കോണ്‍ഗ്രസിലെ ‘പുതുമുഖ’ങ്ങൾ - കെ രാജേന്ദ്രൻ എഴുതുന്നു



കോൺഗ്രസ് ഇത്തവണ പുതുമുഖങ്ങൾക്കും ചെറുപ്പക്കാർക്കും ബഹുഭൂരിഭാഗം സീറ്റുകളും നൽകുമെന്നായിരുന്നു ഡൽഹിയിൽ എ കെ ആന്റണി നടത്തിയ പ്രഖ്യാപനം. പാർടിക്കുവേണ്ടി വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്തവർക്ക്പരിഗണന ലഭിക്കുമെന്ന് കരുതിയവർ ഇപ്പോൾ സോണിയഗാന്ധിക്ക് പ്രതിഷേധ മെയിലുകൾ അയക്കുന്ന തിരക്കിലാണ്. കാരണം, ഹൈക്കമാൻഡിന്റെ സാധ്യതാ പട്ടികയിലുള്ള പുതുമുഖങ്ങൾ ചില്ലറക്കാരല്ല. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, സി എൻ ബാലകൃഷ്ണന്റെ മകൾ സി ബി ഗീത, ഷാനവാസിന്റെ മകൾ അമീന ഷാനവാസ്, കെ അച്യുതന്റെ  മകൻ സുമേഷ് എന്നിങ്ങനെ പട്ടിക നീണ്ടതാണ്.കെ കരുണാകരന്റെ മക്കൾ രാഷ്ട്രീയത്തിനെതിരെ പോരാട്ടം നടത്തി യുവഹൃദയങ്ങളിൽ ഇടം നേടിയ എ കെ ആന്റണി മകൻ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയാലും ഒട്ടും അത്ഭുതപ്പെടാനില്ല.  ആന്റണി ഹൈക്കമാൻഡിന്റെ തീരുമാനം പ്രഖ്യാപിച്ചതിന് രണ്ട് ദിവസംമുമ്പ് കെ മുരളീധരൻ മറ്റൊരു പ്രഖ്യാപനം നടത്തിയിരുന്നു. ‘‘ഈ തെരഞ്ഞെടുപ്പിൽ വടകരയ്ക്ക് പുറത്തെവിടെയും ഞാൻ പ്രചാരണത്തിനിറങ്ങില്ല. പരാജയപ്പെട്ടാൽ ഉത്തരവാദിത്തം പാർടി നേതൃത്വത്തിന് മാത്രമായിരിക്കും’’ ആന്റണിയും കെ മുരളീധരനും തമ്മിൽ വല്ലാത്തൊരുആത്മബന്ധം ഉണ്ട്. ആ ബന്ധത്തിന് 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോളം പഴക്കമുണ്ട്. കോൺഗ്രസിൽ അവസാനഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു. കോഴിക്കോട്ടെ സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ കരുണാകരന് മൂത്രശങ്ക വന്നു. കരുണാകരൻ ശുചിമുറിയിലേക്ക്‌ പോയ ഉടനെ ആന്റണി മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മടങ്ങിയെത്തിയ  കരുണാകരൻ തീരുമാനം അറിഞ്ഞപ്പോൾ ഒന്നും അറിയാത്തവനെപ്പോലെ അഭിനയിച്ചു. ആന്റണി പക്ഷത്തുനിന്ന് അടർത്തിയെടുത്ത വയലാർ രവിയെ കെപിസിസി അധ്യക്ഷനായി വാ‍ഴിച്ച് മുഖ്യമന്ത്രി കസേരയിലിരുന്ന് മകൻ മുരളീധരനെക്കൊണ്ട് ഭരണം നടത്തിയിരുന്ന കാലം. ഗ്രൂപ്പ് പോര് മൂക്കുന്നതിനിടയിൽ ഒരിക്കൽ ആന്റണിയെ “മുക്കാലിയിൽ കെട്ടിയിട്ട് അടിക്കണം’ എന്ന് കെ മുരളീധരൻ ഒരു പൊതുയോഗത്തിൽ ആക്രോശിച്ചു. എ കെ ആന്റണി അന്ന് വല്ലാതെ പരിഭവിച്ചു. ‘‘മുരളിയെ രാഷ്ട്രീയത്തിൽ ഇറക്കിയത് ആന്റണി ആയിരുന്നില്ലേ?’’ എന്നതായിരുന്നു കെ കരുണാകരന്റെ മറുചോദ്യം. 1989ൽ പറ്റിയ തെറ്റ്  2001ൽ ആന്റണി തിരുത്തി. 2001ൽ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട സ്ഥാനാർഥിനിർണയ ചർച്ചകൾ നടന്നത് ഡൽഹിയിലെ പോണ്ടിച്ചേരി ഭവനിലായിരുന്നു. ചാലക്കുടിയുടെ  കാര്യത്തിൽ കരുണാകരനും ആന്റണിയും കൊമ്പുകോർത്തു. ചാലക്കുടിയിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കിയാൽമാത്രം പോരാ, പണ്ട് മുരളിയെ നിർദേശിച്ചതുപോലെ പത്മജയെയും ആന്റണിതന്നെ നിർദേശിക്കണമെന്ന് കരുണാകരൻ ആവശ്യപ്പെട്ടു. മുരളിയുടെ കാര്യത്തിൽ ഉണ്ടായതുപോലെ ഇനിയും പഴികേൾക്കാനാകില്ലെന്നായിരുന്നു  ആന്റണിയുടെ ഉറച്ച നിലപാട്. പത്മജയുടെ സ്ഥാനാർഥിത്വം  ഹൈക്കമാൻഡിന് മുന്നിലെത്തിയപ്പോൾ സോണിയഗാന്ധി ക്ഷോഭിച്ചു. മകൻ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാനിരിക്കെ എങ്ങനെ മകൾ പത്മജയ്ക്ക് സീറ്റ് നൽകുമെന്നായിരുന്നു സോണിയയുടെ ചോദ്യം. മുഖം കറുപ്പിച്ച് പത്താം നമ്പർ ജൻപഥിൽ നിന്നിറങ്ങിയ കരുണാകരൻ മാധ്യമങ്ങളെ കണ്ടപ്പോൾ സോണിയയെ ലക്ഷ്യമിട്ട് ഒളിയമ്പെയ്തു. ‘‘അമ്മാവൻ ആനപ്പുറത്ത് കയറിയതുകൊണ്ട് മരുമകന്‌  ത‍ഴമ്പുണ്ടാകില്ല’’.   പനമ്പിള്ളി ഗോവിന്ദമേനോൻ, ആർ ശങ്കർ, കെ സി എബ്രഹാം, ടി ഒ ബാവ, കെ എം ചാണ്ടി, എസ് വരദരാജൻ നായർ തുടങ്ങിയ ആദ്യകാല നേതാക്കളൊന്നും തങ്ങളുടെ മക്കളെ അനന്തരാവകാശികളായി പ്രഖ്യാപിച്ചവരായിരുന്നില്ല. അതുകൊണ്ടാണ് 37–-ാം വയസ്സിൽ എ കെ ആന്റണി മുഖ്യമന്ത്രിയും 34–-ാം വയസ്സിൽ വയലാർ രവി പ്രവർത്തകസമിതി അംഗവുമായത്. മക്കൾ രാഷ്ട്രീയത്തിനെതിരെ പോരാട്ടം നടത്തിയ തിരുത്തൽവാദികളുടെ നേതാവായിരുന്നു ജി കാർത്തികേയൻ. കാർത്തികേയൻ രോഗശയ്യയിലായിരിക്കെ  രാഹുൽഗാന്ധി സന്ദർശിക്കാനെത്തി. മകൻ ശബരീനാഥനെ രാഷ്‌ട്രീയത്തിൽ ഇറക്കണമെന്ന ആഗ്രഹമാണ് രാഹുലിന് മുന്നിൽ കാർത്തികേയൻ പ്രകടിപ്പിച്ചത്. മരണശേഷം ശബരീനാഥൻ കാർത്തികേയന്റെ പിൻഗാമിയായി. ഫിറോസ് ഗാന്ധിമുതൽ രാഹുൽഗാന്ധിവരെ അടുത്തബന്ധുക്കൾ പൊതുപ്രവർത്തകരായതുകൊണ്ട് ഒരാൾക്ക് പൊതുരംഗത്ത് ഇറങ്ങാൻ പാടില്ലെന്നുണ്ടോ എന്നതാണ് അനന്തരാവകാശികൾ എല്ലാം ചോദിക്കുന്ന ചോദ്യം. ഇവർക്കുള്ള മറുപടി ഫിറോസ് ഗാന്ധി എന്ന കോൺഗ്രസ് നേതാവിന്റെ ജീവിതമാണ്. ഇന്ദിരഗാന്ധിയുടെ ഭർത്താവായതിന് ശേഷമല്ല ഫിറോസ് ഗാന്ധി രാഷ്ട്രീയത്തിൽ സജീവമായത്. രാഷ്ട്രീയത്തിലെ സ്ഥാനലബ്ധികൾക്ക് കുടുംബബന്ധങ്ങൾ സഹായകരമായിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ, ഫിറോസ് ഗാന്ധി ചരിത്രത്തിൽ ഇടം നേടിയത്  അഴിമതിക്കെതിരെ നടത്തിയ നിതാന്ത പോരാട്ടങ്ങളിലൂടെയാണ്. നെഹ്റുവിന്റെ വിശ്വസ്തനായ ധനമന്ത്രി ടി ടി കൃഷ്ണമാചാരി രാജിവച്ചത് ഫിറോസ് ഗാന്ധി ലോക്‌സഭയിൽ ഉന്നയിച്ച ഹരിദാസ് മുൻഡ്ര  കുംഭകോണത്തെ തുടർന്നായിരുന്നു.  ഫിറോസ് ഗാന്ധിയിൽനിന്ന് സഞ്‌ജയ് ഗാന്ധിയിലെത്തിയതോടെ  കുടുംബ രാഷ്ട്രീയത്തിന്റെ ദിശമാറി. മാരുതി ഇടപാടിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കൊക്കെ സഞ്‌ജയ് ഗാന്ധിക്ക് കുടപിടിച്ചത് ഇന്ദിരഗാന്ധിയാണ്. റോബർട്ട് വാദ്രയുടെ സാമ്പത്തിക തട്ടിപ്പുകൾക്ക് കുടപിടിച്ചത് സോണിയഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയുമാണ്.   ഇതേ കോൺഗ്രസ് മാതൃകയാണ് ഐഎൻഎക്സ് മീഡിയ ഇടപാടിൽ പി ചിദംബരത്തിന്റെ  മകൻ കാർത്തി ചിദംബരവും രാജസ്ഥാൻ ആംബുലൻസ് ഇടപാടിൽ  വയലാർ രവിയുടെ മകൻ രവികൃഷ്ണയും പിന്തുടർന്നത്. കോൺഗ്രസിനെ നെഹ്റുകുടുംബം  വിഴുങ്ങിയതുപോലെ സംസ്ഥാന രാഷ്ട്രീയത്തെയും വിവിധ കുടുംബങ്ങൾ വിഴുങ്ങിക്കഴിഞ്ഞു. പഞ്ചാബിലെ കോൺഗ്രസിന്റെ കടിഞ്ഞാൺ അമരീന്ദർ സിങ്ങിന്റെയും ഭാര്യയുടെയും കൈകളിലാണ്. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതോടെ മധ്യപ്രദേശ്‌ രാഷ്ട്രീയം കമൽനാഥ്, ദിഗ് വിജയ് സിങ്‌  എന്നിവരുടെ കുടുംബങ്ങളുടെ കൈപ്പിടിയിലായി. ഓരോ സംസ്ഥാനത്തെയും കോൺഗ്രസ് പാർടി ഓരോ നേതാവിന്റെയോ ഒന്നിലധികം നേതാക്കളുടെയോ കുടുംബങ്ങളുടെ കൈപ്പിടിയിൽ അമർന്നിരിക്കുന്നു. ഈ നേതാക്കൾ കുടുംബസമേതം പാർടിവിട്ടാൽ അതോടെ കോൺഗ്രസ് ഉൻമൂലനം ചെയ്യപ്പെടുമെന്നതാണ് അവസ്ഥ.   ഏറെക്കാലം പ്രതിപക്ഷത്തിരുന്നശേഷം 2004ൽ  ആന്ധ്രപ്രദേശിൽ കോൺഗ്രസ് അധികാരം പിടിച്ചു. രാജശേഖര റെഡ്ഡിയെ മുഖ്യമന്ത്രിയാക്കി. 2009ൽ ആന്ധ്രയിൽനിന്ന് നേടിയ സീറ്റുകളാണ് കേന്ദ്രത്തിൽ മൻമോഹൻസിങ്ങിന് ഭരണത്തുടർച്ചയുണ്ടാക്കുന്നതിൽ നിർണായകമായത്. രണ്ടാം തവണ പ്രധാനമന്ത്രിയായശേഷം ആശംസകൾ അർപ്പിക്കാനെത്തിയ രാജശേഖര റെഡ്ഡിയെ കണ്ടപ്പോൾ മൻമോഹൻസിങ്‌ എ‍ഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞത്രെ ‘‘താങ്കൾ കാരണമാണ് ഞാൻ ഇന്ന് ഈ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നത്’’. ആന്ധ്ര രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയിരുന്ന രാജശേഖര റെഡ്ഡി മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് അതിവേഗം വളർത്തിയത് മകൻ ജഗൻമോഹൻ റെഡ്ഡിയെ ആയിരുന്നു. യുവതുർക്കികൾ എന്ന വാക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രചുരപ്രചാരം നേടിയത് അറുപതുകളിലായിരുന്നു.  ഇന്ദിരഗാന്ധിയുടെയും മൊറാർജി ദേശായിയുടെയും നേതൃത്വത്തിലുള്ള പക്ഷങ്ങൾ കോൺഗ്രസ് പിടിച്ചെടുക്കാനായി ഏറ്റുമുട്ടിയിരുന്ന കാലത്ത് ഇന്ദിരഗാന്ധിക്കുവേണ്ടി ആശയപോരാട്ടം നടത്തിയത് ചന്ദ്രശേഖർ, മോഹൻധരിയ, കൃഷ്ണകാന്ത് എന്നീ യുവതുർക്കികളായിരുന്നു. ഇവരാരും കുടുംബമാഹാത്മ്യത്തോടെ രാഷ്ട്രീയത്തിൽ ഇറങ്ങിയവരായിരുന്നില്ല. ഇവരുടെ പോരാട്ടങ്ങൾക്ക് ആശയപരമായ അടിത്തറ ഉണ്ടായിരുന്നു. ബാങ്ക് ദേശസാൽക്കരണം, പ്രിവിപഴ്‌സ‍ഴ്സ് നിർത്തലാക്കൽ തുടങ്ങിയ ആ‍വശ്യങ്ങൾക്കുവേണ്ടി കോൺഗ്രസിനകത്തുനിന്ന് നടത്തിയ പോരാട്ടങ്ങളാണ് ഇവരെ യുവതുർക്കികളാക്കി മാറ്റിയത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽനിന്ന് തെന്നിമാറി ഇന്ദിരഗാന്ധി കുടുംബ രാഷ്ട്രീയത്തിലേക്ക്‌ നീങ്ങിയതോടെ ഇവർ കോൺഗ്രസ് വിട്ടു. കുടുംബാധിപത്യത്തിന്  ഇടവേള വന്നത് രാജീവ് ഗാന്ധി വധത്തിനുശേഷം നരസിംഹറാവു പ്രധാനമന്ത്രി ആയതോടെയാണ്. അക്കാലത്ത് കുടുംബ രാഷ്ട്രീയത്തിന്റെ പിൻബലമില്ലാതെ  കഠിനാധ്വാനംകൊണ്ട് ഉയർന്നുവന്ന ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ രാജ്യം കണ്ടു–- എം എസ്  ബിട്ട. പഞ്ചാബിലെ ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ നടത്തിയ ധീരമായ പോരാട്ടങ്ങളിലൂടെയാണ് ബിട്ട ശ്രദ്ധേയനായത്. 1992ൽ അമൃത്സറിലും 1993ൽ ഡൽഹിയിലും ഉണ്ടായ  ഭീകരാക്രമണങ്ങളിൽ ബിട്ടയ്‌ക്ക് ഗുരുതര പരിക്കേറ്റു. വൈകല്യങ്ങളുമായി ഭീകരവാദത്തിനെതിരെ ബിട്ട പോരാടുന്നതിനിടയിലാണ് റാവുവിനെ നിഷ്കാസിതനാക്കി നെഹ്റുകുടുംബം വീണ്ടും കോൺഗ്രസിനെ വി‍ഴുങ്ങുന്നത്. രാഹുൽഗാന്ധി താക്കോൽ സ്ഥാനങ്ങളിൽ മക്കൾ രാഷ്ട്രീയത്തിന്റെ ഉൽപ്പന്നങ്ങളായ ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിൻ പൈലറ്റിനെയുമെല്ലാം പ്രതിഷ്ഠിച്ചു. ദേശീയ നയത്തിന്റെ ചുവടുപിടിച്ച് തന്നെയായിരിക്കും കേരളത്തിലും കോൺഗ്രസ് പുതുമുഖങ്ങളെ രംഗത്തിറക്കുക. നേതാക്കളുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് മകൻ വൈഭവ് ഗെലോട്ടിനെ രാജസ്ഥാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ അധ്യക്ഷനായി അവരോധിച്ച അശോക് ഗെലോട്ടിനാണ് കേരളത്തിന്റെ തെരഞ്ഞെടുപ്പ്ചുമതല ഏൽപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പണമിറക്കാൻ ശേഷിയുള്ള ഏക കോൺഗ്രസ് മുഖ്യമന്ത്രി ഗെലോട്ടാണ്. കരുണാകര കുടുംബത്തിനും കാർത്തികേയ കുടുംബത്തിനും ജോർജ് ഈഡൻ കുടുംബത്തിനും പിന്നാലെ ഹൈക്കമാൻഡ്‌ കുടുംബരാഷ്ട്രീയത്തിന്റെ എത്ര പിന്മുറക്കാരെ സൃഷ്ടിക്കുമെന്നാണ് ഇനി അറിയാനുള്ളത്. Read on deshabhimani.com

Related News