എടക്കുന്നി വടക്കിനിയേടത്ത്‌ ഇല്ലത്ത്‌ ഇന്ന്‌ ‘കരിവീട്ടി’ അരങ്ങേറും

എടക്കുന്നി വടക്കിനിയേടത്ത്‌ ഇല്ലം


 ഒല്ലൂർ> വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’ എന്ന നാടകം അരങ്ങേറി ചരിത്രത്തിൽ ഇടം നേടിയ ഇ എം എസിന്റെ മാതൃഭവനമായ എടക്കുന്നി വടക്കിനിയേടത്ത്‌ മനയിൽ വി ടിയുടെ ജീവിതകഥ  അരങ്ങിലേറുന്നു. 93 വർഷത്തിനുശേഷം ഇല്ലത്ത് വി ടിയുടെ ആത്മകഥയുടെ നേർക്കാഴ്‌ചയായ ‘കരിവീട്ടി' എന്ന നാടകം അരങ്ങേറുമ്പോൾ വടക്കിനിയേടത്ത് കീരങ്ങാട്ട്‌ മനയിലെ നാലാം തലമുറയിലെ സജിത്ത് നമ്പൂതിരി, അമ്മ ലീല അന്തർജനം, ഭാര്യ ഡോ. അപർണ നമ്പൂതിരിപ്പാട്‌ മക്കളായ നവനീത്‌, ശ്രീധരൻ എന്നിവർക്ക്‌ ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ്‌.   വി ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം ഒല്ലൂർ ഏരിയ കമ്മിറ്റിയാണ് നാടകം സംഘടിപ്പിക്കുന്നത്. ഇ ടി ഡേവിസ്‌ രചിച്ച് പി ഡി പൗലോസ്‌ അവതരിപ്പിക്കുന്ന "കരിവീട്ടി' നാടകം എടക്കുന്നിയിൽ ശനിയാഴ്‌ച അരങ്ങേറുമ്പോൾ അത്‌ നവോത്ഥാന കേരളത്തെ അനാചാരങ്ങളുടെ ഇരുട്ടിലേക്ക്‌ വലിച്ചുകൊണ്ടുപോകാൻ  ശ്രമിക്കുന്നവർക്കുള്ള മറുപടികൂടിയാണ്‌.   ഇ എം എസിന്റെ താൽപ്പര്യപ്രകാരമായിരുന്നു അമ്മവീടായ എടക്കുന്നി  വടക്കിനിയേടത്ത്‌ മനയിൽ യോഗക്ഷേമസഭയുടെ  വാർഷികസമ്മേളനത്തിന്റെ ഭാഗമായി 1929 ഡിസംബർ 24ന്  ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’ എന്ന നാടകം ആദ്യം കളിച്ചത്‌. ടിക്കറ്റ്‌ വച്ചായിരുന്നു നാടകാവതരണം. മിക്കവരും നാലണയ്‌ക്ക്‌ ശീട്ടെടുത്തവർ. ആദ്യരംഗം കഴിഞ്ഞ്‌ കർട്ടൻ വീണപ്പോഴുണ്ടായ കരഘോഷത്താൽ പുറത്ത്‌ ഉറങ്ങാൻകിടന്നവർ രണ്ടും മൂന്നും ഉറുപ്പികയ്‌ക്ക്‌ ടിക്കറ്റെടുത്ത്‌ ഹാളിലെത്തി. ഒമ്പതുമണിയോടെ ആരംഭിച്ച നാടകം  ആറുമണിക്കൂറോളം തുടർന്നു.   പ്രേംജിയടക്കമുള്ളവർ അരങ്ങിൽ നാടകം കളിക്കേ പിന്നിൽ  ഡയലോഗ്‌ പ്രോംപ്‌റ്റ്‌ ചെയ്യാൻ വി ടിക്കൊപ്പം ഇ എം എസുമുണ്ടായിരുന്നു. എടക്കുന്നിയുമായി അഭേദ്യമായ ബന്ധമാണ് വി ടിക്കുള്ളത്. 1919-ൽ  എടക്കുന്നിയിൽ നമ്പൂതിരി വിദ്യാലയം ആരംഭിച്ചപ്പോൾ അവിടെ മൂന്നാം ഫാറത്തിൽ വിദ്യാർഥിയായി ചേർന്നു. സ്കൂൾ പരിസരത്ത് തുടങ്ങിയ ആനന്ദമഠത്തിന്റെ കീഴിൽ വിദ്യാർഥി മാസിക പത്രാധിപത്യത്തിൽ അടിച്ചിറക്കിയതും എടക്കുന്നിയിൽവച്ചായിരുന്നു. ‘കരിവീട്ടി’ നാടകാവതരണവും സാംസ്കാരിക സന്ധ്യയും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ മുഖ്യാതിഥിയാകും. Read on deshabhimani.com

Related News