അതിജീവനത്തിന്റെ വിജയഗാഥ



ചവിട്ടിയരയ്ക്കാൻ നിൽക്കുന്നവരുടെ മുന്നിലേക്ക്‌ വിജയിച്ച്‌ കയറിവരുന്നവരാണ്‌ എന്നും കഥകളിലെ നായകന്മാർ. മാധ്യമങ്ങളുടെയും പ്രതിപക്ഷ പാർടികളുടെയും കേന്ദ്രസർക്കാരിന്റെയും ഒറ്റക്കെട്ടായുള്ള നുണപ്രചാരണങ്ങളും കള്ളക്കേസുകളും കുതന്ത്രങ്ങളും മറികടന്നാണ്‌ കേരളത്തിലെ സഹകരണമേഖല അതിജീവനത്തിന്റെ വിജയഗാഥ രചിക്കുന്നത്‌. ഇവർ നാടിന്‌ തണലേകുമ്പോൾ, നാടിന്റെ ഉപജീവന മാർഗമാകുമ്പോൾ, പ്രതീക്ഷകളാകുമ്പോൾ ഉണരുന്നത്‌, ഉയരുന്നത്‌  ജനങ്ങളുടെ കൂട്ടായ്‌മയാണ്‌. ജയിക്കുന്നത്‌ ഇവിടത്തെ ഓരോ സാധാരണക്കാരനുമാണ്‌... ഇതാ ചില വിജയമാതൃകകൾ കടലേഴും താണ്ടുന്ന വാരപ്പെട്ടി നാളികേരത്തിന്റെ നാട്ടിൽനിന്ന്‌ വെളിച്ചെണ്ണ കയറ്റുമതിചെയ്‌ത്‌ വിജയക്കുതിപ്പ്‌ തുടരുകയാണ്‌ വാരപ്പെട്ടി സഹകരണ ബാങ്ക്. വിദേശമാർക്കറ്റിൽ വാരപ്പെട്ടി ബ്രാൻഡഡ്‌ സാധനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്‌. വെളിച്ചെണ്ണ, ചക്ക, കപ്പ, ഏത്തപ്പഴം തുടങ്ങിയവയാണ്‌ വിഭവങ്ങളാക്കി വാരപ്പെട്ടി ബ്രാൻഡിൽ കടൽകടക്കുന്നത്‌. ഇതോടെ ലക്ഷങ്ങളുടെ ബാധ്യത മറികടന്ന്‌ നൂറുകോടി രൂപ നിക്ഷേപമുള്ളതായി ബാങ്ക്‌. 85 കോടിയുടെ വായ്പയും നൽകി. മൂന്ന്‌ ശാഖകളും ആരംഭിച്ചു. ആർടിജിഎസ്, എൻഇഎഫ്ടി, എടിഎം സൗകര്യവും ബാങ്കിനുണ്ട്‌. വിവിധ സ്റ്റോറുകൾ, മെഡിക്കൽ ലാബ്, കാർഷികവിപണി, കാർഷിക നഴ്‌സറി എന്നിവയുമുണ്ട്. 1100 രൂപ വിലയുള്ള പതിനേഴിനം പലചരക്കുകൾ ഡിസ്‌കൗണ്ട് കാർഡ് വഴി 500 രൂപയ്‌ക്ക് സഹകാരികൾക്ക്‌ നൽകുന്നു. 10,000 രൂപ പലിശരഹിത സ്വർണപ്പണയവായ്‌പയുമുണ്ട്‌. ദേശീയ പുരസ്കാരവും 2019–-20, 2020–-21 വർഷത്തെ മികച്ച സംഘത്തിനുള്ള അവാർഡും സഹകരണമന്ത്രിയുടെ ഇന്നൊവേഷൻ അവാർഡും നേടിയിട്ടുണ്ട്‌. അന്നമൂട്ടുന്ന സഹകരണം കയറിവരുന്നർക്കെല്ലാം രുചികരമായി ഭക്ഷണം വിളമ്പുന്നതിനൊപ്പം ചേർന്നുനിൽക്കുന്ന കുറേ കുടുംബങ്ങളെ കൂടി അന്നമൂട്ടുകയാണ്‌ പാറക്കോട്‌ സഹകരണബാങ്ക്‌. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലാണ്‌ മത്സ്യഫെഡിന്റെ സഹകരണത്തോടെ അടൂരിൽ സീഫുഡ്‌ എസി റെസ്റ്റോറന്റ്‌ ആരംഭിച്ചത്‌.  ബാങ്കിന്റെ കോപ്മാർട്ട് സൂപ്പർ മാർക്കറ്റും വൻവിജയമാണ്‌.  മത്സ്യഫെഡിന്റെ സ്റ്റാൾ, മിൽമ, ഹോർട്ടികോർപ്പ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യാ, കെപ്കോ ചിക്കൻ, റബ്ക്കോ, കാഷ്യു കോർപറേഷൻ, കാപ്പക്സ് എന്നിവയുടെ സ്റ്റാളും വിവിധ സഹകരണ ബാങ്കുകൾ ഉല്പാദിപ്പിക്കുന്നതും മറ്റ് അംഗീകൃത ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ലഭ്യമാണ്‌. എൽഡിഎഫ്‌ ഭരണസമിതി 2018ൽ അധികാരമേറ്റപ്പോൾ 104 കോടി നിക്ഷേപവും 84 കോടി  വായ്പയും 52 ലക്ഷം രൂപയുടെ ചിട്ടിയുമുണ്ടായിരുന്നത് നിലവിൽ 110 കോടി നിക്ഷേപവും 85 കോടി വായ്പയും ഒരു കോടി 10 ലക്ഷം രൂപയുടെ ചിട്ടയുമാക്കി. 23 ജീവനക്കാരെന്നത്‌ 73പേരായി. ഊരാളുങ്കലെന്ന 
നവരത്ന വിസ്‌മയം കേരളത്തിന്റെ ഊരാളുങ്കലിനുപകരം ലോകത്തിനു മുന്നിൽ മറ്റൊന്നില്ല.  വികസിത രാഷ്ട്രങ്ങളിൽനിന്നുപോലും ഊരാളുങ്കൽ ലേബർ കോ–-ഓപ്പറേറ്റീവ്‌ കോൺട്രാക്ട്‌ സൊസൈറ്റി എന്ന ഈ സഹകരണ വിസ്‌മയത്തിന്‌ ബദൽ ചൂണ്ടിക്കാട്ടാനുമില്ല. നിർമാണം പൂർത്തിയാക്കിയ ഒരുലക്ഷത്തിലധികം പ്രോജക്ടുകളുണ്ട്‌ ഈ പെരുമയിൽ. 300 പദ്ധതി നിർമാണത്തിലുള്ളതിൽ ദേശീയ, സംസ്ഥാന ഹൈവേകൾ അടക്കം 700 കിലോമീറ്ററിലേറെ പൊതുനിരത്തുകൾ. 250 കിലോമീറ്ററിലേറെ ഗ്രാമറോഡുകൾ. പാലങ്ങളും മേൽപ്പാലങ്ങളും അഞ്ഞൂറ്‌ കവിയും. നവരത്‌ന സ്ഥാപനമായ ഊരാളുങ്കൽ സഹകരണമേഖലയുടെ ബഹുമുഖ ഇടപെടലിന്റെ എക്കാലത്തെയും മാതൃകയാണ്. ഏറ്റവും പ്രധാനം നോൺക്രെഡിറ്റ് മാതൃകയാണ്. തൊഴിൽസൃഷ്ടി, രാഷ്ട്രനിർമാണം, ഉൽപ്പാദനം, വിപണനം, സോഫ്റ്റ്‌വെയർ വികസനം, ഐടി, പാർപ്പിടനിർമാണം, നൈപുണ്യവികസനം, ടൂറിസം, നിർമാണരംഗത്തെ ഗുണമേന്മാപരിശോധന, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിങ്ങനെയെല്ലാം ഇതിലുണ്ട്‌. കാർഷിക, മൃഗപരിപാലന, ഭക്ഷ്യസംസ്‌കരണ രംഗങ്ങളിലേക്കും ചുവടുവയ്ക്കുന്നു. നിർമാണരംഗത്തെ അത്യാധുനിക സങ്കേതങ്ങളും യന്ത്രോപകരണങ്ങളും ആർജിച്ച്‌ തൊഴിലാളികൾക്ക് നൈപുണ്യം പകരുന്നതാണ് ഊരാളുങ്കലിന്റെ  വിജയമാതൃക.  13,000 തൊഴിലാളികൾ, ആയിരത്തിൽപ്പരം ടെക്‌നീഷ്യന്മാർ, 1500- എൻജിനിയർമാരും സാങ്കേതികവിദഗ്ധരും മാനേജർമാരും അടങ്ങിയ മനുഷ്യവിഭവ സമ്പത്താണ്‌ കരുത്ത്‌. ഐടി സ്ഥാപനമായ യുഎൽ ടെക്നോളജി സൊല്യൂഷൻസിലും ക്രാഫ്റ്റ് വില്ലേജുകളിലും ഐഐഐസിയിലും ഒക്കെയായി  രണ്ടായിരംപേർ  വേറെയുമുണ്ട്‌. യുഎൽ സൈബർപാർക്കിൽ ടാറ്റ എലെക്സിയുടെ ആയിരത്തോളം പ്രൊഫഷണലുകൾ കൂടിയാകുമ്പോൾ മൂവായിരത്തിൽപ്പരമാണ്. ഇത്രയേറെ കുടുംബങ്ങൾക്ക് അത്താണിയായ മറ്റൊരു സഹകരണസംഘം ലോകത്തിലില്ല.  ഈയിടെ ‘ഭാരത്‌മാല’യിൽ ദേശീയപാത 66-ലെ തലപ്പാടി–-ചെങ്കള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാത കരാർ രാജ്യാന്തര ടെൻഡറിലൂടെ ഊരാളുങ്കൽ സ്വന്തമാക്കിയത് അദാനി ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായ മേഘ, കെഎൻആർ ഗ്രൂപ്പുകൾ എന്നിവയോട്‌ മത്സരിച്ചാണ്. ഗുണമേന്മയും സമയബന്ധിത നിർമാണവും അഴിമതിയില്ലായ്‌മയും  ഊരാളുങ്കലിന്റെ ഗ്യാരന്റി. മിച്ചം വരുന്ന തുക തിരികെ നൽകുന്ന മറ്റേത്‌ സ്ഥാപനമുണ്ട്‌ കരാർ നിർമാണരംഗത്ത് എന്നുമോർക്കണം. Read on deshabhimani.com

Related News