ജുഡീഷ്യറിയും അയ്യൻകാളിയുടെ 
സമുദായക്കോടതികളും



നവോത്ഥാന നായകൻ മഹാത്മ അയ്യൻകാളിയുടെ 81–-ാം ചരമവാർഷികദിനമാണ്‌ ഇന്ന്. ജാതിവിവേചനങ്ങളുടെ ഇരുണ്ട കള്ളികളിൽനിന്ന്‌ ദളിത്  ജനതയെ അവകാശബോധമുള്ളവരാക്കി മാറ്റുന്നതിനും ജനാധിപത്യത്തിന്റെ പ്രത്യാശാഭരിതമായ തുറന്ന ലോകത്തേക്ക് അവരെ നയിക്കുന്നതിനും അഞ്ചു പതിറ്റാണ്ടുകാലം പോരാടിയ അയ്യൻകാളിയുടെ പ്രവർത്തനങ്ങളുടെ പ്രസക്തിയും ഒട്ടും കുറഞ്ഞിട്ടില്ലെന്ന വസ്തുത ശരിവയ്‌ക്കുന്നതാണ് ഇന്ത്യയിലെ ഇന്നത്തെ ദളിത് അവസ്ഥ. ദിനംപ്രതിയെന്നോണം ജാതിവെറിയുടെ പേരിൽ ദളിതർക്കുനേരെ  അതിക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്ത് വർധിച്ചുവരികയാണെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുകളും പാർലമെന്റിൽ നൽകിയിട്ടുള്ള മറുപടികളും സൂചിപ്പിക്കുന്നു. ജുഡീഷ്യറിയാകട്ടെ ഭരണഘടന വിഭാവനംചെയ്യുന്ന പട്ടികവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് മാത്രമല്ല, അത്തരം അവകാശങ്ങൾ അട്ടിമറിക്കുന്നതിന് സഹായകരമായ നിലപാടു സ്വീകരിക്കുകയും ചെയ്യുന്നു. നീതി നിഷേധിക്കപ്പെടുന്നവരുടെ  അവസാന പ്രതീക്ഷയായ ജുഡീഷ്യറിയുടെ സമീപകാല നിലപാടുകളെ ഏറെ ആശങ്കയോടുകൂടിയാണ് ഇന്ത്യയിലെ ദളിത് സമൂഹം നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിലാണ് അയ്യൻകാളി നവോത്ഥാന കാലഘട്ടത്തിൽ സ്ഥാപിച്ച സമുദായക്കോടതികളെക്കുറിച്ച് ഓർക്കേണ്ടത്. തിരുവിതാംകൂറിൽ രാജഭരണകാലത്ത് നീതിനിർവഹണം ജാതി അടിസ്ഥാനത്തിലായിരുന്നു. അടിമജാതിക്കാർക്ക് മൃഗങ്ങളുടെ പരിഗണനപോലും ലഭിച്ചിരുന്നില്ല. ബ്രാഹ്മണന് ബ്രാഹ്മണനും ശൂദ്രന് ശൂദ്രനും വൈശ്യന് വൈശ്യനുമായിരുന്നു  സാക്ഷി പറയേണ്ടിയിരുന്നത്. സ്ത്രീകളുടെയും അടിമകളുടെയും തെളിവ് സ്വീകാര്യയോഗ്യമായിരുന്നില്ല. സമുദായക്കോടതി സ്ഥാപിക്കുകവഴി സവർണ താൽപ്പര്യംമാത്രം ഉയർത്തിപ്പിടിച്ചിരുന്ന അനീതിയുടെ കോട്ടകൊത്തളങ്ങളെ വെല്ലു വിളിക്കുകയായിരുന്നു അയ്യൻകാളി. കോടതിവളപ്പിലെ പ്ലാമൂട്ടിലാ (മരച്ചുവട്ടിൽ)ണ് അവർക്കുവേണ്ടിയുള്ള കോടതി കൂടിയിരുന്നത്. ഈ വിവേചനത്തിനെതിരെയാണ് സാധുജനപരിപാലന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബദൽ കോടതികൾ സ്ഥാപിച്ചതും ഔപചാരികമായ പ്ലാമൂട് കോടതികൾ തകർത്തതും. ഇന്ത്യയിലെ പരമോന്നത നീതിപീഠം  ജഡ്ജിമാരുടെ നിയമനങ്ങളിൽ സാമൂഹ്യനീതി പാലിക്കാത്ത നിലപാട് വാസ്തവത്തിൽ ഭരണഘടനാ വിരുദ്ധമാണ്. Read on deshabhimani.com

Related News