ഇരുട്ടിൽ അൽപ്പം വെളിച്ചം - സി രാധാകൃഷ്ണൻ എഴുതുന്നു

photo credit thanu padmanabhan facebook


താണു പത്മനാഭൻ അകാലത്തിൽ ഓർമയായി. ഡോ. ജയന്ത് നാർലിക്കറിന് ശേഷം ഇന്ത്യയിലുണ്ടായ പ്രപഞ്ച ജ്ഞാനിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം രാവിലെ ഹൃദയാഘാതംമൂലം മരിക്കുമ്പോൾ 64 വയസ്സേ ആയിരുന്നുള്ളൂ. മലയാളിയായ അദ്ദേഹം ഡോ. എം ജി കെ മേനോന്ശേഷം ലോകത്ത് അറിയപ്പെടുന്ന ആദ്യത്തെ കേരളീയ ശാസ്ത്രജ്ഞനാണ്. താരതമ്യേന പുതിയ ശാസ്ത്രശാഖയാണ് പ്രപഞ്ച വിജ്ഞാനീയം. അക്ഷരാർഥത്തിൽ ഇരുട്ടിൽ തപ്പുന്ന പണിയാണ് ഈ രംഗത്തുള്ളവർ ചെയ്യുന്നത്. പ്രപഞ്ചത്തെക്കുറിച്ച് ആത്യന്തികമായ ധാരണ ഇപ്പോഴും ഇല്ല എന്ന കാര്യം ഈ രംഗത്തുള്ളവർക്കെല്ലാം പ്രചോദനവും വെല്ലുവിളിയുമാണ്. രണ്ടുഘട്ടമുണ്ട് ഈ ശാസ്ത്രത്തിന്. ആദികാലത്തെ അവ്യവസ്ഥിത അവസ്ഥയും പിന്നീട് സ്ഥലകാലങ്ങൾ ഉരുത്തിരിഞ്ഞതിന്‌ ശേഷമുള്ള കഥയും. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തേത് കുറേക്കൂടി വഴി അറിയാവുന്ന ഇടമാണ്. ഈ മേഖലയിലെ പഠനത്തിൽ ഉള്ളത് കാര്യമായും രണ്ട് പ്രശ്നമാണ്. ഒന്ന് പ്രപഞ്ചത്തിൽ ആദ്യവസാനം ഉള്ള സ്ഥിരാങ്കങ്ങളെ കുറിച്ചുള്ളത്. രണ്ട്, ആദ്യഘട്ടത്തിൽനിന്ന് രണ്ടാമത്തേതിലേക്കുള്ള ചുവടുമാറ്റത്തിന്റെ വിശേഷങ്ങൾ. അവ്യവസ്ഥയിൽനിന്ന് വ്യവസ്ഥയിലേക്കുള്ള ഈ മാറ്റം ഇപ്പോഴും ശാസ്ത്രജ്ഞരെ വല്ലാതെ വിഷമിപ്പിക്കുന്നു. അതിന്റെ കാര്യവും കാരണവും മനസ്സിലാക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇവിടെയാണ് പ്രൊഫ. താണു പത്മനാഭന്റെ കാര്യപ്പെട്ട സംഭാവന. അവ്യവസ്ഥിതി വ്യവസ്ഥിതിയുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതായിരുന്നു താണു പത്മനാഭന്റെ പഠനവിഷയം. ഈ വിനിമയത്തെ അദ്ദേഹം കോസ്മിക് ഇൻഫർമേഷൻ അഥവാ കോസ്മിൻ എന്ന് വിളിച്ചു. ഒട്ടേറെ സാധ്യതകൾ അദ്ദേഹം മുന്നോട്ടു വച്ചു. അവയുടെ ശരിതെറ്റുകൾ ഇപ്പോഴും പ്രശ്നമാണ്. കൂടുതൽ നന്നായി ഇഴപിരിച്ച് ആത്യന്തികമായ നേരിലേക്ക്‌ നയിക്കാൻ അദ്ദേഹം ഇനി ഇല്ല എന്നതാണ് സങ്കടകരമായ കാര്യം. അദ്ദേഹത്തിന്റെ വഴി പ്രയാസമേറിയതും സങ്കീർണവും ആയിരുന്നു. കൂടെ ചെല്ലാൻ മുതിർന്നവർക്ക് വളരെ ശ്രമകരവും. സങ്കീർണതകൾ ലളിതമായി വാക്കുകളിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് വിശേഷമായ കഴിവുണ്ടായിരുന്നു. അങ്ങനെയാണ് നമുക്കൊക്കെ പരിചിതങ്ങളായ കുറേ ലേഖനങ്ങൾ അദ്ദേഹം എഴുതിവച്ചത്. ആ അസാമാന്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ. Read on deshabhimani.com

Related News