പറഞ്ഞുകൊണ്ടേയിരിക്കുന്ന ചിത്രങ്ങള്‍



ചിത്രങ്ങളിലൂടെ മാനവികതയുടെ ശബ്ദം പൊതുസമൂഹത്തോട് സംവദിക്കുന്നിടത്തെല്ലാം ഈ ചിത്രകാരിയുടെ സാന്നിധ്യമുണ്ട്. യുദ്ധവെറിക്കും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും സാംസ്കാരിക ഫാസിസത്തിനുമെതിരെ പ്രതിഷേധ വര്‍ണങ്ങള്‍ ജ്വലിക്കുന്ന കൂട്ടായ്മകളില്‍നിന്ന് വേറിട്ട് കലാകാരന്മാര്‍ക്ക് നിലനില്‍പ്പില്ലെന്ന് വിശ്വസിക്കുന്നു ചിത്രകാരി സിന്ധു ദിവാകരന്‍. കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച മഹാഭാരത വിചാരം ചിത്രരചനാ ക്യാമ്പിനുശേഷം അങ്കമാലിയിലെ വീട്ടിലിരുന്ന് അതേ പരമ്പരയില്‍ പുതിയ ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇവര്‍. സമകാല ലോകത്തെപ്രതി കലാകാരിയുടെ ആശങ്കകള്‍ക്ക് ഭാരതേതിഹാസത്തിന്റെ വ്യാഖ്യാനങ്ങളാണ് യുദ്ധപൂര്‍വ ഭാരതകഥയെ പ്രമേയമാക്കി സിന്ധു ക്യാന്‍വാസിലാക്കുന്നത്. തിരുവനന്തപുരം ഫൈനാര്‍ട്സ് കോളേജില്‍നിന്ന് പെയ്ന്റിങ്ങില്‍ബിരുദം നേടിയ സിന്ധു ചിത്രകലയുമായി ബന്ധപ്പെട്ട മേഖലകളിലും അടുത്ത് പ്രവര്‍ത്തിക്കുന്നു. എണ്ണച്ചായത്തോടാണ് കൂടുതല്‍ താല്‍പ്പര്യമെങ്കിലും പ്രായോഗിക കാരണങ്ങളാല്‍ അക്രിലിക്കും ചാര്‍ക്കോളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. നിരവധി ചിത്രരചനാ ക്യാമ്പുകളിലും ദേശീയഅന്തര്‍ദേശീയ തലത്തില്‍ ചിത്രപ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം ഏകാംഗപ്രദര്‍ശനവും സംഘടിപ്പിച്ചു. പ്രമേയതലത്തില്‍ സിന്ധുവിന്റെ ചിത്രങ്ങളും ഇടപെടലുകളും പുരോഗമന രാഷ്ട്രീയത്തിന്റേതാണ്. വര്‍ണങ്ങളുടെ വിരുദ്ധഭാവങ്ങളെ ഒരേ പ്രതലത്തില്‍ ഉപയോഗിക്കുകയും വെളിച്ചത്തിന്റെയും നിഴലിന്റെയും വൈജാത്യ സങ്കലനത്തിലൂടെ ഇമേജുകളെ മൂര്‍ത്തമാക്കുകയുംചെയ്യുന്ന ശൈലിയാണ് ചിത്രരചനയില്‍ കൂടുതലായി സ്വീകരിച്ചുകാണുന്നത്. പ്രത്യേക വര്‍ണങ്ങളോട് കൂടുതല്‍ ആഭിമുഖ്യമില്ലെങ്കിലും ഇരുണ്ട ബ്രൌണ്‍നിറത്തെ തന്റെ പ്രധാന രചനകളോടെല്ലാം ചേര്‍ത്തുവച്ചിരിക്കുന്നു. ഗൌതമബുദ്ധനും ആത്മഹത്യയില്‍ അഭയംതേടുന്ന ഇന്ത്യന്‍ കര്‍ഷകനുമെല്ലാം വ്യത്യസ്ത അര്‍ഥന്യായങ്ങളായി സിന്ധുവിന്റെ ചിത്രങ്ങളില്‍ കടന്നുവരുന്നു. കര്‍ഷക ആത്മഹത്യകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ വാര്‍ത്തയല്ലാതായി മാറിയ കാലത്താണ് വര്‍ത്തമാനപത്രത്താളുകള്‍കൂടി ഉപയോഗിച്ച് സിന്ധു വ്യത്യസ്തമായ രചന നിര്‍വഹിച്ചത്. കത്തിച്ചാമ്പലാകുന്ന കടലാസു കഷ്ണങ്ങളില്‍ കനലിന്റെ മുഖമാര്‍ന്ന കര്‍ഷക ജനത. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന കര്‍ഷകസ്ത്രീയുടെ ചിത്രമാണ് വേറൊന്ന്. യുദ്ധഭീകരതയുടെ ദുഃസ്വപ്നങ്ങളില്‍നിന്നാണ് കത്തുന്ന പുറംകുപ്പായമിട്ട യുവാവിന്റെ ചിത്രം പിറന്നത്. എഴുത്തുകാരന്‍ ധാബോല്‍ക്കറും കലബുര്‍ഗിയും പന്‍സാരെയും കൊലചെയ്യപ്പെട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഭാഗമായി സിന്ധു വരച്ചത് പക്ഷിക്കൂട്ടില്‍ പരന്നൊഴുകുന്ന രക്തത്തില്‍ കുത്തിനിര്‍ത്തിയ തൂവല്‍ത്തൂലികയാണ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരില്‍ നടന്ന ചിത്രകാരകൂട്ടായ്മയില്‍ സിന്ധു വരച്ച പുലിത്തോലുള്ള വിശുദ്ധ പശുവിന്റെ ചിത്രം ഏറെ ശ്രദ്ധനേടി. ഹൈദരാബാദ് ജവാഹര്‍ലാല്‍ നെഹ്റു ഫൈനാര്‍ട്സ് സര്‍വകലാശാലയില്‍ നടന്ന അന്തര്‍ദേശീയ ചിത്രപ്രദര്‍ശനത്തില്‍ സിന്ധു പ്രദര്‍ശിപ്പിച്ച ചിത്രം പ്രശംസനേടി. കലാകാരനെ ദിവാസ്വ്പനങ്ങളുടെ ലോകത്ത് അഭിരമിക്കാന്‍ വിടാത്ത ലോകമാണ് ചുറ്റിനുമെന്ന് സിന്ധു തിരിച്ചറിയുന്നു. സമകാല ലോകസാഹചര്യങ്ങള്‍ അത്തരം ഉള്‍വലിയലില്‍നിന്ന് കലാകാരനെ പിന്തിരിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുമ്പോള്‍ രചനകള്‍ കൂടുതല്‍ തീക്ഷ്ണവും സംവേദനാത്മകവുമാകാതെ തരമില്ലെന്ന് സിന്ധു പറഞ്ഞു. അതേസമയം, രചനാ സങ്കേതങ്ങളെയും ശൈലിയെയും എപ്പോഴും നവീകരിക്കുകയും പ്രസക്തമായി നിലനിറുത്തുകയും വേണമെന്നും കരുതുന്നു.  കേരള, കേന്ദ്ര ലളിതകലാ അക്കാദമികള്‍ക്കുവേണ്ടി ചിത്രകലാ സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളുടെ എഡിറ്റിങ്ങും ഡിസൈനിങ്ങും സിന്ധു നിര്‍വഹിച്ചിട്ടുണ്ട്. സാംസ്കാരിക ചരിത്രപഠനത്തിലും ശ്രദ്ധിക്കുന്നു. Read on deshabhimani.com

Related News