ക്യാമ്പസുകൾ സജീവമാകട്ടെ - ഡോ. എൻ മനോജ് എഴുതുന്നു



മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത കോവിഡ്‌ ദുരന്തത്തെ അതിജീവിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരളം. വികസിത രാജ്യങ്ങൾപോലും വിറങ്ങലിച്ചുപോയ ഈ മഹാമാരിയെ അതിധീരമായി ചെറുത്തുനിന്നവരിൽ ഒന്നാമതാണ് നാം. മുഖ്യമന്ത്രിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘മഹാമാരിക്കു മുന്നിൽ പകച്ചുപോയവർ എന്നല്ല, അതിനെ ധീരമായി അതിജീവിച്ചവർ ’ എന്നാണ് നാളെ ചരിത്രം രേഖപ്പെടുത്തുക. നമ്മുടെ വിദ്യാഭ്യാസമേഖല ലോകത്തിനുതന്നെ മാതൃകയായി. പല സംസ്ഥാനങ്ങൾക്കും കുട്ടികളുടെ പരീക്ഷപോലും നടത്താൻ കഴിയാതിരുന്നപ്പോൾ കേരളം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ പരീക്ഷയും ഫലപ്രഖ്യാപനവും പൂർത്തിയാക്കി. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ നൽകി കുട്ടികളുടെ ആത്മവിശ്വാസം നിലനിർത്താനും കഴിഞ്ഞു. അപ്പോഴും ഒരു കാര്യം പറയാതെ വയ്യ. മുതലാളിത്ത രാജ്യങ്ങൾ കോവിഡിനെ കൈകാര്യം ചെയ്‌ത രീതി ഏറെ ആശങ്ക ഉളവാക്കുന്നതാണ്. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഈ അടച്ചിടൽക്കാലത്തെ  വർഗീയ -കോർപറേറ്റ് അജൻഡകൾ നടപ്പാക്കാനും  കർഷക-വിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നിയമങ്ങൾ നടപ്പാക്കാനുമായാണ് ഉപയോഗിച്ചത്. അടച്ചിടൽ നമ്മുടെ വിദ്യാഭ്യാസമേഖലയെ, അതിന്റെ ചലനാത്മകതയെ തെല്ലൊന്നുമല്ല പ്രതികൂലമായി ബാധിച്ചത്. ക്യാമ്പസുകൾ അടഞ്ഞുകിടന്ന കാലം കേന്ദ്രസർക്കാർ പൂർണമായും കോർപറേറ്റുവൽക്കരണം ലക്ഷ്യംവച്ചുകൊണ്ടുള്ള അവരുടെ പുതിയ ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള അവസരമായാണ് കണ്ടത്. എന്നാൽ,  ഈ ഘട്ടത്തിലും ലോകത്തിനുതന്നെ മാതൃകയാകുന്ന കാര്യങ്ങളാണ് കേരളം ചെയ്തത്.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാത്രമല്ല,  കോളേജുതലത്തിൽ അവസാനവർഷ ഡിഗ്രി, പിജി പരീക്ഷകൾ നടത്താനും അവയുടെ ഫലം പ്രസിദ്ധീകരിക്കാനും സാധിച്ചു. 2020-–-21 അക്കാദമിക് വർഷത്തെ സ്കൂൾ–-കോളേജ് തല പ്രവേശനവും പൂർത്തീകരിക്കാൻ സാധിച്ചു. കോവിഡിന്റെ രണ്ടാംതരംഗ ഭീഷണി നേരിട്ട ഈ സമീപകാല സാഹചര്യത്തിലും പരീക്ഷയും ഫലപ്രഖ്യാപനവും അഡ്മിഷൻ പ്രക്രിയകളും കൃത്യമായി നടന്നു. പ്ലസ് ടു റിസൾട്ടും അവസാനവർഷ ഡിഗ്രി ഫലവും ഏറെ ബുദ്ധിമുട്ട്‌ നേരിട്ടുവെങ്കിലും  പ്രസിദ്ധീകരിച്ചു. ഇപ്പോൾ  ഒന്നാംവർഷ ഡിഗ്രി, പ്ലസ് വൺ പ്രവേശന നടപടികൾ  അവസാന ഘട്ടത്തിലാണ്. മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളെ ഉൾപ്പെടെ ഏറെ പ്രതികൂലമായാണു ബാധിച്ചത്. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവ പൂർണമായും അടച്ചു. അടച്ചിടൽ വിദ്യാർഥികൾ, അധ്യാപകർ, അവരുടെ  കുടുംബങ്ങൾ എന്നിവരെ ബാധിക്കുക മാത്രമല്ല സാമ്പത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ നിർണായക ശക്തിയായ ഉന്നത വിദ്യാഭ്യാസമേഖലയെയും മഹാമാരി സാരമായി ബാധിച്ചു. അടിയന്തര ബദൽ നടപടികൾ എന്ന നിലയ്ക്ക് പല സർവകലാശാലകളും കോളേജുകളും ഓൺ‌ലൈൻ പഠനം, ഓപ്പൺ സോഴ്‌സ് ഡിജിറ്റൽ ലേണിങ്, മൂഡിൽ എന്നിവ ഉപയോഗിച്ച് വിദ്യാഭ്യാസ സംസ്കാരം പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ, ഈ രീതികൾ അവലംബിച്ചപ്പോഴും ഏറ്റവും പാവപ്പെട്ടവന്റെ മക്കൾ മേൽ ഡിജിറ്റൽ സംവിധാനങ്ങൾക്ക് പുറത്താണ് എന്നതാണ് യാഥാർഥ്യം. ഇവയ്ക്കെല്ലാം പരിഹാരമായി മാറണം ഈ മഹാമാരിക്കുശേഷമുള്ള നമ്മുടെ ക്യാമ്പസുകളുടെ തുറക്കൽ.  നേരിട്ടുള്ള പഠനരീതിക്ക്‌ പകരംവയ്‌ക്കാനാകില്ല ഓൺലൈൻ പഠനമെന്ന് ഈ കോവിഡ്കാലം മനസ്സിലാക്കിത്തന്നു.  കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസവകുപ്പ് വിപുലമായ ചർച്ചകളും തയ്യാറെടുപ്പുകളുമാണ് നടത്തിയത്, അധ്യാപക സർവീസ് സംഘടനകൾ, കോളേജ് പ്രിൻസിപ്പൽമാർ, മാനേജ്‌മെന്റുകൾ എന്നിവരുമായി  ഉന്നത വിദ്യാഭ്യാസമന്ത്രിതന്നെ നേരിട്ട് യോഗം ചേർന്ന് അഭിപ്രായരൂപീകരണം നടത്തി. അധ്യാപകർ, വിദ്യാർഥിസംഘടനകൾ, പിടിഎ എന്നിവയുടെ നേതൃത്വത്തിൽ കോളേജും പരിസരവും വൃത്തിയാക്കി. കോവിഡ് മാനദണ്ഡം പാലിച്ച്‌  ക്ലാസ്‌  നടത്തുന്നതിനും വാക്‌സിനേഷനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും കുട്ടികൾക്ക് വേണ്ട യാത്രാസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിലും മുന്നിൽനിന്ന് നയിക്കേണ്ടത് അധ്യാപകരാണ്. എന്തെങ്കിലും സാഹചര്യത്തിൽ കുട്ടികൾക്ക് ക്ലാസ് നഷ്ടമായാൽ ആ പാഠഭാഗങ്ങൾ പ്രത്യേകമായി പഠിപ്പിക്കാനും  ജാഗ്രത കാണിക്കണം. അങ്ങനെ അധ്യാപകരും  കുട്ടികളും രക്ഷിതാക്കളും പൊതുസമൂഹവും ഒന്നായി നഷ്ടപ്പെട്ടുപോയ  ക്യാമ്പസുകളുടെ സജീവത നമുക്ക് വീണ്ടെടുക്കാം. (എകെജിസിടി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ  ) Read on deshabhimani.com

Related News