5 മിഴാവുകളുടെ സംഘതാളം; പി രാജീവിനൊപ്പം സാസ്കാരിക ലോകം



കൊച്ചി > കായൽക്കാറ്റിൻറെ ശീൽക്കാരത്തിനും മീതെ അഞ്ച് മിഴാവുകൾ ഒന്നിച്ച് മുഴങ്ങി. ജാതി നിയമത്തിൻറെ ചുറ്റുമതിലുകൾ വിട്ട് പുറത്തിറങ്ങിയ മിഴാവുകൾക്ക് രണ്ട് ഇലന്തലയും രണ്ട് ഇലത്താളവും പിന്തുണ പകർന്നു. ചൊവ്വാഴ്ച രാജേന്ദ്രമൈതാനത്ത് പി രാജീവിനൊപ്പം സാസ്കാരിക ലോകം ഒത്തു കൂടിയപ്പോൾ കലാമണ്ഡലം രാഹുൽ അരവിന്ദും സംഘവും മിഴാവുകൊണ്ട് അര‌ങ്ങ് ഉണർത്തുകയായിരുന്നു. ആദ്യമായി മിഴാവിൽ പഞ്ചാരി മേളം മുഴക്കിയ പാലക്കാട് ശ്രീകൃഷ്ണപുരം ഈശ്വരനുണ്ണിയുടെ ശിഷ്യന്മാരാണിവർ. അഞ്ചു മിഴാവുകളിൽ ഒരേ സമയം ഒരേ എണ്ണം കൊട്ടി അവർ സദസ്സിനെ അത്ഭുതപ്പെടുത്തി. "ചാക്യാര് കൂത്ത് പറയുമ്പോൾ നമ്പ്യാര് മിഴാവ് കൊട്ടും. നമ്പ്യാർക്ക് മാത്രമെ മിഴാവ് കൊട്ടാൻ അനുവാദം ഉണ്ടായിരുന്നുള്ളു. പക്ഷെ ഇവിടെയിന്ന് മിഴാവ് കൊട്ടിയവർ ആരും നമ്പ്യാരായിരുന്നില്ല. കലയെ സാമൂഹ്യ നവോത്ഥാനത്തിന് ഉപയോഗപ്പെടുത്തുക എന്ന രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് ഞങ്ങൾ ചെയ്യുന്നത്. സാംസ്കാരിക ഫാസിസത്തെ ചെറുത്തു തോൽപ്പിക്കാൻ ഞങ്ങൾ കാണുന്ന ഒരു മാർഗം ഇതാണ്.'' കലാമണ്ഡലത്തിൽ നിന്നും ചിട്ടപ്പടി മിഴാവ് പഠിച്ചിറങ്ങിയ രാഹുൽ പറയുന്നു. വയനാട്ടിൽ കല്പറ്റ കേന്ദ്രീകരിച്ച് സാധാരണക്കാരെ ജാതി മത പരിഗണനകളൊന്നും ഇല്ലാതെ സൗജന്യമായി മിഴാവും ചെണ്ടയും മറ്റ് ക്ലാസിക്കൽ കലകളും പഠിപ്പിക്കാൻ വയനാട് കലാമണ്ഡപം എന്ന സ്ഥാപനം നടത്തുന്നുമുണ്ട് ഈ കലാമണ്ഡല സുഹ‌ൃത്ത് സംഘം. Read on deshabhimani.com

Related News