ഒഴുക്ക് തുടരും; ആ ടാങ്ക് കാലിയാകും - എ കെ ബാലൻ എഴുതുന്നു



ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രമുഖനായ എ കെ ജി പാവങ്ങളുടെ പടത്തലവൻ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള തിരുവനന്തപുരത്തെ എ കെ ജി സെന്റർ പുതിയ കേരളത്തെ രൂപപ്പെടുത്തുന്നതിൽ വിപ്ലവകരമായ പങ്കുവഹിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ആശാകേന്ദ്രമായ എ കെ ജി സെന്റർ മതനിരപേക്ഷതയുടെയും വിശ്വമാനവികതയുടെയും സംരക്ഷണകേന്ദ്രവുമാണ്. എ കെ ജിയോടും എ കെ ജി സെന്ററിനോടും ജനങ്ങൾക്ക് വൈകാരികമായ അടുപ്പമാണുള്ളത്. കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും കെ മുരളീധരനും എ കെ ജി സെന്ററിനെക്കുറിച്ച് നടത്തിയ ഹീനമായ പരാമർശം ജനാധിപത്യബോധമുള്ള ഏവരെയും വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണ്. കോൺഗ്രസിന്റെ തെറ്റായ പോക്കിൽ മനംമടുത്തവർ ബിജെപിയിലേക്ക് പോകാതെ സിപിഐ എമ്മിലേക്ക് വരുന്നതാകാം ഇത്തരം മോശമായ പരാമർശം നടത്താൻ അവരെ പ്രേരിപ്പിച്ചത്. വേണ്ടിവന്നാൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാളാണല്ലോ കെപിസിസി പ്രസിഡന്റായി ഇരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ എ കെ ജി സെന്ററിൽ വന്ന് കോൺഗ്രസിൽനിന്ന് രാജിവച്ചതായി പ്രഖ്യാപിക്കുകയും സിപിഐ എമ്മുമായി യോജിച്ചു പ്രവർത്തിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. കൊല്ലത്തുനിന്നുള്ള മറ്റൊരു കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ എ കെ ജി സെന്ററിൽ എത്തി സിപിഐ എമ്മുമായി യോജിച്ചു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സംഭവങ്ങളാണ് കെപിസിസി പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്ന് വ്യക്തം. ഇക്കാലയളവിൽ കോൺഗ്രസിൽനിന്ന് ആദ്യം രാജിവച്ചത് പാലക്കാട്ടെ എ വി ഗോപിനാഥാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് സ്വീകരിക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. ഇതാണോ സെമി കേഡർ? വരുംദിവസങ്ങളിൽ കോൺഗ്രസിൽനിന്ന് ഇടതുപക്ഷത്തേക്ക്, പ്രത്യേകിച്ച് സിപിഐ എമ്മിലേക്കുള്ള ഒഴുക്ക് ശക്തിപ്പെടാനാണ് പോകുന്നത്. അത് കോൺഗ്രസിന് കനത്ത ആഘാതമായി മാറുകയും ചെയ്യും. കെപിസിസി പ്രസിഡന്റ്‌ പ്രഖ്യാപിച്ച സെമി കേഡർ സംവിധാനംകൊണ്ടൊന്നും തടഞ്ഞുനിർത്താനാകില്ല. സെമി കേഡർ സംവിധാനത്തിലേക്ക് പോകുന്നതിനേക്കാൾ നല്ലത് പൂർണ കേഡർ സംവിധാനത്തിലേക്ക് പോകുന്നതായിരിക്കുമെന്ന് കോൺഗ്രസുകാർ ചിന്തിക്കുന്നുവെങ്കിൽ കുറ്റം പറയാനാകില്ലല്ലോ. ഒരു കേഡർ പാർടിക്ക് ശക്തമായൊരു പ്രത്യയശാസ്ത്രം വേണം, രാഷ്ട്രീയനയം വേണം. അത്‌ ഇല്ലാത്തിടത്തോളം സെമി കേഡർ നയമെന്നു പറയുന്നത് തനിക്ക് ഇഷ്ടപ്പെട്ട ആളുകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനും ഇഷ്ടമില്ലാത്തവരെ പറഞ്ഞയക്കാനുമുള്ള അടവ് മാത്രം.   കോൺഗ്രസിലെ ഐ, എ എന്നീ രണ്ടു വിഭാഗക്കാരും എ കെ ജി സെന്ററിൽ എത്തിയിട്ടുണ്ട്. എൽഡിഎഫുമായി ചേർന്ന് കോൺഗ്രസിലെ ഒരുവിഭാഗം ഭരണത്തിൽ പങ്കാളികളായി. കെ കരുണാകരനും മകനും ഡിഐസി എന്ന വേഷത്തിൽ സിപിഐ എമ്മുമായി സഹകരിച്ചിട്ടുണ്ട്. സിപിഐ എമ്മുമായുള്ള സമ്പർക്കത്തിന്റെ ഫലമായി കേരളത്തിൽ മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലെന്ന് അവർ മനസ്സിലാക്കിയിട്ടുമുണ്ട്. സംഘടനാ കോൺഗ്രസിൽ പ്രവർത്തിച്ച്, അവിടെനിന്ന് ജനതാ പാർടിയിൽ ചേർന്ന് പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ സുധാകരന്റെ രാഷ്ട്രീയ യാത്രയിൽ അദ്ദേഹത്തിന്റെ നേതാക്കളായ എം കമലവും ഗോപാലനും എ കെ ജി സെന്ററിൽ വന്നു. അന്ന് അവരോടൊപ്പം തലയിൽ മുണ്ടിട്ട് ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. എ കെ ജി സെന്ററിലേക്ക് വരാത്തവരായി അധികം പേരൊന്നും കോൺഗ്രസിലില്ല. രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഒഴിവാക്കാം. ചിലർ പ്രകടമായി വന്നു; മറ്റു ചിലർ തലയിൽ മുണ്ടിട്ടുവന്നു. അവരൊക്കെ ചണ്ടികളായിരുന്നോ? എ കെ ജി സെന്ററിൽ എത്രയോ മുമ്പുതന്നെ വരേണ്ടതായിരുന്നുവെന്നാണ് കെ പി അനിൽകുമാർ പറഞ്ഞത്. എ കെ ജി സെന്ററിനെ കുപ്പത്തൊട്ടിയെന്ന് പറഞ്ഞാൽ അത് കോൺഗ്രസുകാർ പോലും അംഗീകരിക്കില്ല. കോൺഗ്രസിലുള്ള അസംതൃപ്തിയും പൊട്ടിത്തെറിയുംമൂലം ബിജെപിയിലേക്ക് നല്ലൊരു ഒഴുക്ക് ഉണ്ടാകേണ്ടതാണ്. അത് നടക്കാത്തതിനു കാരണം ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ സിപിഐ എം നടത്തുന്ന പ്രത്യയശാസ്ത്ര, രാഷ്ട്രീയ ആക്രമണമാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് ഒരു കേഡർ പാർടിയായി ബിജെപി- സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് തിരിച്ചറിയുന്നവരാണ് കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് പോകാതെ സിപിഐ എമ്മിലേക്ക് വരുന്നതെന്ന് കെ പി അനിൽകുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ സിപിഐ എം ഒരു ചെറിയ പാർടിയാണ്. എന്നാൽ, ശക്തമായ ആശയം ഉയർത്തിപ്പിടിച്ച് ഒട്ടും ഇടർച്ചയില്ലാതെ ബിജെപിക്കെതിരായും ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടിയും പോരാടുന്ന പ്രസ്ഥാനമാണത്. പുകഞ്ഞകൊള്ളി പുറത്തെന്നാണ് കോൺഗ്രസ്‌ നേതൃത്വം പറയുന്നത്. പുകയാത്ത കൊള്ളികളും പുറത്തുവരാൻ പോകുകയാണ്. കോൺഗ്രസിനുള്ളിലെ അമർന്നുകത്തൽ അവർ കാണുന്നില്ല. പാത്രത്തിൽ വെള്ളം കൂടിയാൽ അത് പുറത്തുപോകുമെന്നും ഞങ്ങളുടെ ടാങ്ക് ഫുൾ ആണെന്നുമാണ് കെ മുരളീധരൻ പറയുന്നത്. അദ്ദേഹം സ്വപ്നാടനത്തിൽ പറയുന്നതാണിത്. യഥാർഥത്തിൽ ടാങ്ക് കാലിയാണ്. കോൺഗ്രസ്‌ സർവനാശത്തിലേക്കാണ് സഞ്ചരിക്കുന്നത്. ആർക്കും ഇനി കോൺഗ്രസിനെ രക്ഷിക്കാനാകില്ല. Read on deshabhimani.com

Related News