ഉറക്കെപറയുന്ന ചിത്രങ്ങള്‍



മൌലിക ജീവിതക്രമവും സാംസ്കാരിക പശ്ചാത്തലവുമുള്ള ആദിവാസി വിഭാഗമാണ് വയനാട്ടിലെ മുള്ളുകുറുമര്‍. കാടിനോടും പ്രകൃതിഭാവങ്ങളോടും ഇണങ്ങിയ സവിശേഷമായ ഭാഷയും ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളുമാണ് ഈ പൌരാണിക ഗോത്രവിഭാഗത്തിനുള്ളത്. കര്‍ണാടകത്തിലും തമിഴ്നാടന്‍ നീലഗിരി നിരകളിലുമായി വ്യാപിച്ചുകിടക്കുന്ന മുള്ളുകുറുമരിലെ വലിയൊരു വിഭാഗം വയനാട്ടിലെ മലനിരകളിലാണ് ജീവിക്കുന്നത്. സമ്പന്നമായ അവരുടെ ഭാഷയും സംസ്കാരവും എഴുത്തിലൂടെയും ചിത്രരചനയിലൂടെയും പുറംലോകത്തിനുകൂടി പ്രാപ്യമാക്കിവരുന്ന മുള്ളുകുറുമ വിഭാഗത്തില്‍പ്പെട്ട കലാകാരനാണ് എം ആര്‍ രമേഷ്. മേപ്പാടി തൃക്കൈപ്പറ്റ ഇടിഞ്ഞിക്കൊല്ലിയില്‍ രാഘവന്റെയും രാധയുടെയും മകനാണ് രമേഷ്. സ്കൂള്‍, കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മാനന്തവാടി ആര്‍ട്ടോണിലും കോഴിക്കോട് എസ് കെ പൊറ്റക്കാട് കെജിസിഇയിലും ചിത്രകലാപഠനം നടത്തി. ജലച്ചായവും കറുത്ത പേനവരയുമൊക്കെ ചേര്‍ന്ന രചനാരീതിയാണ് രമേഷിന്റേത്. ആദിവാസി സംസ്കൃതിയുടെ സവിശേഷ ഭാവങ്ങള്‍ ചിത്രങ്ങളില്‍ ലയിച്ചുചേര്‍ന്നിരിക്കുന്നു. ഗോത്രജീവിതത്തിന്റെ ആത്മാവിനെയാണ് വരകളിലൂടെ രമേഷ് പ്രകാശിപ്പിക്കുന്നത്. അനുഷ്ഠാനങ്ങളുടെ ചിത്രണത്തിലേക്ക് ആദിമമായ സങ്കല്‍പ്പനങ്ങളെ സംക്രമിപ്പിക്കുകയും സ്വപ്നവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന മാജിക്കലായ ഒരു കാഴ്ചയും ആസ്വാദനവും സമ്മാനിക്കുകയുമാണ് അവ. ഗോത്രബിംബങ്ങളും ചിഹ്നങ്ങളും അതിനായി രമേഷ് സമൃദ്ധമായി ഉപയോഗിക്കുമ്പോള്‍ തന്നെ പച്ചയായ ജീവിതത്തിന്റെ പ്രതിഫലനമാകുംവിധം നരേറ്റീവായ പശ്ചാത്തലവും രമേഷിന്റെ ചിത്രങ്ങള്‍ക്കെല്ലാമുണ്ട്. താന്‍ പ്രതിനിധാനംചെയ്യുന്ന വിഭാഗത്തിന്റെ സാമൂഹ്യ സാംസ്കാരിക ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് ആഴത്തില്‍ ബോധ്യമുള്ള ഒരാള്‍ക്ക് മാത്രമേ ഇത്തരം സൃഷ്ടികളിലേക്ക് വളരാനാകൂ. ആദിമ ഗുഹാചിത്രങ്ങളുടേതുപോലുള്ള രേഖീയശൈലിയെയും അറിഞ്ഞോ അറിയാതെയോ രമേഷ് തന്റെ ചിത്രങ്ങളിലൂടെ പ്രതിനിധാനം ചെയ്യുന്നുണ്ട്. വയനാട്ടിലെ ഗോത്രവിഭാഗത്തില്‍നിന്ന് പുറംലോകവുമായി ചിത്രങ്ങളിലൂടെ സംവദിച്ച് അംഗീകാരം നേടിയ ആദ്യ ചിത്രകാരന്‍ എന്ന ബഹുമതിയും രമേഷിനോടൊപ്പമുണ്ട്. പത്തുവര്‍ഷത്തിലേറെയായി കോഴിക്കോട്, വയനാട് ജില്ലകളില്‍ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഗ്രൂപ്പുകളുമായി സഹകരിച്ച് രമേഷ് തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. ഗോത്രകലാ മേളകളുടെ ഭാഗമായി പ്രധാന നഗരങ്ങളിലെല്ലാം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കിര്‍ത്താര്‍ഡ്സും കേരള ലളിതകലാ അക്കാദമിയും ഫോക്ലോര്‍ അക്കാദമിയും സംഘടിപ്പിച്ചിട്ടുള്ള നിരവധി ചിത്രരചനാ ക്യാമ്പുകളിലും പങ്കെടുത്തു. ഫോക്ലോര്‍ അക്കാദമിയുടെയും ലളിതകലാ അക്കാദമിയുടെയും ജനറല്‍ കൌണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. തോട എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ് രമേഷ്. മുള്ളു കുറുമ ആദിവാസിവിഭാഗത്തിന്റെ സാംസ്കാരിക ജീവിതചരിത്രത്തെ എഴുത്തിലൂടെയും വരകളിലൂടെയും അന്വേഷിക്കുന്ന ഗ്രന്ഥമാണിത്. എഴുത്തിന്റെയും വരയുടെയും അന്വേഷണങ്ങളുടെയും വഴിയില്‍ തന്നെയാണ് രമേഷിന്റെ ജീവിതം. അജന്തയാണ് ഭാര്യ. മകള്‍: ആദിത്യ. Read on deshabhimani.com

Related News