വരയുടെ താളവട്ടം



എത്ര പേനപ്പാടുകള്‍ (കുത്തുകള്‍) ചേര്‍ത്തുവച്ചാല്‍ ഒരു മുഖച്ചിത്രമാകും. നൂറോ അതോ ലക്ഷമോ. 25 വര്‍ഷത്തിലേറെയായി കുത്തുകളെ ചേര്‍ത്തുവച്ച് ചിത്രങ്ങളൊരുക്കുന്ന ഹിന്ദി അധ്യാപകന്‍ സുരേഷ് അന്നൂരിന് ഗണിതത്തിലും താല്‍പ്പര്യമുള്ളതിനാല്‍ അതിനും ഒരു കണക്ക് കാണുമെന്ന് ഉറപ്പാണ്. പത്തോ നൂറോ പേനപ്പാടുകളില്‍ ഒരു പോര്‍ട്രെയിറ്റ് പൂര്‍ത്തിയാകുമെങ്കില്‍ അത് വലിയ കാര്യമായിരിക്കുമെന്നും സുരേഷ് അന്നൂര്‍ കരുതുന്നു. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി സുരേഷ് കോളേജ് പഠനകാലത്താണ് പേനയുടെ ചെറിയ കുത്തുകള്‍ ചേര്‍ത്തുവച്ച് ആദ്യമായി ചിത്രമെഴുതിയത്. പിന്നീട് അതൊരു കൌതുകവും താല്‍പ്പര്യവുമായി വളര്‍ന്നപ്പോള്‍ പെന്‍സില്‍ സ്കെച്ചിട്ട് പേനപ്പാടുകള്‍ വീഴ്ത്തി പ്രമുഖരുടെയെല്ലാം ചിത്രങ്ങള്‍ വരയ്ക്കുന്നത് പതിവായി. എ3, എ4 കടലാസില്‍ ഇങ്ങനെ വരച്ച ആയിരക്കണക്കിനു പോര്‍ട്രെയിറ്റുകള്‍ സുരേഷിന്റെ പക്കലുണ്ട്. ഇതിനിടെ ചിത്രകലയില്‍ ഡിപ്ളോമ നേടി. ആദ്യകാലത്തെ കൌതുകത്തില്‍നിന്ന് ചിത്രരചന ഗൌരവത്തിലെടുത്തശേഷം പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ച് അവര്‍ക്ക് സമ്മാനിക്കാനും കഴിഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിനും കുഞ്ഞുണ്ണി മാഷിനും ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗായകന്‍ യേശുദാസിന്റെ ചിത്രം വരച്ച് നവരാത്രികാലത്ത് കൊല്ലൂര്‍ മൂകാംബികയില്‍ പോയി അദ്ദേഹത്തിന് സമ്മാനിക്കാനായത് വിലപ്പെട്ട നിമിഷമായി സുരേഷ് സൂക്ഷിക്കുന്നു. വരച്ചാല്‍ ഉടന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന പോര്‍ട്രെയിറ്റുകള്‍ ആയിരക്കണക്കായ ആളുകള്‍ പതിവായി കാണാറും ആസ്വദിക്കാറുമുണ്ട്. വിദേശത്തും കേരളത്തിനു പുറത്തുമുള്ളവര്‍ ഈ ചിത്രങ്ങളില്‍ താല്‍പ്പര്യം കാണിക്കുന്നതായി സുരേഷ് പറഞ്ഞു. പോര്‍ട്രെയിറ്റുകള്‍ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടും ഈ രചനാസങ്കേതം പഠിക്കണമെന്ന് ആവശ്യപ്പെട്ടും പലരും എത്താറുണ്ടെന്നും സുരേഷ് പറഞ്ഞു. പോര്‍ട്രെയിറ്റുകള്‍ വിദേശത്തുള്‍പ്പെടെയുള്ള പലര്‍ക്കും വരച്ചുകൊടുത്തു. ഔദ്യോഗിക തിരക്കുള്ളതിനാല്‍ ചെയ്തുകൊടുക്കാനുള്ളത് ഇപ്പോഴും ബാക്കിയാണ്. പേന ചിത്രങ്ങളാണ് സുരേഷിന്റെ പ്രധാന ഇഷ്ടമെങ്കിലും എണ്ണച്ചായത്തിലും അക്രിലിക്കിലും വരയ്ക്കാറുണ്ട്. തത്സമയ ചിത്രരചനയും നിര്‍വഹിക്കാറുണ്ട്. സ്കൂളുകളിലും മറ്റും വിശേഷാവസരങ്ങളില്‍ കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ തത്സമയ ഡെമോണ്‍സ്ട്രേഷനിലൂടെ വരയ്ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വരച്ചുതീര്‍ക്കുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് കുത്തുകള്‍ക്കു പകരം വരകളാണ് ഉപയോഗിക്കുക. പോര്‍ട്രെയിറ്റുകള്‍ക്കു പുറമെ പ്രമേയങ്ങളിലൂന്നിയുള്ള ചിത്രങ്ങളും കുത്തുകളിലൂടെ തീര്‍ക്കാനുള്ള പ്രയത്നത്തിലാണ് ഇപ്പോള്‍. കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രദര്‍ശിപ്പിക്കാനും പരിപാടിയുണ്ട്. പേനപ്പാടുകള്‍ ഉപയോഗിച്ചു വരയ്ക്കുന്ന പോര്‍ട്രെയിറ്റുകളില്‍ മൌലികത സൂക്ഷിക്കാന്‍ സുരേഷിന് കഴിയുന്നുണ്ട്. ന്യൂനതയില്ലാത്ത സ്കെച്ചാണ് അതില്‍ പ്രധാനപ്പെട്ടത്. ഒഴുക്കുള്ള വരയുടെ ലാളിത്യവും അനായാസതയും ആസ്വാദ്യമാണ്. കുത്തുകളുടെ ആധിക്യമോ കുറവോ ചിത്രങ്ങളില്‍ കാണാനാകില്ല. താളനിബദ്ധമായ ഒരു സംഗീതശില്‍പ്പംപോലെ അവ ആസ്വാദകന്റെ കാഴ്ചയെയും രസനയെയും നിറയ്ക്കുന്നു. എട്ടിക്കുളം മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനാണ് സുരേഷ്. 12വര്‍ഷംമുമ്പ് വിദ്യാഭ്യാസവകുപ്പില്‍ ജോലി നേടിയതാണ്. മൂന്നുവര്‍ഷമായി അധ്യാപകനായിട്ട്. അധ്യയനത്തിന്റെ ഇടവേളകളില്‍ ചിത്രരചനയോടൊപ്പം അല്‍പ്പമല്ലാത്ത സംഗീതവുമുണ്ട്. തബല, ചെണ്ട, കീബോര്‍ഡ് എന്നിവ വായിക്കുന്നതിനാല്‍ സംഗീതപരിപാടികളിലും പതിവായി പങ്കെടുക്കുന്നു. ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥയായ കെ കെ സന്ധ്യയാണ് ഭാര്യ. സ്കൂള്‍വിദ്യാര്‍ഥികളായ ഗോപികയും രാധികയും മക്കള്‍. Read on deshabhimani.com

Related News