പെരുന്നാളിന്റെ സന്ദേശം



‘ചിരിക്കൂ ഓരോ ദിവസവും ഉത്സവംപോലെ ആഘോഷിക്കൂ’ എന്നൊരു മൊഴിയുണ്ട്. ആഘോഷങ്ങൾ മനസ്സിന് സന്തോഷം പകരാനുള്ളതാണെന്ന് വ്യക്തം. ഓരോ സമൂഹത്തിനും ഉണ്ടാകും ആഘോഷങ്ങൾ. അവ സ്നേഹവും സൗഹൃദവും ഉറപ്പിക്കുന്നു. ഏത് ആഘോഷത്തിനും പിന്നിൽ ഐതിഹ്യമോ ചരിത്രമോ ഉണ്ടാകും. അവ വ്യത്യസ്തമായാലും ആഘോഷങ്ങൾ എല്ലാവർക്കും ആഹ്ലാദം നൽകും. ഓരോ സമൂഹത്തിന്റെയും ആഘോഷങ്ങളിൽ മറ്റുള്ളവരും പങ്കുകൊള്ളും. ഇതൊക്കെ മനുഷ്യൻ ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെയും മാനവികതയുടെയും ഭാഗമാണ്. ഈ സമന്വയങ്ങളെ ഇല്ലാതാക്കാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. മുസ്ലിങ്ങൾക്ക് മുഖ്യമായി രണ്ട് ഉത്സവമുണ്ട്. കൂടാതെ പ്രദേശികമായവ വേറെയും. ഉത്സവങ്ങളില്ലാത്ത ഒരു സമൂഹവുമില്ല.  ഈദ് എന്നാണ് ഉത്സവത്തിന്റെ അറബിപദം. പ്രവാചകന്റെ ജന്മദിനാഘോഷത്തിന് മീലാദ് എന്നും പുണ്യവാളന്മാരുടേത് ഉർസ് എന്നും പറയും. ഈദ് രണ്ടെണ്ണമാണ്. ഒന്ന് റംസാന് ശേഷമുള്ള ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ). രണ്ട്, ഹിജ്റ വർഷം പത്താം മാസത്തിലെ ബലിപെരുന്നാൾ (ഈദുൽ അള്ഹാ). ബലിപെരുന്നാൾ ആടിന്റെ ബലിയുമായി ബന്ധപ്പെട്ടതിനാൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇത് ബക്രീദ് എന്നാണ് അറിയപ്പെടുന്നത്. ബകരീ എന്നാൽ ആട്. അബ്രഹാം (ഇബ്രാഹിം) എന്ന പ്രവാചകൻ ചെയ്ത ത്യാഗത്തിന്റെ സ്മരണയിലാണ് ഈ പെരുന്നാൾ. ഹസ്രത് ഇബ്രാഹിം യഹൂദരുടെയും ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും പ്രവാചകനാണ്. ഇവരുടെ വേദഗ്രന്ഥങ്ങളിലെല്ലാം അബ്രഹാമിനെ പരാമർശിക്കുന്നു. അബ്രഹാമിനെ പ്രവാചകരുടെ പിതാവായാണ് ഗണിക്കപ്പെടുന്നത്. തന്റെ വംശത്തിലാണ് യഹൂദരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും വിശ്വാസം അർപ്പിക്കുന്ന മിക്ക പ്രവാചകരും വരുന്നത്. നോഹ, ഇസ്മായേൽ, ഇസ്ഹാഖ്, ലോത്, ജേക്കബ്, ജോസഫ് എന്നിവരും ഇതേ വംശത്തിൽത്തന്നെ. അബ്രഹാമിനെ ഖുർആൻ ദൈവത്തിന്റെ മിത്രം (ഖലീലുല്ലാഹ്) എന്നുകൂടി വിശേഷിപ്പിക്കുന്നു. സമൂഹത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പ്രതികരിച്ചതിനാൽ അദ്ദേഹം ത്യാഗങ്ങളേറെ സഹിച്ചു. നിംറോദ് എന്ന ഏകാധിപതി  ഇബ്രാഹിമിനെ ആളിക്കത്തുന്ന അഗ്നിയിലെറിഞ്ഞു. അവിടെനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുന്നാളും അതോടനുബന്ധിച്ച് മക്കയിൽ നടക്കുന്ന തീർഥാടനവും അബ്രഹാമിന്റെ ത്യാഗംനിറഞ്ഞ ജീവിതവുമായി ബന്ധപ്പെട്ടതു തന്നെയാണ്. വാർധക്യത്തിലും തനിക്കൊരു കുഞ്ഞിനെ കിട്ടാതെ  വിഷമിച്ചു അബ്രഹാം. നിരന്തര പ്രാർഥനയുടെ ഫലമാണത്രേ, രണ്ടാം ഭാര്യയും ഭൃത്യയുമായ ഹാജറാബീവി ഒരു കുഞ്ഞിനെ പ്രസവിച്ചു. പേര് ഇസ്മയിൽ. കുട്ടിക്ക്‌ ബാല്യമെത്തിയ കാലത്ത് അബ്രഹാമിനോട് അവനെ ബലിനൽകാൻ ദൈവം കൽപ്പിക്കുന്നു. വിഷമത്തോടെയാണെങ്കിലും ദൈവകൽപ്പന ശിരസ്സാവഹിക്കാൻ അബ്രഹാം തീരുമാനിച്ചു. വിവരമറിഞ്ഞ മകൻ ഇസ്‌മയിലും അതിനു സമ്മതിക്കുന്നു. ബലിനൽകാൻ ഒരുങ്ങവേ, അരുത് എന്നൊരു ശബ്ദംകേട്ടു. തിരിഞ്ഞുനോക്കുമ്പോൾ ഒരാട്. ദൈവകൽപ്പന അനുസരിക്കാൻ തയ്യാറായ അബ്രഹാമിനോട് ആടിനെ ബലിനൽകാനുള്ള കൽപ്പന വന്നു. ഗബ്രിയേൽ എന്ന മാലാഖയാണ് ഈ സന്ദേശവുമായി വന്നത്. അപ്പോൾ അബ്രഹാമിനുണ്ടായ ആഹ്ലാദം പങ്കിടുകയാണ് ബലിപെരുന്നാളിലൂടെ ലോക മുസ്ലിങ്ങൾ. ബലിപെരുന്നാളിന്റെ സംഭവത്തെക്കുറിച്ച് ഇങ്ങനെയാണ് ഖുർആനിലുള്ളത്. ഇസ്‌മയിൽ എന്ന പുത്രൻ ജനിച്ചകാലത്ത് അബ്രഹാമിന്റെ സാറ, ഹാജറ എന്നീ ഭാര്യമാർ തമ്മിൽ വഴക്കടിച്ച കാര്യവും വേദത്തിൽ വായിക്കാം. ഹാജറ അടിമസ്‌ത്രീയായിരുന്നു. ഹാജറയ്‌ക്ക് കുഞ്ഞ് പിറന്നതിൽ സാറ അസൂയ പൂണ്ടപ്പോൾ പ്രശ്നമില്ലാതാക്കാൻ അബ്രഹാം പലസ്‌തീനിൽനിന്ന് കാതങ്ങൾക്കപ്പുറമുള്ള മക്കാ മരുഭൂമിയിൽ ഹാജറയെയും കുഞ്ഞിനെയും പാർപ്പിച്ചു. ദാഹിച്ചുവലഞ്ഞ കുഞ്ഞ് കാലിട്ടടിച്ചപ്പോൾ ആ സ്ഥലത്ത് ജലം പ്രത്യക്ഷപ്പെട്ടു. സംസം എന്നറിയപ്പെട്ട ഈ കിണറാണ് ഹിജാസിലെങ്ങും ഇപ്പോഴും ജലം നൽകുന്നത്. ഇവിടെ നോഹയുടെ  പ്രളയകാലത്ത് നശിച്ചുപോയിരുന്ന കഅ്ബാ ദേവാലയം അബ്രഹാം പുതുക്കിപ്പണിതു. അവിടെത്തന്നെ ഹജ്ജ് കർമവും തുടങ്ങി. അങ്ങനെയാണ് മുസ്ലിങ്ങൾ വർഷത്തിലൊരിക്കൻ ഇവിടെ വന്ന് ഹജ്ജ്  നിർവഹിക്കുന്നത്. ഹജ്ജിന് വരാത്തവർ അതത് നാടുകളിൽ  പെരുന്നാളാഘോഷിച്ചുകൊണ്ട് അബ്രഹാമിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. പെരുന്നാൾ ദിനത്തിൽ എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന് മുഹമ്മദ് നബി. ഉള്ളവനും ഇല്ലാത്തവനും ദൈവത്തിന്റെ മുമ്പിൽ സമൻമാരാണെന്ന് തീർഥാടകർ പ്രഖ്യാപിക്കുന്നു. ഒരേ വസ്‌ത്രവും ഒരേ മന്ത്രവുമായി അവർ മക്കയിൽ സമ്മേളിക്കുന്നു. പെരുന്നാൾ ആഘോഷിക്കാൻ ആരെങ്കിലും വിഷമിക്കുന്നുണ്ടോ എന്ന് നബി അന്വേഷിക്കുമായിരുന്നു. ഒരു ദിവസം മദീനാ പള്ളിയിൽ പ്രാർഥന നിർവഹിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോകവേ, പള്ളിയുടെ  ഒരു മൂലയിൽ പുതുവസ്‌ത്രങ്ങളൊന്നുമില്ലാതെ ഇരുന്ന് തേങ്ങിക്കരയുന്ന ബാലനെ നബി കണ്ടു. നബി ബാലനെ സമീപിച്ച്  കാര്യം ആരാഞ്ഞു. ഉപ്പ മരിച്ച അനാഥനായിരുന്നു ആ കുട്ടി.  പുതുവസ്‌ത്രമണിഞ്ഞ് ആഹ്ലാദഭരിതരായി പിതാക്കന്മാരുടെ കൈ പിടിച്ചുപോകുന്ന കുട്ടികളെ കണ്ടപ്പോൾ ആ ബാലന് കരച്ചിലടക്കാൻ കഴിഞ്ഞില്ല. നബി അവനെ ചേർത്തുപിടിച്ച് തലയിലുമ്മ വച്ച് അവന്റെ കൈയുംപിടിച്ച് വീട്ടിലേക്ക് നടന്നു. ഭാര്യ ആയിശയോട് പറഞ്ഞു, ‘ആയിശാ ഞാൻ നിനക്കൊരു പെരുന്നാൾ സമ്മാനം കൊണ്ടുവന്നിട്ടുണ്ട്’  ആയിശ ബാലനെ കുളിപ്പിച്ച് പുതുവസ്‌ത്രമണിയിച്ച് മറ്റു കുട്ടികളോടൊപ്പം ഭക്ഷണത്തിനിരുത്തി. അന്നമൂട്ടലും സ്നേഹം പകരലുമാകണം ആഘോഷങ്ങളുടെ ലക്ഷ്യമെന്ന് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു. വിനോദങ്ങളിലും സൗഹൃദങ്ങളിലും മുഴുകി സ്നേഹം പങ്കുവയ്ക്കാനാണ് നബി നിർദേശിക്കുന്നത്. പെരുന്നാൾ സദ്യക്ക് അയലത്തുകാരെയും സ്നേഹിതരെയും ബന്ധുക്കളെയും ക്ഷണിക്കണം. രോഗികളെ സന്ദർശിക്കണം. മുതിർന്നവരെ കണ്ട് അനുഗ്രഹം വാങ്ങണം. അനാഥർക്കും അഗതികൾക്കും താങ്ങായിരിക്കണം. ഇങ്ങനെ ജീവിതത്തിൽ അനുവർത്തിക്കേണ്ട നന്മകൾ കൂടി പെരുന്നാളിലൂടെ ആർജിക്കുന്നു. വിശ്വാസികളെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ ലാഭം തേടുന്ന ഇക്കാലത്ത് ആഘോഷങ്ങളെ സൗഹൃദവേദിയാക്കാൻ മതവിശ്വാസികൾ യത്നിക്കണം. വിശാസങ്ങളൊന്നും പരസ്പരം അകലാനുള്ളതല്ല. ആശയങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാകാം. എന്നാൽ, സന്തോഷത്തിനോ, സൗഹൃദത്തിനോ വെവ്വേറെ നിറംകൊടുക്കാൻ ആർക്കുമാകില്ല. വിശപ്പിനും ദാഹത്തിനും മതത്തിന്റെയോ ആശയത്തിന്റെയോ നിറമില്ല. ഏതും മനുഷ്യന്റെ ഗുണത്തിനായി ഭവിക്കണം. ഇതായിരിക്കണം ഏറ്റവും വലിയ ആശയം. ഇതുതന്നെയാണ് വലിയ വിശ്വാസവും. മതങ്ങൾ അടിസ്ഥാനപരമായി ഇതു തന്നെയാണ് പഠിപ്പിക്കുന്നത്. സാമ്രാജ്യത്വ ശക്തികളും ഫാസിസ്റ്റുകളും മതത്തെ രാഷ്ട്രീയ ലാഭങ്ങൾക്കും പരസ്പര വൈരത്തിനുംവേണ്ടി ചൂഷണം ചെയ്യുമ്പോൾ ഇതല്ല മതമെന്ന് വിളിച്ചുപറയാൻ നമ്മുടെ സൗഹൃദങ്ങൾക്ക് കഴിയണം. ഇതാണ് ഏത് ആഘോഷവും നൽകുന്ന പാഠം. Read on deshabhimani.com

Related News