മൃദുഹിന്ദുത്വം പാടി കോൺഗ്രസ്‌ ചരമഗീതമെഴുതുന്നു



ഇന്ത്യയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറുകയാണോ? അടുത്ത്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന സമീപനം കാണുമ്പോൾ അങ്ങനെതോന്നുന്നു. ഉത്തർപ്രദേശ് നിയമസഭയിൽ ബിജെപിയെ തറപറ്റിച്ചാൽ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ ശക്തികൾക്കുള്ള ആദ്യ വിജയവും പ്രചോദനവുമാകും എന്ന ബാലപാഠംപോലും കോൺഗ്രസ്  മറന്നുപോയി. യുപിയിൽ മതനിരപേക്ഷ സംഖ്യം കെട്ടിപ്പടുക്കാൻ കോൺഗ്രസ് നേതൃത്വം മുൻകൈ എടുക്കേണ്ടതായിരുന്നു. ഒറ്റയ്ക്ക് മത്സരിക്കുകവഴി കോൺഗ്രസ് സംഘടനാ സംവിധാനം മെച്ചപ്പെടുത്താമെന്ന അബദ്ധജടിലമായ തീരുമാനവുമായി മുന്നോട്ട് പോകുന്നത്  ഇന്ത്യയുടെ മതനിരപേക്ഷ മനസ്സിനോട് കാട്ടുന്ന പൊറുക്കാനാകാത്ത ചതിയാണ്. ഉത്തർപ്രദേശിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മതനിരപേക്ഷ കൂട്ടുകെട്ട് ഉണ്ടാക്കാൻ അഖിലേഷ് യാദവിനെയും മായാവതിയെയും ആർഎൽഡിയെയും എന്ത് വിലകൊടുത്തും കോൺഗ്രസ് യോജിപ്പിക്കണമായിരുന്നു. കർഷക സമരത്തിന്റെ ഉജ്വല വിജയവും മോദി സർക്കാരിനെതിരായ കർഷകരോഷവും ഈ തെരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിക്കും. ഈ സാഹചര്യത്തിൽ  മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. അതൊന്നും കാണാതെ കോൺഗ്രസ്‌ സ്വീകരിച്ച നിലപാട്‌ അവർക്കുതന്നെ തിരിച്ചടിയാകും. ഉത്തർപ്രദേശുപോലുള്ള സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ പ്രിയങ്ക ഗാന്ധിയുടെ സംഘടനാ പരീക്ഷണങ്ങളുടെ ഗോദയാക്കി മാറ്റേണ്ടതാണോ എന്ന് ചോദിക്കാൻ ചങ്കൂറ്റമുള്ള ആരും കോൺഗ്രസിൽ ഇല്ലാതെ പോയി.  ഉൾപ്പാർടി ജനാധിപത്യം നഷ്ടപ്പെട്ട് പൂർണമായും കുടുംബാധിപത്യത്തിനു കീഴിലകപ്പെട്ട കോൺഗ്രസിൽ ആര്, എന്ത്‌ ചോദിക്കാൻ. പഞ്ചാബിലെ ‘ഹിമാലയൻ ബ്ലണ്ടർ’ പഞ്ചാബിലാണെങ്കിൽ ക്യാപ്റ്റൻ അമരീന്ദർസിങ്ങിനെ പിണക്കി മോദി പക്ഷത്തിനൊപ്പം ആക്കിയതും 2017ൽ മാത്രം കോൺഗ്രസിലെത്തിയ നവ്‌ജ്യോത് സിങ്‌ സിദ്ദുവിനെ കേവലം നാലു വർഷംകൊണ്ട് പഞ്ചാബിലെ പിസിസി പ്രസിഡന്റാക്കിയതും ‘ഹിമാലയൻ ബ്ലണ്ടറായി’.  സിദ്ദുവിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്ന ആർക്കും അങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിയുമായിരുന്നില്ല. ബിജെപിയിൽനിന്ന്‌ പല വഴിയിലൂടെ കോൺഗ്രസിലെത്തിയ സിദ്ദു ആം ആദ്‌മി പാർടിയുമായി രഹസ്യബന്ധവും സൂക്ഷിക്കുന്നുണ്ട്‌. സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം പഞ്ചാബിൽ കോൺഗ്രസിന്റെ ചരമഗീതമായി. ഉത്തരാഖണ്ഡിലും അരുണാചൽപ്രദേശിലും സംഘടനാ പ്രശ്നങ്ങൾ അതിരൂക്ഷമാണ്‌. അതൊന്നു കേൾക്കാനോ തീർക്കാനോ  ശേഷിയുള്ള സംഘടനാ നേതൃത്വം ഡൽഹിയിലില്ല. കോൺഗ്രസ് കുടുംബത്തിലെ രാജകുമാരൻ പുതുവർഷം ആഘോഷിക്കാൻ നാടുവിട്ടു. പഞ്ചാബിൽ തീരുമാനിച്ച റാലികൾപോലും മാറ്റിവയ്‌ക്കേണ്ടി വന്നു. ഒരു പ്രസ്ഥാനത്തെ സംബന്ധിച്ച് എന്തൊരു ഗതികേടാണ് ഇത്‌. കാലങ്ങൾക്കുമുമ്പ് അസമിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനെത്തിയ നേതാവ് രാഹുലിന്റെ വ്യക്തിപരമായ നേരംപോക്കുകൾ കാരണം കാണാൻ സമയം അനുവദിച്ചു കിട്ടാത്തതിൽ പ്രതിഷേധിച്ച് ബിജെപിയിലേക്ക് പോയതും തുടർന്ന് മുഖ്യമന്ത്രിയായതും മറ്റൊരുകഥ. രാഹുൽ ഗാന്ധിയുടെ ജയ്‌പുർ റാലിയിൽനിന്ന് കേട്ട വാക്കുകൾ ഇന്ത്യയുടെ മതനിരപേക്ഷ മനസ്സിനെ ഭയപ്പെടുത്തുന്നതാണ്. ‘യഥാർഥ ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കേണ്ടത്’ എന്ന വാക്കുകൾ കോൺഗ്രസിന്റെ മഹാന്മാരായ പൂർവകാല നേതാക്കളോടുള്ള വെല്ലുവിളിയായേ കാണാനാകൂ. 1948 ഫെബ്രുവരി 28ന്‌  ‘അയോധ്യയിലെ ബാബ്റി മസ്ജിദിൽ  ശ്രീരാമ വിഗ്രഹം സ്വയംഭൂവായി വന്നിരിക്കുന്നു’ എന്ന്  ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ വിളിച്ചറിയിച്ചപ്പോൾ "ശ്രീരാമ വിഗ്രഹമാണോ  എങ്കിലത് സരയൂ നദിയിലേക്ക് ഒഴിക്കിയേക്കൂ’ എന്നായിരുന്നു മറുപടി. ചരിത്രത്തിൽ, മതനിരപേക്ഷതയുടെ തങ്കലിപികളാൽ രേഖപ്പെടുത്തിയ ആ വാക്കുകൾ ഉരുവിട്ട നെഹ്റുവിന്റെ ചെറുമകനായ രാഹുൽ ഗാന്ധിയുടെ നാവിൽനിന്നുമാണ്‌ "ഞാനൊരു ഹിന്ദുവാണ്, ഇന്ത്യ ഭരിക്കേണ്ടത് യഥാർഥ ഹിന്ദുക്കളാണ്’ എന്ന വാക്കുകൾ വന്നത്‌. മൃദു ഹിന്ദുത്വ നിലപാട് ഇന്ത്യയിൽ കോൺഗ്രസിന്റെ വാട്ടർലുവായി മാറുമോയെന്ന്‌ കണ്ടുതന്നെ അറിയണം നെഹ്റുവിന്റെ വാക്കുകൾ മുഖ്യമന്ത്രി ഗോവിന്ദ് പന്ത് കേട്ടിരുന്നെങ്കിൽ 1992 ഡിസംബർ ആറിന് ബാബ്റി മസ്ജിദ് തകരുമായിരുന്നില്ല. നരേന്ദ്ര മോദി എന്ന മതവാദിയുടെ ഭരണഘടനാവിരുദ്ധമായ ഭരണത്തിന് ഇന്ത്യ സാക്ഷിയാകേണ്ടിയും വരില്ലായിരുന്നു. ഉത്തർപ്രദേശിലെ റാലിയിൽ പ്രിയങ്ക ഗാന്ധി മന്ത്രമൊക്കെ ചൊല്ലി നടത്തിയ പ്രസംഗവും നേതൃത്വം ഒന്നാകെ മൃദു ഹിന്ദുത്വത്തിലേക്ക്‌ വഴുതിവീഴുന്നതിന്റെ തെളിവാണ്‌. മതനിരപേക്ഷതയില്ലെങ്കിൽ പിന്നെ ഇന്ത്യയിൽ കോൺഗ്രസിന് എന്ത് പ്രസക്തി എന്ന സാമാന്യബോധമെങ്കിലും ഇവർക്കുണ്ടാകേണ്ടതല്ലേ? മൃദു ഹിന്ദുത്വ നിലപാട് ഇന്ത്യയിൽ കോൺഗ്രസിന്റെ വാട്ടർലുവായി മാറുമോയെന്ന്‌ കണ്ടുതന്നെ അറിയണം. ഗോവയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനായില്ല. സ്വതന്ത്ര എംഎൽഎമാർ പിന്തുണയ്ക്കാൻ തയ്യാറായി വന്നിട്ടും നേതാക്കളുടെ അനാസ്ഥകാരണം ബിജെപി സർക്കാരുണ്ടാക്കി. ആ കുറ്റകരമായ അനാസ്ഥയ്ക്ക് നേതൃത്വം നൽകിയ നേതാവാണ് ഇന്ന് കോൺഗ്രസിന്റെ സംഘടനാ ചാർജുള്ള ജനറൽ സെക്രട്ടറി. സ്ഥിരം പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഗുലാം നബി ആസാദിനെയും കപിൽ സിബലിനെയുംപോലുള്ള നേതാക്കളെ ഹൈക്കമാൻഡ് മുഖവിലയ്ക്കെടുക്കുന്നില്ല. ജനാധിപത്യം കശാപ്പുചെയ്യുന്ന നരേന്ദ്ര മോദിയെയും ബിജെപിയുടെ കോർപറേറ്റ് സർക്കാരിനെതിരെയും പോരാടാൻ കഴിവുള്ള നേതാക്കളെയെല്ലാം പിൻബെഞ്ചിലിരുത്തി കുടുംബാധിപത്യത്തിന് വിധേയരായവരുടെ കൂട്ടമായി ഹൈക്കമാൻഡ് മാറി. പല നേതാക്കളും ബിജെപി പാളയത്തിലോട്ട് ചേക്കേറി. അങ്ങനെ ബിജെപിയുടെ റിക്രൂട്ടിങ്‌ ഏജൻസി മാത്രമായി മാറുന്ന കോൺഗ്രസിന് മതനിരപേക്ഷ ബദലിന് നേതൃത്വം കൊടുക്കാൻ കഴിയില്ലെന്ന്‌ രാജ്യത്തിന്‌ ബോധ്യപ്പെട്ടു. കോൺഗ്രസില്ലാതെ ബിജെപിക്കെതിരെ പോരാടാൻ കഴിയില്ലെന്ന്‌  പറഞ്ഞു നടക്കുന്നവർ ദന്തഗോപുരവാസികൾമാത്രം. Read on deshabhimani.com

Related News