രാജീവ് ആലുങ്കലിന്റെ കവിത 'ലഹരി' നൃത്തശില്‍പ്പമാകുന്നു



മാവേലിക്കര > ചലച്ചിത്രഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കലിന്റെ 'ലഹരി' എന്ന കവിത നൃത്തശില്‍പ്പമായി രംഗത്തെത്തും. കേരള കലാഡാന്‍സ് അക്കാദമിയുടെ 33–ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ എട്ടിന് വൈകിട്ട് അഞ്ചിന് മാവേലിക്കര ടോം പാരീഷ് ഹാളില്‍ ആദ്യ അവതരണം നടി പാര്‍വതി ജയറാം ഉദ്ഘാടനം ചെയ്യും. നടി നവ്യനായര്‍, ആര്‍ രാജേഷ് എംഎല്‍എ, നഗരസഭാധ്യക്ഷ ലീല അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രാജീവ് ആലുങ്കല്‍ മുഖ്യാതിഥിയാകും. പ്രശസ്ത നര്‍ത്തകന്‍ എണ്ണയ്ക്കാട് നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ 17 നര്‍ത്തകരാണ് രംഗത്തെത്തുന്നത്. നവരസങ്ങളിലൂടെ താളനിബന്ധമായ രാഗമാലികയായിട്ടാണ് ഈ കവിത നൃത്തശില്‍പ്പമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. മദ്യപാനം മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന താളപ്പിഴകളും ദുരന്തങ്ങളുമാണ് ഇതിവൃത്തം. ഇത് ഒഴിവാക്കാന്‍ മദ്യം നിഷേധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശുഭപര്യവസായിയായ നൃത്തശില്‍പ്പത്തിന് 15 മിനിട്ടാണ് ദൈര്‍ഘ്യം. കേരളത്തിലെ കലാലയങ്ങളിലും മറ്റ് കുടുംബയോഗങ്ങളിലും ഈ നൃത്തശില്‍പ്പം തുടര്‍ന്ന് അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. Read on deshabhimani.com

Related News