ത്രിപുരയുടെ സമര സഖാവ്‌ - എം എ ബേബി എഴുതുന്നു



ത്രിപുരയിലെ സിപിഐ എമ്മിന്റെ ഏറ്റവും നിർണായക നാളുകളിൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച ബിജൻധറിന്റെ  മരണം വലിയ നഷ്ടമാണ്.  പ്രത്യേകിച്ച്, സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്ന ഗൗതം ദാസ് ഏതാനും ആഴ്ചകൾക്കു മുമ്പുമാത്രം മരണമടഞ്ഞ സാഹചര്യത്തിൽ. പൊളിറ്റ്ബ്യൂറോ യോഗത്തിനിടയിൽ ബിജൻധറിന്റെ ആരോഗ്യനിലയെക്കുറിച്ച് മണിക്‌ സർക്കാരുമായി സംസാരിക്കുകയുണ്ടായി. അപകടനില തരണംചെയ്തു എന്ന് പൂർണമായി ഉറപ്പിക്കാറായിട്ടില്ല എന്നാണ് കൊൽക്കത്തയിലെ  ആശുപത്രി അധികൃതർ അറിയിച്ചതെന്നാണ്‌ മണിക്‌ പറഞ്ഞത്. ഇപ്പോഴത്തെ ബംഗ്ലാദേശിൽ ജനിച്ച ബിജൻധർ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. പാർടി വിദ്യാഭ്യാസം, സംഘടനാപ്രവർത്തനം എന്നിവയിൽ കൂടുതൽ താൽപ്പര്യമെടുത്ത ബിജൻ യുവാവായിരിക്കുമ്പോൾമുതൽ കവിതകളും ഗാനങ്ങളും എഴുതാറുണ്ടായിരുന്നു. മാർച്ചിങ്‌ ഗാനങ്ങൾ എഴുതുന്നതിലായിരുന്നു കൂടുതൽ ഉത്സാഹം. ഇരുപത്തേഴാം വയസ്സിൽ പാർടി സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയിലെ ചെറുത്തുനിൽപ്പ്‌ സമരങ്ങളിലും പരസ്യമല്ലാത്ത സംഘടനാ പ്രവർത്തനങ്ങളിലും ബിജൻ വളരെ ത്യാഗപൂർവം പ്രവർത്തിക്കുന്നതിനിടയിൽ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കപ്പെട്ടു. അത്തരം അനുഭവപരിചയങ്ങൾകൂടി  കണക്കിലെടുത്താണ് ചെറുപ്പത്തിൽത്തന്നെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ടത്. 44–-ാം വയസ്സിൽ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  2008 മുതൽ 2018വരെ ഒരു പതിറ്റാണ്ടുകാലം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. മൂന്നുതവണ സെക്രട്ടറിയുടെ ചുമതല വഹിച്ചതിനെ തുടർന്ന്‌, പുതുക്കിയ ഭരണഘടന പ്രകാരം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇടതുമുന്നണി കൺവീനർ എന്ന നിലയിലും കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിലും തുടരുന്നതിനിടയിലാണ് കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. 1970ൽ ലെനിന്റെ ജന്മശതാബ്ദി വേളയിൽ ബിജൻധർ എഴുതിയ ഒരു മാർച്ചിങ്‌ ഗാനത്തിന്റെ ആശയം ഇപ്രകാരമാണ്‌. ‘‘ലെനിൻ ലോക വിമോചനനായകൻ സമത്വ ലോകത്തിന്റെ അഗ്നിനാളം ലെനിൻ സമരപാതകളിൽ  ലെനിന്റെ നാമം മുഴങ്ങുന്നു മോചനത്തിന്റെ അഗ്രദൂതന്‌ പര്യായം സമരം സമരം സമരം’’ കമ്യൂണിസ്റ്റ് പാർടിയിൽ സംഘടനയിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും സാംസ്‌കാരിക മുന്നണിയിലും  ക്രിയാത്മകമായി പ്രവർത്തിക്കുന്നതിൽ  മുഴുകിയ സഖാവ് പാർലമെന്ററി മത്സര രംഗത്തേക്ക് വരാൻ ഒട്ടും താൽപ്പര്യം കാട്ടിയിരുന്നില്ല.വളരെ വലിയ മാതൃകയാണിത്. അന്ത്യാഭിവാദ്യങ്ങൾ പ്രിയ സഖാവേ... Read on deshabhimani.com

Related News