ഉരുത്തിരിഞ്ഞ ഈ രണ്ട്‌ ഘടകം കാരണമാവാം. സിപിഐ എം പാർടി പരിപാടിയിൽ തൊഴിലാളി- കർഷക ഐക്യത്തിന്റെ അനിവാര്യതയെക്കുറിച്ച്‌ പ്രത്യേകം പരാമർശിക്കുന്നു. തൊഴിലാളി- കർഷക ഐക്യത്തിലൂടെ തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ എല്ലാ ജന്മി, കുത്തക, സാമ്രാജ്യത്വവിരുദ്ധ ശക്തികളുടെയും സഖ്യത്തിലുള്ള ജനകീയ ജനാധിപത്യ സ്ഥാപനം അടിയന്തരലക്ഷ്യമാണ്‌. കർഷക സമരത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്‌ ജനകീയ ജനാധിപത്യത്തിൽ ഏറ്റവും നിർണായകമായ തൊഴിലാളി- കർഷക ഐക്യമാണ്‌. 1991 മുതൽ കേന്ദ്രത്തിൽ മാറിമാറി വന്ന കോൺഗ്രസ്‌-ബിജെപി സർക്കാരുകൾ വൻകിടക്കാർക്കുമാത്രം ഗുണം ചെയ്യുന്ന സാമ്പത്തികപരിഷ്‌കാര നയങ്ങളെയാണ്‌ ചേർത്തുപിടിച്ചത്‌. രാജ്യത്തെ കോടിക്കണക്കായ തൊഴിലാളികൾക്കും കർഷകർക്കും കർഷക തൊഴിലാളികൾക്കും സാധാരണ ജീവനക്കാർക്കും ചെറുകിട വ്യാപാരികൾക്കും- വ്യവസായികൾക്കുമെല്ലാം ഈ നയങ്ങൾ സൃഷ്ടിച്ച ദോഷം ചില്ലറയല്ല. ചെറുത്തുനിൽപ്പുകൾ ഉയർന്നെങ്കിലും കോർപറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന വലതുമാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ കോൺഗ്രസും ബിജെപിയും ദ്രോഹ നടപടികൾ തുടർന്നു. രണ്ടാം മോദി സർക്കാർ വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നതോടെ കോർപറേറ്റ്‌ നയങ്ങൾക്ക്‌ തീവ്രതയേറി. രാജ്യത്തിന്റെ പൊതുസ്വത്ത്‌ അപ്പാടെ വിറ്റഴിക്കാൻ നീക്കം തുടങ്ങി. കൃഷിഭൂമിയടക്കം കുത്തകകൾക്ക്‌ കൈമാറുകയായിരുന്നു ലക്ഷ്യം. എന്നാൽ, തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ കർഷക സംഘടനകളുടെ യോജിച്ചുള്ള ചെറുത്തുനിൽപ്പ്‌ കോർപറേറ്റുകളെയും ബിജെപി സർക്കാരിനെയും ഒരേപോലെ ഞെട്ടിച്ചു.  തെരഞ്ഞെടുപ്പുകളിൽ കൂടി തോറ്റുതുടങ്ങിയതോടെ സമരത്തിന്റെ ജനകീയത സംഘപരിവാറിന്‌ ബോധ്യപ്പെട്ടു. അഖിലേന്ത്യാ കിസാൻസഭയുടെ പങ്ക്‌ പ്രധാനം കർഷകപ്രതിഷേധത്തെ ഏകോപിപ്പിച്ച്‌ മുന്നോട്ടുകൊണ്ടുപോയതിൽ അഖിലേന്ത്യ കിസാൻസഭയുടെ പങ്ക്‌ ശ്രദ്ധേയം. ചെറുതും വലുതുമായ അഞ്ഞൂറിൽപ്പരം സംഘടനയുടെ ഐക്യവേദിയായ സംയുക്ത കിസാൻമോർച്ചയ്‌ക്ക്‌ രൂപം നൽകിയതിലും നിർണായക പങ്ക്‌ വഹിച്ചു. ട്രേഡ്‌ യൂണിയനുകളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കാനും കിസാൻസഭ മുന്നിൽനിന്നു. പഞ്ചാബിൽ 2020 ജൂലൈയിൽ ആരംഭിച്ച കർഷകപ്രതിഷേധം ഡൽഹി കേന്ദ്രമാക്കി വളർത്തിയെടുത്തത്‌ പ്രധാന വഴിത്തിരിവായി. ഒരു വർഷമായി നടക്കുന്ന സമരത്തിൽ വ്യത്യസ്‌ത സ്വഭാവമുള്ള സംഘടനകൾ തമ്മിൽ ഐക്യം ഊട്ടിയുറപ്പിക്കാൻ കിസാൻസഭ അധ്യക്ഷൻ ഡോ. അശോക്‌ ധാവ്‌ളെ, വൈസ്‌ പ്രസിഡന്റ്‌ അമ്രാറാം, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ എന്നിവരുടെ ഇടപെടൽ വഴി സാധിച്ചു.  അഖിലേന്ത്യാസമരമായി കർഷകപ്രക്ഷോഭത്തെ ഉയർത്തിക്കൊണ്ടുവരാനും ഡൽഹിയിലും പരിസരങ്ങളിലും കൂടുതൽ സമരകേന്ദ്രങ്ങൾ തുറക്കാനും കഴിഞ്ഞു. ഭീഷണികളും കള്ളക്കേസുകളും പൊലീസ്‌ മർദനവും വകവയ്‌ക്കാതെയാണ്‌ നേതാക്കൾ അക്ഷീണം നിലകൊണ്ടത്‌. രാജ്യമെമ്പാടും സഞ്ചരിച്ച്‌ സമരത്തിനു നേതൃത്വം നൽകി. പ്രതിസന്ധിഘട്ടങ്ങളിൽ കിസാൻസഭയുടെ ഇടപെടൽ സമരത്തിനു കൃത്യമായ ദിശാബോധം നൽകി. കോർപറേറ്റ്‌ ചൂഷണത്തിനെതിരെ സമരനിര കെട്ടിപ്പടുക്കാൻ കഴിഞ്ഞുവെന്നതാണ്‌ മറ്റൊരുനേട്ടം. നോട്ടം വോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടുവിചാരമുണ്ടായത് പഞ്ചാബും ഉത്തർപ്രദേശും ഉത്തരാഖണ്ഡുമടക്കം അഞ്ച്‌ നിയമസഭയിലേക്ക്‌ മാസങ്ങൾക്കകം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ. ഒക്‌ടോബർ അവസാനം 13 സംസ്ഥാനത്ത്  29 നിയമസഭാസീറ്റിലും  മൂന്ന്‌ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കനത്ത ആഘാതമാണ് ഏറ്റത്. സമരം ആരംഭിച്ചതിനുശേഷം കേരളം അടക്കം നാല്‌ സംസ്ഥാനത്ത്തെരഞ്ഞെടുപ്പുണ്ടായി. അസം ഒഴികെ മൂന്നിടത്തും ബിജെപി ദയനീയമായി തോറ്റു. കർഷക സമരത്തെ ഇകഴ്‌ത്താൻ കേന്ദ്രം കിണഞ്ഞുശ്രമിച്ചിരുന്നു. എന്നാൽ, കർഷകരുടെ  ഇച്ഛാശക്തിക്കുമുന്നിൽ ഒന്നും വിലപ്പോയില്ല. ബിജെപിക്കെതിരെ പ്രചാരണവുമായി കർഷകനേതാക്കളിറങ്ങി. യുപിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ബിജെപിയെ തോൽപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചു.  80 ലോക്‌സഭാ മണ്ഡലമുള്ള യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം 2024 ലെ പൊതുതെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്ന തിരിച്ചറിവ്‌ ബിജെപിക്കുണ്ട്‌. പടിഞ്ഞാറൻ യുപിയടക്കം പിടിച്ചാണ്‌ 2017ൽ ബിജെപി ഭരണം പിടിച്ചത്‌. എന്നാൽ, കർഷക സമരം പടിഞ്ഞാറൻ യുപിയിലെ രാഷ്ട്രീയ സാഹചര്യം മാറ്റി. രാകേഷ്‌ ടിക്കായത്തിന്റെ ബികെയുവിന്‌ നിർണായക സ്വാധീനം അവിടെയുണ്ട്‌. പഞ്ചാബ്‌, ഹരിയാന സംസ്ഥാനങ്ങളിൽ ബിജെപി നേതാക്കൾക്ക്‌ പുറത്തിറങ്ങാനാകാത്ത സ്ഥിതി. കാർഷികനിയമങ്ങൾ ഇവ 1) കാർഷികോൽപ്പന്ന വ്യാപാര വാണിജ്യ പ്രോത്സാഹന നിയമം: കാർഷികവിളകൾ സർക്കാർ ഏജൻസി നിയന്ത്രണത്തിലുള്ള മണ്ഡികൾക്ക്‌(ചന്തകൾക്ക്‌) പുറത്ത്‌ വിൽക്കാൻ അനുവദിക്കുന്ന നിയമം. കർഷകർക്ക്‌ കൂടുതൽ വില ഉറപ്പാക്കാനാണിതെന്ന്‌ സർക്കാർ അവകാശപ്പെട്ടു. മണ്ഡികൾ ഇല്ലാതാകാനും കോർപറേറ്റുകൾ കുത്തകസ്ഥാപിക്കാനും നിയമം വഴിയൊരുക്കുമെന്ന്‌ കർഷകർ ചൂണ്ടിക്കാട്ടി. സ്വകാര്യകമ്പനികളിൽനിന്ന്‌ തുടക്കത്തിൽ താരതമ്യേന കൂടുതൽ വില കിട്ടിയാലും മണ്ഡിസംവിധാനം തകരുന്നതോടെ തുച്ഛമായ വിലയിൽ വിളകൾ വിൽക്കാൻ കർഷകർ നിർബന്ധിതരാകും. 2) വില ഉറപ്പും കാർഷികസേവനങ്ങളും വഴി കർഷകരെ സംരക്ഷിക്കാനും  ശാക്തീകരിക്കാനുമുള്ള നിയമം: കരാർകൃഷി നിയമപരമാക്കും. വിത്ത്‌ വിതയ്‌ക്കുന്ന കാലത്തുതന്നെ കർഷകർക്ക്‌ സ്വകാര്യകമ്പനികളുമായി കരാറുണ്ടാക്കാം. വിളകൾ ഇവർക്കുതന്നെ നൽകേണ്ടിവരും. എന്നാൽ, മിനിമം താങ്ങുവില നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നില്ല. ചെറുകിട, ഇടത്തരം കർഷകർ കോർപറേറ്റ്‌ സ്ഥാപനങ്ങളുടെ ചൂഷണത്തിനു വിധേയരാകുന്ന സാഹചര്യം കരാർ കൃഷി വഴി ഉണ്ടാകും. 3) അവശ്യസാധന നിയമഭേദഗതി: ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ്‌ അടക്കം അവശ്യവസ്‌തു പട്ടികയിലുള്ള സാധനങ്ങൾ പരിധിയില്ലാതെ സംഭരിക്കാനും കടത്താനും സ്വകാര്യമേഖലയ്‌ക്ക്‌ അനുമതി. മറ്റ്‌ രണ്ട്‌ നിയമത്തിനൊപ്പം അവശ്യവസ്‌തു നിയമഭേദഗതികൂടി നടപ്പാകുന്നതോടെ കൃഷിയും ഭക്ഷ്യമേഖലയും കോർപറേറ്റുകളുടെ കൈപ്പിടിയിലാകും. Read on deshabhimani.com

Related News