വസൂരിമാല: വലിയൊരു ഓർമപ്പെടുത്തൽ



രോഗങ്ങളും പലായനവും എന്നും എഴുത്തുകാരുടെ തൂലികയ്‌ക്ക്‌ ഇഷ്ടവിഷയം ആയിരുന്നു. വസൂരിമാല എന്ന നാടകത്തിലൂടെ അരങ്ങിൽ ഈ പ്രമേയത്തെ സമകാലികമായും അതിലേറെ രാഷ്‌ട്രീയ തീവ്രതയോടെയും അനുവാചകരിൽ എത്തിക്കുകയാണ്‌ നാടകകൃത്ത്‌ ജയൻ ചെത്തല്ലൂർ. രംഗാവിഷ്‌കാരം തൃശൂരിലെ അഭിനയ കുറ്റൂർ. വസൂരിമാല രോഗം വിതയ്‌ക്കുന്ന ദുർദേവത എന്നാണ്‌ സങ്കൽപ്പം. വസൂരി പടർന്നുപിടിക്കുന്നകാലം. രക്ഷയും ആശ്വാസവും തേടി നാടുവിട്ടോടുന്നവർ. അവർ അനുഭവിക്കുന്ന വേദനകളും കഷ്ടതകളും.  അതിനിടയിൽ നേരിടുന്ന വഞ്ചനയും ചതിയും. കുഞ്ഞൻ വൈറസായ കോവിഡ്‌ ലോകത്തെ വിറപ്പിച്ചശേഷമാണ്‌ ജയന്റെ നാടകം എന്നതിനാൽ സാധാരണക്കാരന്‌ ഉള്ളിൽത്തട്ടുന്നതാണ്‌ പ്രതിപാദ്യം. കേവലമൊരു രോഗപുരാണമല്ല ഇത്‌. ജനത്തിനല്ല ഭരണാധികാരത്തിലും സമൂഹത്തിന്റെ സവർണ മനസ്സിലും മഹാമാരിയെ വെല്ലുന്ന വിഷബീജങ്ങൾ നിറഞ്ഞിരിക്കയാണെന്ന  സത്യം ഒളിച്ചുവയ്‌ക്കാതെ വസൂരിമാല പറയുന്നുണ്ട്‌. ഭരണാധികാരികൾ മതം മറയാക്കിയും അന്ധവിശ്വാസം ആയുധമാക്കിയും വെറുപ്പും വിദ്വേഷവും പടർത്തുന്ന വർത്തമാനത്തിൽ വസൂരിമാല വലിയൊരു ഓർമപ്പെടുത്തലാണ്‌, മുന്നറിയിപ്പും. കൂട്ടപ്പലായന ദൃശ്യങ്ങളിലൂടെയാണ്‌ അരങ്ങുണരുന്നത്‌. ദേശങ്ങളിൽനിന്ന്‌ ദേശങ്ങളിലേക്ക്‌ പടർന്നുപന്തലിക്കുന്ന ‘വസൂരി’ എന്ന മാരകരോഗത്തിൽനിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്‌ നിസ്സഹായരായ ജനം. രാമരാജ്യം വാഗ്‌ദാനം നൽകി അവരെ മറ്റൊരു ദേശത്തേക്ക്‌ എത്തിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. മിത്തുകളിലൂടെ ചുവന്ന പട്ടുടുത്ത ഭദ്രകാളിയാൽ ദാരികാ പത്‌നിയായ മനോദരിയെന്ന വസൂരിമാലയെ അന്ധയാക്കുന്നു. രാമരാജ്യസ്വർഗം വെറും മിഥ്യയാണെന്ന്‌ ദേശവാസികൾ തിരിച്ചറിയുന്നു. അവർ പുതുപുലരി സ്വപ്‌നം കാണുന്നതോടെ തിരശ്ശീല വീഴുന്നു. മോഹനവാഗ്‌ദാനങ്ങൾ നൽകിയും വർഗീയവിഷം കുത്തിവച്ചും തമ്മിലടിപ്പിച്ചും സ്വാർഥ ലക്ഷ്യങ്ങളുമായി ദുഷ്ടശക്തികൾ അരങ്ങിലും അണിയറയിലും നിറഞ്ഞാടുന്ന കാലത്ത്‌ ഈ നാടകം പുതിയ വായനകളും കാഴ്‌ചകളും ആവശ്യപ്പെടുന്നുണ്ട്‌. ജിനേഷ്‌ മനിശേരിയാണ്‌ വസൂരിമാലയുടെ സംവിധാനം. സംഗീതം മെൽവിൻ ജോർജ്. സന്തോഷ് പള്ളിയിൽ, സുധീർ കൊല്ലാറ, പ്രസാദ് കൊളങ്ങാട്ടുകര, സജി തിയ്യം, വിഷ്ണു, വിനോഷ് നന്മ, കുമാരൻ, വിനീത, റാഫേൽ, ശ്രീലക്ഷ്മി, ദീപ, തൻവി സുബു എന്നിവർ അരങ്ങിലെത്തുന്നു. Read on deshabhimani.com

Related News