VIDEO:- രേഷ്മയുടെ 'കഴുകൻ' രാജ്യാന്തര മേളകളിലേക്ക്

ദ വൾച്ചറിൽ രേഷ്മ യു രാജ്


കളമശേരി> ന്യൂസ് ഫോട്ടോഗ്രാഫർ കെവിൻ കാർട്ടറുടെ പുലിസ്റ്റർ സമ്മാനം നേടിയ 'ദ വൾച്ചർ ആൻ്റ് ദ ലിറ്റിൽ ഗേൾ' എന്ന പ്രശസ്ത ചിത്രത്തെ ആസ്പദമാക്കി രേഷ്മ യു രാജ് ഒരുക്കിയ 'ദ വൾച്ചർ' (കഴുകൻ) എന്ന നൃത്ത ചിത്രം യുഎസ്, യുകെ മേളകളിലേക്ക്.   യുദ്ധാനന്തരം പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന സുഡാനിൽ നിന്നും പലായനം ചെയ്യുമ്പോൾ തളർന്നുവീണ കുഞ്ഞിന് സമീപം ജീവൻ പോകാൻ കാത്ത് നിൽക്കുന്ന കഴുകൻ്റെ ചിത്രം ലോക മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. ചിത്രത്തിലെ കഴുകനെ മുഖ്യ കഥാപാത്രമാക്കിയാണ് രേഷ്മ നൃത്തം തയ്യാറാക്കിയത്. നല്ല ഭക്ഷണം പ്രതീക്ഷിച്ചെത്തിയ കഴുകൻ അവശനായ കുഞ്ഞിനെക്കണ്ട് നിരാശനാകുന്നു. തൻ്റെ കാഴ്ചപ്പാടിലൂടെ ലോകത്തെ വീക്ഷിക്കുകയും നിസ്വനായ കുഞ്ഞിൻ്റെ ജീവൻ പോകുന്നതുവരെ കാത്തിരിക്കാം എന്ന അനുകമ്പ പ്രകടിപ്പിക്കുകയുമാണ് നൃത്തത്തിൽ. കോവിഡ് മഹാമാരിക്ക് ശേഷം വരാനിരിക്കുന്ന കഠിനമായ ദാരിദ്ര്യത്തെ കുറിച്ചുള്ള നർത്തകിയുടെ ആശങ്കയാണ് ഈ ചിത്രം നൃത്തത്തിന് വിഷയമാക്കാൻ പ്രചോദനമായത്. ആശയത്തിന് സുഹൃത്തും നർത്തകിയുമായ എൽ മീനാക്ഷിയുടെതാണ് ഇംഗ്ലീഷിൽ ഗദ്യ രൂപത്തിലുള്ള സ്ക്രിപ്റ്റ്. കുച്ചുപ്പുടിയുടെ സങ്കേതങ്ങൾക്കൊപ്പം കീ ബോർഡും ഉപയോഗിച്ചാണ് ഒമ്പത് മിനുട്ട് ദൈർഘ്യമുള്ള നൃത്തം തയ്യാറാക്കിയത്. സംഗീതം നൽകിയത് പെരിങ്ങനാട് എസ് രാജനും ക്യാമറ ക്ലിസൺ ക്ലീറ്റസുമാണ്‌. യു ട്യൂബിലാണ്  നൃത്തം പ്രകാശനം ചെയ്തത്. യുഎസിലെ ഗട്ടർ ബ്ലിസ് ടെമ്പററി ഫെസ്റ്റിവെലിലേക്കും യുകെയിലെ  ലിഫ്റ്റ് ഓഫ് പൈൻവുഡ് സ്റ്റുഡിയോസ്  ഫിലിം ഫെസ്റ്റിവലിലേക്കും ദ വൾച്ചർ തെരഞ്ഞെടുത്ത സന്തോഷത്തിലാണ് നർത്തകി. കേരളത്തിലെ ഏക സിംഹനന്ദിനി നർത്തകിയാണ് കാക്കനാട് ടിസിഎസ് ഉദ്യോഗസ്ഥയായ രേഷ്മ യു രാജ്. കളമശേരി ഐടിഐ ജീവനക്കാരനും എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറിയുമായ ഡി പി ദിപിനാണ് ഭർത്താവ്. മകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഭവത്രാത് .   Read on deshabhimani.com

Related News