ഗാന്ധിവധം സവർക്കറുടെ 
അറിവോടെ

ഗാന്ധിവധത്തിലെ പ്രതികളായ നാഥുറാം ഗോഡ്‌സെ, നാരായൺ ആപ്തെ, വിഷ്‌ണു ഖാർക്കറെ (മുൻനിരയിൽ ഇടത്തുനിന്ന്‌ വലത്തേക്ക്‌), ദിഗംബർ രാമചന്ദ്ര ബാഗ്‌ദെ, ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്‌സെ (രണ്ടാം നിരയിൽ ഇടത്തുനിന്ന്‌ വലത്തേക്ക്‌), വിനായക്‌ ദാമോദർ സവർക്കർ, ഡി എസ്‌ പർച്ചുരെ എന്നിവർ വിചാരണാ വേളയിൽ


‘1948 ജനുവരി 14, നാഥുറാം ഗോഡ്‌സെയും നാരായൺ ആപ്‌തെയും ഹിന്ദുമഹാസഭാ അംഗവും ആയുധ ഇടനിലക്കാരനുമായ ദിഗംബർ ബാഡ്‌ഗെയ്‌ക്കൊപ്പം ബോംബെയിലെ സവർക്കർ സദനിൽ എത്തി. തോക്കും ഗ്രനേഡും ഡിറ്റണേറ്ററും വയറുകളും അടങ്ങുന്ന ബാഗുമായാണ്‌ ഇവർ എത്തിയിരുന്നത്‌. സവര്‍ക്കറുടെ മുറിയിലേക്ക്‌ ഏതുനിമിഷവും കടന്നുചെല്ലാൻ അനുമതിയുള്ളവരായിരുന്നു ഗോഡ്‌സെയും നാരായൺ ആപ്‌തെയും. ദിഗംബർ ബാഡ്‌ഗെയിൽനിന്ന്‌ ആയുധങ്ങൾ സൂക്ഷിച്ച ബാഗ്‌ വാങ്ങി  ഗോഡ്‌സെയും ആപ്‌തെയും സവർക്കറെ കണ്ടു. ബാഡ്‌ഗെയോട്‌ പുറത്തിരിക്കാൻ പറഞ്ഞു. 10 മിനിറ്റിനകം ഇരുവരും പുറത്തേക്ക്‌ വന്നു. ശേഷം തങ്ങൾക്കുമുമ്പേ സവർക്കർ സദനിൽ എത്തിയ മദൻലാൽ പഹ്‌വയോടും വിഷ്‌ണു കർക്കരെയോടും ആയുധങ്ങളുമായി ഡൽഹിയിലേക്ക്‌ പുറപ്പെടണമെന്ന്‌ നിർദേശിച്ചു. വിഭജനശേഷം പാകിസ്ഥാനിൽനിന്ന്‌ എത്തിയ പഞ്ചാബി അഭയാർഥിയായിരുന്നു പഹ്‌വ. കർക്കരെ ഹിന്ദുമഹാസഭാ പ്രവർത്തകനും. സവർക്കറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെ ആപ്‌തെ ഡൽഹി യാത്രയിൽ തങ്ങളോടൊപ്പം ചേരാൻ ബാഡ്‌ഗെയോട്‌ ആവശ്യപ്പെട്ടു. ബാഡ്‌ഗെ പുണെയിലേക്ക്‌ പോയി ജനുവരി 17നു മടങ്ങിയെത്തി ഗോഡ്‌സെയ്‌ക്കും ആപ്‌തെയ്‌ക്കുമൊപ്പം ചേർന്നു. ഡൽഹിയിലേക്ക്‌ പോകുംമുമ്പ്‌ സവർക്കരെ അവസാനമായി ഒന്നുകൂടെ കാണാൻ ഗോഡ്‌സെ ആഗ്രഹിച്ചു. അങ്ങനെ മൂവരും വീണ്ടും സവർക്കർ സദനിൽ എത്തി. ഗോഡ്‌സെയും ആപ്‌തെയും മുകൾനിലയിലെ മുറിയിൽ കയറി സവർക്കറെ കണ്ടു. തിരിച്ചിറങ്ങുമ്പോൾ ‘വിജയശ്രീലാളിതരായി മടങ്ങിവരൂ’ എന്ന്‌ സവർക്കർ ഇവരോട്‌ പറഞ്ഞു. ഗാന്ധിവധത്തിൽ പിന്നീട്‌ മാപ്പുസാക്ഷിയായ ബാഡ്‌ഗെയുടെ മൊഴി ഇങ്ങനെ: ‘സവർക്കർ സദനിൽനിന്നും പുറപ്പെടവെ ഗാന്ധിജി, ജവാഹര്‍ലാല്‍ നെഹ്‌റു, സുഹ്‌റാവാര്‍ദി എന്നിവരെ തീര്‍ത്തുകളയണമെന്ന് താത്യാറാവു (സവര്‍ക്കര്‍) തീരുമാനിച്ചുവെന്നും ആ ജോലി തങ്ങളെ ഏൽപ്പിച്ചെന്നും ആപ്തേ എന്നോട് പറഞ്ഞു.’ ആർഎസ്‌എസിനെ 
നിരോധിക്കുന്നു 1948 ഫെബ്രുവരി 4:- ആർഎസ്‌എസ്‌ രാജ്യത്ത്‌ അനഭിലഷണീയവും അപകടകരവുമായ പ്രവർത്തനങ്ങൾ നടത്തുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ആർഎസ്‌എസ്‌ അംഗങ്ങൾ തീവയ്‌പ്‌, കവർച്ച, കൊള്ള, കൊലപാതകം എന്നിവയുൾപ്പെടുന്ന അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ മാർഗങ്ങൾ അവലംബിക്കാനും തോക്കുകൾ ശേഖരിക്കാനും സർക്കാരിനെതിരെ അതൃപ്‌തി സൃഷ്‌ടി‌ക്കാനും പൊലീസിനെയും സൈന്യത്തെയും കീഴ്പ്പെടുത്താനും ആളുകളെ പ്രേരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചു. ഇതെല്ലാം രഹസ്യമായാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. –- സംഘത്തിന്റെ ആക്ഷേപകരവും ഹാനികരവുമായ പ്രവർത്തനങ്ങൾ തുടരുകയും ഇതിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട ആളുകളാൽ നിരവധി പേർ ആക്രമണത്തിന്‌ ഇരകളാകുകയും ചെയ്‌തു. ഇതിൽ ഏറ്റവും അവസാനത്തേത്‌ ഗാന്ധിജിയാണ്‌.  –- അക്രമം വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇതിന്റെ ആദ്യപടിയായി സംഘത്തെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നു. കൊന്നിട്ടും കലിതീരാതെ ഒരിക്കൽ കൊല്ലപ്പെട്ടിട്ടും കൊലയാളിയുടെ പിന്മുറക്കാരാൽ നിരന്തരം കൊല്ലപ്പെടുന്ന രക്തസാക്ഷിയാണ് മഹാത്മാഗാന്ധി. 1948 ജനുവരി മുപ്പതിന്‌ ഡൽഹി ബിർള മന്ദിരത്തിന്‌ സമീപം നാഥൂറാം വിനായക്‌ ഗോഡ്‌സെയെന്ന ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ്‌ ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചെങ്കില്‍ പിന്നീടിങ്ങോട്ട് ഗോഡ്‌സെയുടെ പിന്മുറക്കാർ അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതൽ ഹിന്ദുമഹാസഭ ജനുവരി 30 "ശൗര്യദിവസ്‌’ആയി ആചരിക്കുന്നു.  2019ല്‍ ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ പ്രതീകാത്മകമായി നിറയൊഴിച്ചുകൊണ്ടാണ് ശൗര്യദിവസ് ആചരിച്ചത്. അതിന് തൊട്ടുമുമ്പ്‌ അവര്‍ ഗോഡ്‌സെയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. ഇരുപതോളം നഗരങ്ങളിൽ ഗോഡ്‌സെയ്‌ക്കായി സംഘപരിവാർ അമ്പലം കെട്ടി പൂജനടത്തുന്നു.യുപി മീററ്റിൽ ഗോഡ്‌സെ ക്ഷേത്രത്തിന്റെ കാവൽക്കാരനും പൂജാരിയുമായ അശോക്‌ വർമ അടുത്തിടെ പറഞ്ഞത്‌ രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയെന്നും ഗോഡ്‌സെ യഥാർഥ രാജ്യസ്‌നേഹിയാണെന്നുമാണ്‌. ഗാന്ധിജി രാജ്യദ്രോഹിയാണെന്ന്‌ ജനം മനസ്സിലാക്കിയിട്ടുണ്ടെന്നും വർമ നിർലജ്ജം പറഞ്ഞു. രാജ്യത്താദ്യമായി ഗോഡ്‌സെയ്‌ക്ക്‌ പ്രതിമ ഉയർന്നതും മീററ്റിലാണ്. ഗുജറാത്തിലെ സ്‌കൂൾ പരീക്ഷയിൽ "ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്‌തു' എന്ന ചോദ്യം പ്രത്യക്ഷപ്പെട്ടു. ഗാന്ധിവധത്തിന്റെ മസ്‌തിഷ്‌കമായി പ്രവർത്തിച്ച വി ഡി  സവർക്കറെ രാഷ്‌ട്രപിതാവാക്കാനാണ്‌ ഹിന്ദുത്വ തീവ്രവാദികളുടെ ഏറ്റവും പുതിയ ശ്രമം. ബ്രിട്ടീഷ്‌ തടവറയിൽനിന്ന്‌ മാപ്പപേക്ഷ നൽകാൻ സവർക്കറെ നിർബന്ധിച്ചത്‌ ഗാന്ധിജിയാണെന്ന പ്രചാരണം രാജ്യത്തിന്റെ പ്രതിരോധമന്ത്രിതന്നെ ഏറ്റുപിടിക്കുകയാണ്. ഹിന്ദു രാഷ്‌ട്രമെന്ന ആർഎസ്എസ്‌ സ്വപ്‌നത്തിന്‌ ഗാന്ധിജിയുടെ ഓർമകൾ വിലങ്ങുതടിയാണ്‌. അടിമുടി ആർഎസ്‌എസ്‌ രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന തീവ്ര ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്സെ  ആർഎസ്എസുകാരൻ ആയിരുന്നോ? പതിറ്റാണ്ടുകളായി പല വേദികളിൽ, പല സാഹചര്യങ്ങളിൽ സംഘപരിവാറുകാർ ‘തീർത്തും നിഷ്കളങ്കമായി' ഉയർത്തുന്ന സംശയമാണ്‌ ഇത്. 1938ൽ ഗോഡ്‌സെ തന്റെ ആർഎസ്എസ് അംഗത്വം രാജിവച്ചതായ വാദത്തിൽ ഊന്നിയാണ് മുമ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയും നടക്കുന്ന ഈ വ്യാജ പൊതുബോധനിർമിതി. ഗാന്ധിവധത്തിന്റെ രക്തക്കറ കഴുകിക്കളയാൻ ആർഎസ്എസ് കിണഞ്ഞുശ്രമിക്കുമ്പോഴും മരണംവരെ ഗോഡ്‌സെ ആർഎസ്എസുകാരൻ ആയിരുന്നെന്ന് ആവർത്തിക്കുകയാണ്‌ ഗോഡ്‌സെയുടെ കുടുംബാംഗങ്ങൾ. ആർഎസ്‌എസിന്റെ ആശയാടിത്തറയായ ഹിന്ദുത്വ പ്രത്യയശാസ്‌ത്രം ആവിഷ്‌കരിച്ച വി ഡി  സവർക്കറുടെ അടുത്ത അനുയായി ആയിരുന്നു നാഥുറാം. സവർക്കറുടെ ഭവനത്തിലെ നിത്യസന്ദർശകനും. അതിനെല്ലാം ഉപരിയാണ് ഗാന്ധിവധത്തിൽ കൂട്ടുപ്രതി ആയിരുന്ന മറ്റൊരു ഗോഡ്‌സെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ വാക്കുകൾ. ‘ഞങ്ങൾ ഗോഡ്‌സെ സഹോദരർ എല്ലാവരും വീട്ടിലേക്കാൾ, ആർഎസ്എസ് ശാഖകളിൽ വളർന്നവരാണ്. നാഥുറാം പിന്നീട് ബൗദ്ധിക് കാര്യവാഹക് ആയി. ഗാന്ധിവധത്തിനുശേഷം ഗോൾവാൾക്കറും മറ്റ് ആർഎസ്എസ്- ഹിന്ദുമഹാസഭാ നേതാക്കളും വളരെയേറെ പ്രശ്നങ്ങൾ നേരിട്ടു. അവരെ രക്ഷിക്കാനാണ് താൻ ആർഎസ്എസ് വിട്ടതായി നാഥുറാം പറഞ്ഞത്. എന്നാൽ, ഒരിക്കലും അദ്ദേഹം ആർഎസ്എസിനെ ഉപേക്ഷിച്ചിരുന്നില്ല'–-- ‘ഞാൻ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ വധിച്ചു' എന്ന നാഥുറാമിന്റെ പുസ്തകം 1993 ഡിസംബറിൽ പുറത്തിറങ്ങിയശേഷം ഗോപാൽ ഫ്രണ്ട്‌ലൈന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ്‌ ഇത്. ‘ഹിന്ദുരാഷ്ട്രമായ ഭാരതത്തെ ഒറ്റുകൊടുത്ത’ ഗാന്ധിജിയെ കൊന്ന രാത്രി മുഴുവൻ തങ്ങൾ ആഘോഷിക്കുകയായിരുന്നെന്ന ഗോപാൽ ഗോഡ്‌സെയുടെ മറ്റൊരു അഭിമുഖവും യു ട്യൂബിൽ ലഭ്യമാണ്. 1932ൽ ആർഎസ്എസിൽ ചേർന്ന നാഥുറാം ആജീവനാന്തം അതിൽനിന്ന് പുറത്തുവരികയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഗോപാൽ ഗോഡ്‌സെയുടെ ചെറുമകൻ സത്യകി സവർക്കറും പറയുന്നു.  ഗാന്ധിജിയെ കൊന്നതിന്‌ 1949 നവംബർ പതിനഞ്ചിനാണ്‌ നാഥുറാം തൂക്കിലേറ്റപ്പെട്ടത്‌.  തൂക്കിലേറ്റപ്പെടുന്നതിന്‌ തൊട്ടുമുമ്പായി,  ഗോഡ്‌സെ അവസാനമായി ചൊല്ലിയ സംസ്കൃത വരികളെങ്കിലും ആർഎസ്‌എസിന്‌ തള്ളിപ്പറയാനാകില്ല. 1939ൽ ആർഎസ്‌എസ്‌ ഗണഗീതമായി അംഗീകരിച്ച ‘നമസ്തേ സദാ വത്സലേ' എന്നാരംഭിക്കുന്ന വരികളായിരുന്നു 1938ൽ ആർഎസ്‌എസിൽനിന്ന്‌ രാജിവച്ചതായി പറയപ്പെടുന്ന ഗോഡ്‌സെ അവസാനമായി ഉച്ചരിച്ചത്‌. Read on deshabhimani.com

Related News