കാലം മിടിച്ച രചനകൾ

എംടി വാസുദേവൻ നായർ, പുനത്തിൽകുഞ്ഞബ്ദുള്ള, യുഎ ഖാദർ


നവോത്ഥാന കഥാപാരമ്പര്യത്തിന്റെ തുടർകണ്ണിയായിരുന്നു യു എ ഖാദർ. കാരൂർ, പൊൻകുന്നം, ലളിതാംബിക, ബഷീർ, ഉറൂബ്, പൊറ്റെക്കാട്ട് എന്നിവരിലൂടെ നാൽപ്പതുകളോടെ സജീവമായ നവോത്ഥാന സാഹിത്യത്തിന് എൺപതുകളിൽ മങ്ങലേറ്റു. ആധുനികതയുടെ വരവിൽ എഴുത്തിന്റെ ലോകം മാറി. നാട്ടുജീവിതത്തിന്റെ അനുഭവലോകവും ശൈലിയും തിരസ്കരിക്കപ്പെട്ടു. നവീനമായെങ്കിലും ആകപ്പാടെയുള്ള പറിച്ചുനടൽ സാഹിത്യത്തിന്റെ ജനകീയ അടിത്തറയെ ദോഷകരമായി ബാധിച്ചു. ആധുനികതയുടെ ഈ തിരത്തള്ളലിൽ സ്വന്തമായ തട്ടകമുണ്ടാക്കി വിജയംനേടി ഖാദർ. സാധാരണ ആസ്വാദകർക്കും സ്വീകാര്യമാംവിധം രസിപ്പിക്കുന്ന നാട്ടുജീവിതവുമായാണ് മുൻനിരയിലെത്തിയത്. 82ൽ ശ്രദ്ധേയമായ "തൃക്കോട്ടൂർപെരുമ'. അടുത്ത വർഷം സാഹിത്യ അക്കാദമി അവാർഡ്. നിരവധി കഥയും നോവലും എഴുതിയെങ്കിലും തൃക്കോട്ടൂരിന്റെ കഥാകാരനായാണ് അറിയപ്പെട്ടത്. അതിലെ കഥകളും ആവിഷ്കാരവും വായനക്കാർ അത്രയും ഇഷ്ടപ്പെട്ടു. ഏഴാം വയസ്സിൽ ബാപ്പയുടെ തറവാട്ടിലെത്തിയ കുട്ടി കണ്ടതും കേട്ടതും പുതുമ. ബാപ്പയുടെ ഉമ്മ പറഞ്ഞ കഥകളും നാട്ടിടവഴികളും വിസ്മയലോകത്തേക്ക് നയിച്ചു. സ്കൂളിൽനിന്നേ വായന തുടങ്ങി. ഹൈസ്കൂൾ കഴിഞ്ഞ് പോയത് മദിരാശിയിൽ ചിത്രകല പഠിക്കാൻ. കുടുംബത്തിലാർക്കും ഉൾക്കൊള്ളാനായില്ല. അവിടെ എം ഗോവിന്ദൻ, ടി പത്മനാഭൻ, കെ എ കൊടുങ്ങല്ലൂർ, എം ജി എസ് തുടങ്ങിയവരും. കുടുംബത്തിന്റെ അനിഷ്ടം കൂടിയപ്പോൾ മടങ്ങേണ്ടിവന്നു. ദേശീയ മുന്നേറ്റത്തോടുണ്ടായ താൽപ്പര്യം തൊഴിലാളി പ്രസ്ഥാനത്തിലേക്കും നാടകസമിതികളിലേക്കുമെത്തിച്ചു. ലീഗിന്റെ എതിർദിശയിലാണ് നീങ്ങിയത്. സമാന ചിന്താഗതിക്കാരുമായി ചേർന്ന് "പ്രോഗ്രസീവ് മുസ്ലിംലീഗിന്' രൂപം കൊടുത്തു. ചിത്രംവരയും കച്ചവടവും കണക്കെഴുത്തുംകഴിഞ്ഞാണ് സർക്കാർ ഉദ്യോഗത്തിലും ആകാശവാണിയിലുമെത്തിയത്. 54ൽ "നവയുഗ'ത്തിൽ വന്ന "വിശുദ്ധ പൂച്ച' കഥ കോലാഹലമുണ്ടാക്കി. അന്ധവിശ്വാസത്തെയും പൗരോഹിത്യത്തെയും അത് തുറന്നുകാണിച്ചു.  നാട്ടുനടപ്പുകളെയും പ്രമാണിമാരെയും എതിർക്കുന്നവരോടൊപ്പമാണ് സഹവാസമെന്ന് പിന്നെയും ആക്ഷേപം. 65ൽ പ്രസിദ്ധീകരിച്ച "ചങ്ങല' നോവൽ യാഥാസ്തിതിക മുസ്ലിം ജീവിതത്തെ വിമർശിച്ചു. ബഷീറിന്റെയും ഉറൂബിന്റെയും നോവലുകൾ വന്നെങ്കിലും വടക്കേ മലബാറിലെ മുസ്ലിം ജീവിതം അധികമൊന്നും പ്രതിപാദിക്കപ്പെട്ടിരുന്നില്ല. ദുഷിച്ച സാമുദായിക ആചാരങ്ങളും പൗരോഹിത്യവും കുടുംബ ജീവിതത്തെ വരിഞ്ഞുമുറുക്കി. സ്ത്രീകളായിരുന്നു പ്രധാന ഇര. "മേശവിളക്ക്' നോവൽ കമ്യൂണിസ്റ്റുകാരുടെ ജീവിതവും രാഷ്ട്രീയവും അടുത്തുനിന്ന് വീക്ഷിച്ചു. അമ്പതുകൾമുതൽ അറുപതുകളുടെ തുടക്കംവരെയുള്ള കാലം. അതിലെ വിപ്ലവമുക്കും ബീഡിക്കമ്പനിയുമെല്ലാം ഏതൊരു വടക്കൻ ഗ്രാമത്തിന്റെയും ചരിത്രം. ബീഡിത്തൊഴിലാളികളും ട്രേഡ്യൂണിയൻ പ്രവർത്തകരുമായുള്ള അടുപ്പവും കമ്യൂണിസ്റ്റ് നേതാക്കളുടെ ത്യാഗപൂർണ ജീവിതത്തോടുണ്ടായ ആദരവുമാണ് ആ നോവലെഴുതാൻ കാരണമെന്ന് ഖാദർ പറഞ്ഞിട്ടുണ്ട്.   ഖാദർ കഥകളിലെ സവിശേഷത അതിലെ നാടോടിത്തമാണ്. "തൃക്കോട്ടൂർ' കഥകൾ ആ ഗണത്തിൽ അപൂർവ സുന്ദരം. ദേശകഥാഖ്യാനത്തിന്റെ നിഷ്കളങ്ക ലാവണ്യമാണ്  അതിലേത്. അനുഭവം, ഓർമ, ഐതിഹ്യം എന്നിവയുടെ ആഖ്യാനത്തിൽ നാട്ടുമൊഴിയും ശൈലിയും പ്രയോഗങ്ങളും സ്വാഭാവികത കലർത്തി. ഭാവരൂപങ്ങളുടെ ഈ ഐക്യപ്പെടൽ കഥകളെ ജൈവികാനുഭവമാക്കി. കഥാകാരൻ ദേശത്തെ എഴുതുകയല്ല, ദേശം കഥാകാരനെ ആവേശിച്ച് പ്രകാശിതമാവുകയാണ്. ചരിത്രവും മിത്തും അനുഭവും കൂടിക്കുഴയുന്ന കഥാലോകമാണ് തൃക്കോട്ടൂരിലേത്. വാമൊഴി ചരിത്രത്തിന്റെയും നാടോടി സാഹിത്യത്തിന്റെയും സങ്കേതങ്ങളടങ്ങിയ ആഖ്യാനം. അപ്പോഴും യാഥാർഥ്യത്തിൽനിന്ന്  അകലുന്നില്ല. സാമൂഹ്യ യാഥാർഥ്യങ്ങളെ കൂടുതൽ അനുഭവവേദ്യമാക്കാൻ അതിഭൗതികമെന്ന് തോന്നിക്കുന്ന തോറ്റംപാട്ടു രീതിയ്ക്ക് സാധിക്കുന്നു. "അഘോരശിവം' അത്തരത്തിലുള്ള ശ്രദ്ധേയ രചന. വായേപാതാളം തുടങ്ങിയ പിൽക്കാല നോവലിലും തുടർച്ച. ""ഈവിധമുള്ള കഥകൾ ഏത് നാട്ടുമ്പുറങ്ങളിലും കേൾക്കാം. കാവുകളിൽ, കാഞ്ഞിരത്തറകളിൽ, തിറയാട്ട കണ്ടങ്ങളിൽ, കൊയ്ത്തുപാടങ്ങളിൽ, പുഴയോരത്തെ കടത്തുപുരകളിലുമെല്ലാം അവയുടെ നീരുറവ ഒഴുകുന്നു. നാട്ടുമ്പുറത്തെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉറവിടമായും പരംപൊരുളായും സത്തയായും ഇങ്ങനെയുള്ള കഥകൾ കാലങ്ങളിലൂടെ, കാലം സൃഷ്ടിക്കുന്ന ആഘാതപ്രത്യാഘാതങ്ങൾ ഏൽക്കാതെ മനുഷ്യമനസ്സിൽ ജീവിക്കുന്നു. ഗ്രാമം ആ കഥകൾ കൊണ്ടാടുന്നു. നായകന്മാരും നായികമാരും ഗ്രാമചൈതന്യത്തെ, ഐശ്വര്യത്തെ വരുംവരായ്കകളെ നിലനിർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഐതിഹ്യങ്ങളായി രൂപംപ്രാപിക്കുന്നു. ദൈവപ്പൊലിമയും കരുത്തും ഊറ്റവും നേടിയ ആ കഥയും കഥാപാത്രങ്ങളും അവരുടെ ജീവിതത്തെ കുറിക്കുന്ന സകല കാര്യങ്ങളും ഗ്രാമത്തിന് അത്ഭുതങ്ങളുടെ മായാലോകമാണ്. ഗ്രാമം കൊണ്ടാടാറുള്ള ഉത്സവാഘോഷങ്ങൾക്ക് അവയൊക്കെ നിമിത്തങ്ങളും.'' (തൃക്കോട്ടൂർ കഥകളുടെ ആമുഖത്തിൽ) Read on deshabhimani.com

Related News