ജീവിതപാഠങ്ങൾകൂടി നല്‍കുന്ന കോവിഡ് കാല പരീക്ഷകള്‍



മെയ് 26 മുതലുള്ള അഞ്ചു ദിവസം സംസ്ഥാനത്ത്‌ പത്തും പന്ത്രണ്ടും ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷയുടെ ദിനങ്ങളാണ്. ലോക്‌ഡൗണിൽ തെല്ലൊരു ആലസ്യത്തിൽ വീണുപോയ ചില കുട്ടികൾക്ക് പരീക്ഷ ദേ, വന്നെന്ന് പെട്ടെന്ന് കേൾക്കുമ്പോൾ നെഞ്ചിടിപ്പ് കൂടിയേക്കാം. ഇടവേളയ്‌ക്കുശേഷമുള്ള പരീക്ഷാ പ്രകടനം നന്നാകുമോയെന്ന പേടിയും സ്വാഭാവികം. നാളെ നാളെയെന്ന്‌ ഒരു നിശ്ചയവുമില്ലാതെ നീളുന്നതിനേക്കാൾ നല്ലതല്ലേ കാര്യങ്ങൾ തീരുന്നത്? എപ്പോൾ വേണമെങ്കിലും നേരിടാമെന്ന നിലപാടുകൾ ജീവിത വിജയത്തിന് ഗുണമേ നൽകൂ. പഠിച്ചതൊക്കെ തീർച്ചയായും  മനസ്സിലുണ്ടാകും. വേവലാതികൾക്ക് വിട ചൊല്ലി അതൊക്കെ പൊടിതട്ടി എടുക്കണം.  ആത്മവിശ്വാസത്തോടെ  പരീക്ഷ  ധൈര്യമായി എഴുതണം.  മുമ്പ് നടന്ന പരീക്ഷകൾക്ക് ചെയ്തതുപോലുള്ള തയ്യാറെടുപ്പുകൾ ഈ ദിവസങ്ങളിലും വേണം. പരീക്ഷാഹാളിൽ കയറുമ്പോൾ  മനസ്സ് ശാന്തമായിരിക്കണം. ചോദ്യങ്ങൾ സൂക്ഷ്മതയോടെ വായിക്കുക. സമയം കൃത്യമായി  കൈകാര്യം ചെയ്യുക. അറിയാത്ത ചോദ്യങ്ങൾ കണ്ട് പേടിക്കരുത്. അറിയുന്നത് നന്നായി എഴുതുക. ഒരു ചോദ്യവും വിടരുത്. ഫലത്തെക്കുറിച്ച് പരീക്ഷ എഴുതുമ്പോൾ ആലോചന പാടില്ല.    കോവിഡ്  വിവരവിപ്ലവത്തിൽപ്പെട്ട് അതിനെ  ഭീതിയാക്കി മാറ്റിയ ചില കുട്ടികൾക്ക് സ്‌കൂളിലെത്തുമ്പോൾ അസുഖം പിടിപെടുമോ എന്ന ആശങ്കയുണ്ടാകാം. തെർമൽ സ്‌ക്രീനിങ്‌  പുതിയ അനുഭവമാകും. ടെൻഷൻ വേണ്ട. സാനിറ്റൈസറും മാസ്കും സാമൂഹ്യ അകലവും രോഗപ്പകർച്ചാസാധ്യത കുറയ്‌ക്കുമെന്ന്  വിശ്വസിക്കണം.  പരീക്ഷ തീരുംവരെ കണ്ണിൽ എണ്ണ ഒഴിച്ച് സ്‌കൂളിന് പുറത്തുനിൽക്കുന്ന മാതാപിതാക്കളോട്  അകലം പാലിക്കണമെന്ന്‌ മക്കൾതന്നെ പറയണം. ‘ചൈൽഡ് ഈസ് ദി ഫാദർ ഓഫ് മാൻ’ എന്നല്ലേ കവി വാക്യം? ഇത്രയുംനാൾ കാണാതിരുന്ന ചങ്ങാതിമാരെ കാണുമ്പോൾ  ഒന്നു മിണ്ടാനും തോളിൽ കൈചുറ്റി ഒരു ചങ്ങാത്ത കൂടാനുമുള്ള ആവേശം അടക്കാൻ പറ്റാത്തവരുണ്ട്. അത്‌ നിയന്ത്രിക്കണം. അകന്നുനിൽക്കുകയാണ്‌ സുരക്ഷിതം. പരീക്ഷ എഴുതിക്കഴിഞ്ഞ്‌ ചോദ്യപേപ്പർ ചർച്ച ചെയ്യാനും മറ്റുള്ളവർ എങ്ങനെ എഴുതിയെന്ന്  അറിയാനുമുള്ള  കൗതുകം കൂടുമ്പോൾ ഈ തത്വം മറന്നുപോകരുത്‌. വീട്ടിൽ പോയി ഫോണിൽ ചോദിച്ചാൽമതി. അവസാന പരീക്ഷ കഴിയുമ്പോഴുള്ള കൂട്ട് ചേർന്നുള്ള ആഘോഷങ്ങൾ പറ്റില്ല. കെട്ടിപ്പിടിച്ചും കൈ കുലുക്കിയുമൊക്കെയുള്ള വൈകാരിക വിട ചൊല്ലലും അതിന്റെ സെൽഫി എടുക്കലും ഒഴിവാക്കണം. സങ്കടപ്പെടേണ്ട. മനസ്സിലെ ചങ്ങാത്തം പച്ചപ്പോടെ നിന്നാൽമതി. ഊഷ്മള പ്രകടനങ്ങൾക്കുള്ള കാലം വരും. അകലം പാലിച്ചുതന്നെ കൂട്ടുകൂടാം. തുറന്ന് ശ്വാസംവിടാതെ  മാസ്ക് കെട്ടി എഴുതിയ ഈ പരീക്ഷകൾക്ക് ആ കാരണത്താൽ മോഡറേഷൻ ഉണ്ടാകുമോയെന്ന കുസൃതിച്ചോദ്യം ആരും ചോദിക്കരുത്. ജീവിതം ഇങ്ങനെയൊക്കെ ആകാമെന്നും, ശുചിത്വചിട്ടകൾ പാലിച്ചേ പറ്റൂവെന്നുമുള്ള ഫീസില്ലാ പാഠങ്ങൾക്ക് നന്ദി ചൊല്ലാം. ഓർക്കാപ്പുറത്ത്‌ വെല്ലുവിളികൾ നിറയുന്ന ഒരു ജീവിതത്തിനുള്ള മോഡൽ പരീക്ഷയല്ലേ ഈ കോവിഡ്കാല പൊതു പരീക്ഷയും. രണ്ടിലും വിജയിക്കുക. (എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധൻ) Read on deshabhimani.com

Related News