കലയുടെ വിത്തുകള്‍ പാകി ഊരാളി പ്രളയ എക്സ്പ്രസ് യാത്ര തുടങ്ങി



കൊച്ചി> പ്രളയത്തിലകപ്പെട്ട മലയാളക്കരയെ കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി പറയാനായി പ്രമുഖ സംഗീത ബാന്‍ഡായ ഊരാളിയുടെ പ്രളയഎക്സപ്രസ് ബസ് യാത്രയായി. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്ത കലാസംഘമായ ഊരാളിയുടെ പത്തു പേരടങ്ങുന്ന സംഘത്തിന്‍റെ യാത്ര ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ നിന്നും ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള അഞ്ച് തീരദേശ ഗ്രാമങ്ങളിലാണ് ഊരാളി പര്യടനം നടത്തുന്നത്. മണല്‍ഖനനത്തെ തുടര്‍ന്ന വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന കൊല്ലത്തെ ആലപ്പാട് ഗ്രാമം, തിരുവനന്തപുരം ജില്ലയിലെ വലിയതുറ, വിഴിഞ്ഞം, കൊല്ലം തങ്കശ്ശേരി, ആലപ്പുഴയിലെ മാരാരിക്കുളം എന്നിവടങ്ങളിലൂടെയാണ് യാത്രയുടെ ആദ്യ ഘട്ടം. ജനുവരി 29 ന് യാത്രയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകും. എറണാകുളം മുതല്‍ പൊന്നാനി വരെയാണ് രണ്ടാം ഘട്ടം. ഫെബ്രുവരി 9 മുതല്‍ 23 വരെയാണ് രണ്ടാം ഘട്ടത്തിലെ യാത്ര. തുടര്‍ന്ന് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം അവസാനിക്കുന്നതു വരെ വിവിധ വേദികളിലായി ഊരാളി ബസ് പര്യടനം നടത്തും.     98 മോഡല്‍ ബസാണ് ഊരാളി യാത്രയ്ക്കായി ഒരുക്കിയെടുത്തത്. യാത്രാബസ് വാങ്ങി രൂപമാറ്റം വരുത്തിയാണ് ഊരാളി ബാന്‍ഡിന്‍റെ സംഗീത പരിപാടികള്‍ക്കായുള്ള ചലിക്കുന്ന വേദിയാക്കി മാറ്റിയത്. മതത്തിന്‍റെയും ആചാരത്തിന്‍റെയും പേരില്‍ വാഗ്വാദങ്ങള്‍ പ്രളയത്തില്‍ രക്ഷിച്ചവരോട് കാണിക്കുന്ന മനുഷ്യത്വമില്ലായ്മ കൂടിയാണെന്ന് ഊരാളി അംഗം മാര്‍ട്ടിന്‍ ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നാണ് നമ്മള്‍ എന്ന സന്ദേശം കേരളത്തില്‍ മുഴുവന്‍ എത്തിക്കുന്നതിനു വേണ്ടിയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ സഹായത്തോടെ ഇത്തരം യാത്ര സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം അവരില്‍ കലയുടെ വിത്തുകള്‍ പാകാനുമാകും. കേരളത്തിന്‍റെ നവോത്താനമാണ് ഉയരുന്നതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. സുധീഷ് ഊരാളി, സതീഷ് ഊരാളി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News