ജീവന്‍ ജ്വലിക്കുന്ന കറുത്തവര



മനോജിത് കൃഷ്ണന്റെ പെന്‍സില്‍ വരകള്‍ ഒറ്റക്കാഴ്ചയില്‍ ആസ്വാദകന്റെ കണ്ണുകളെ തൃപ്തിപ്പെടുത്തുകയില്ല. ജീവന്റെ ചെറുകണികയെപ്പോലും തൊട്ടുവയ്ക്കുന്ന ചെറു കോറലുകളിലൂടെ തുടിപ്പാര്‍ന്ന പൂര്‍ണ ചിത്രമാണ് മനോജിത് കടലാസില്‍ ബാക്കിയാക്കുന്നത്. പെന്‍സിലിന്റെ കറുത്ത വരകള്‍ക്ക് ഇത്രയേറെ ഭാവരസങ്ങളെ എങ്ങനെ കടലാസില്‍ യാഥാര്‍ഥ്യമാക്കാനാകുമെന്ന് അതിശയിക്കാം. അര്‍ഥതലങ്ങളുള്ള എത്ര വര്‍ണവൈവിധ്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്താലും പൂര്‍ണത നല്‍കാനാകാത്ത രസ തീവ്രതയുടെ സൂക്ഷ്മതയെ ഓരോ കാഴ്ചയിലും ആ ചിത്രങ്ങള്‍ ആസ്വാദകനിലേക്ക് പകരുന്നു. കളിമണ്ണും ഗ്രാഫൈറ്റും ചേര്‍ന്ന് ചാര, കറുപ്പ് വരകളുടെ വ്യത്യസ്ത ടോണുകള്‍ സമ്മാനിക്കുന്ന ഗ്രാഫൈറ്റ് പെന്‍സിലും കറുപ്പിന്റെ ആയിരംഭാവങ്ങള്‍ ബാക്കിയാക്കുന്ന ചാര്‍ക്കോള്‍ പെന്‍സിലും ഉപയോഗിച്ച് മുഖചിത്രങ്ങളുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങളെ പകര്‍ത്തുകയാണ് മനോജിത് തന്റെ രചനകളിലൂടെ. കൊച്ചിയില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന മനോജിത് കൃഷ്ണന്‍ മലപ്പുറം പുലമാന്തോള്‍ സ്വദേശിയാണ്. ചിത്രരചനയില്‍ അക്കാദമിക് പരിശീലനം നേടിയിട്ടില്ല. സ്വയം അഭ്യസിച്ച പെന്‍സില്‍ ഡ്രോയിങ് മനോജിത്തിന് നേരംപോക്ക് വിനോദമല്ല. എപ്പോഴും സ്കെച്ച് ചെയ്യുകയും രചനാ കുശലത മിനുക്കിയെടുക്കുകയും ചെയ്യുന്നതിലൂടെ വാണിജ്യാവശ്യത്തിനും തന്റെ കഴിവിനെ പ്രയോജനപ്പെടുത്തുന്നു. തന്നെ ആകര്‍ഷിക്കുന്നതെന്തും പൂര്‍ണതയോടെ പകര്‍ത്തുന്നതോടൊപ്പം ആവശ്യക്കാര്‍ക്കും പോര്‍ട്രെയിറ്റുകള്‍ ചെയ്തുകൊടുക്കുന്നു. പോര്‍ട്രെയിറ്റ് ചിത്രങ്ങള്‍ വരയ്ക്കുന്നതിലുള്ള കൌതുകവും താല്‍പ്പര്യവുംതന്നെയാണ് പെന്‍സില്‍, ചാര്‍ക്കോള്‍ രചനയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് മനോജിത് പറഞ്ഞു. ചിത്രങ്ങളുടെ വിശദാംശങ്ങള്‍ ചാരുതയോടെ രേഖീയമാക്കുന്നതില്‍തന്നെയാണ് പെന്‍സില്‍ ഡ്രോയിങ്ങുകളുടെ വിജയം. ആര്‍ട്ടിസ്റ്റിന്റേതായ വിരുതും സൂക്ഷ്മതയും കൈത്തഴക്കവുംതന്നെയാണ് അതിന് പ്രധാനം. ഇരുളിനെയും വെളിച്ചത്തെയും കേവലം കറുപ്പിലും വെളുപ്പിലും പകുത്തുവയ്ക്കുന്നതിലപ്പുറം ഇവയ്ക്കിടയിലുള്ള വര്‍ണഭാവങ്ങളെ സൂക്ഷ്മതയോടെ ചിത്രത്തിന്റെ ഭാഗമാക്കാനാണ് പെന്‍സില്‍ ചിത്രകാരന്‍ ശ്രമിക്കുന്നത്. വര്‍ണങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രരചനയോട് കിടപിടിക്കുംവിധം ഈ അടരുകളെ വിന്യസിക്കുന്നതിലൂടെ ചിത്രങ്ങള്‍ക്ക് ഇന്ദ്രജാലമിഴിവ് പകരാനുള്ള ശ്രമമാണ് നടക്കുന്നത്. ദീര്‍ഘമായ അഭ്യസനത്തിലൂടെ കൈവരുന്നതാണത്.   പോര്‍ട്രെയിറ്റ് രചനകള്‍ക്കു പുറമെ പെന്‍സിലുകള്‍ ഉപയോഗിച്ച് ത്രിമാന ചിത്രരചനയും നടത്തിവരുന്നു. ക്രിയേറ്റീവായ മറ്റു രചനകളിലും സജീവം. നിരവധി സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ വരച്ച് സമ്മാനിച്ചിട്ടുണ്ട്. ഇതിനു പുറമെ തന്റെ രചനകളുടെ പ്രദര്‍ശനവും നടത്തി. കളര്‍ പെന്‍സിലുകള്‍ ഉപയോഗിച്ചുള്ള വരകളും നിരവധിയാണ്. യുകെയിലെ ലോകോത്തര ഡെര്‍വന്റ് ഗ്രാഫൈറ്റ് പെന്‍സിലുകളും ജര്‍മന്‍ സ്റ്റീഡ്ലര്‍ ചാര്‍ക്കോള്‍ പെന്‍സിലുകളുമാണ് രചനയ്ക്ക് മിഴിവേകാന്‍ ഉപയോഗിച്ചുവരുന്നത്. msasokms@gmail.com Read on deshabhimani.com

Related News