നഗരത്തിന്‌ മൊഞ്ചേറ്റി ആതിരയുടെ കൂറ്റൻ ഗ്രഫിറ്റി



കൊച്ചി>മാധവ ഫാർമസി കവലയിലെ പുരാതനകെട്ടിടത്തിന്‌ ബിനാലെ നഗരത്തിനിണങ്ങുന്ന മുഖച്ഛായ സമ്മാനിച്ച കലാകാരി ഇവിടെയുണ്ട്‌. ആരുടെയും ശ്രദ്ധയാകർഷിക്കുന്ന കൂറ്റൻ ഗ്രഫിറ്റി ഒരുക്കിയത്‌ കളമശേരിക്കാരി ആതിര മോഹനാണ്‌. ഒരുമാസത്തിലേറെ പണിയെടുത്താണ്‌ 35 അടി ഉയരത്തിൽ 6200 ചതുരശ്ര അടി വിസ്‌തീർണത്തിൽ ഗ്രഫിറ്റി പൂർത്തിയാക്കിയത്‌.  ബാനർജി റോഡിനും എംജി റോഡിനും അഭിമുഖമായാണ്‌ സംസ്ഥാനത്തെ ഏറ്റവും വലുതെന്നു കരുതുന്ന ചിത്രം പൂർത്തിയാക്കിയത്‌. മുമ്പ്‌ ഗ്രിൻഡ്‌ലെയ്‌സ്‌ ബാങ്ക്‌, സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, വിമൽ സ്യൂട്ടിങ്സ്‌ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ്‌ ഗ്രഫിറ്റി. വർഷങ്ങളായി പുതിയ ചായംപോലുമില്ലാതിരുന്ന കെട്ടിടത്തിന്‌ ചിത്രമതിലിന്റെ വരവോടെയുണ്ടായ മുഖച്ഛായമാറ്റവും ശ്രദ്ധേയം. ചിത്രത്തിനുകീഴെ ആതിര മോഹൻ എന്ന കൈയൊപ്പ്‌ കണ്ട്‌ ചിത്രകാരിക്കായുള്ള അന്വേഷണം സമൂഹമാധ്യമങ്ങളിൽ തകൃതിയായി. ആതിരയുടെ കോളേജ്‌ വിദ്യാഭ്യാസം ചെന്നൈ യിലായിരുന്നു. ജോലി ബംഗളൂരുവിലും. ചിത്രകല അഭ്യസിച്ചിട്ടില്ല. കുട്ടിക്കാലംമുതൽ വരച്ചിരുന്നു. മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിൽനിന്ന്‌ ധനതത്വശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം കുറച്ചുകാലം സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്‌തു. വരയാണ്‌ വഴിയെന്നു കണ്ട്‌ ജോലി വിട്ടു. ആറുമാസം ഗ്രാഫിക്‌ ഡിസൈൻ കോഴ്‌സ്‌ ചെയ്‌തു. ഇപ്പോൾ സുഹൃത്തുമായി ചേർന്ന്‌ ബംഗളൂരുവിൽ എഒഎം സ്‌റ്റുഡിയോസ്‌ എന്ന മീഡിയ പ്രൊഡക്‌ഷൻ കമ്പനി നടത്തുന്നു.  കൊച്ചിയിൽ പ്രമുഖ വസ്‌ത്രവ്യാപാര സ്ഥാപനത്തിനുവേണ്ടി മുമ്പ്‌ ഗ്രഫിറ്റി ചെയ്‌തിട്ടുണ്ട്‌. ആ പരിചയമാണ്‌ പുതിയ ദൗത്യത്തിലെത്തിച്ചത്‌. ഒറ്റനിലക്കെട്ടിടത്തിനുമുകളിൽ 35 അടിയോളം ഉയരത്തിലാണ്‌ ചിത്രമതിൽ സ്ഥാപിക്കേണ്ടിയിരുന്നത്‌. ഇരുമ്പുതൂണുകൾ ഉയർത്തി സിമന്റ്‌ ബോർഡ്‌ സ്ഥാപിച്ചു. കൊച്ചിയുടെ മെട്രോപോളിറ്റൻ ജീവിതമായിരുന്നു പ്രമേയം.  ചീനവലപ്പാലവും മറൈൻഡ്രൈവും കായലും കടലുമൊക്കെ കാഴ്‌ചകളായി. തിളക്കമുള്ള  ജെഎസ്‌ഡബ്ല്യു എക്‌സ്‌റ്റീരിയർ പെയിന്റിലായിരുന്നു വര. കെട്ടിയുയർത്തിയ തട്ടിനുമുകളിൽ സുരക്ഷാ ബെൽറ്റ്‌ ധരിച്ചിരുന്ന്‌ വരയ്‌ക്കാൻ രണ്ട്‌ സഹായികളുണ്ടായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ റിസോർട്ടിൽ 2000 ചതുരശ്രയടിയിൽ പുതിയ ഗ്രഫിറ്റിയുടെ രചനയിലാണിപ്പോൾ. കൊച്ചിയിലെ ചിത്രം കണ്ട്‌ നിരവധി അന്വേഷണങ്ങളുണ്ടായതായി ആതിര പറഞ്ഞു. വരുംനാളുകളിൽ കൊച്ചിയിൽ കൂടുതൽ രചനകൾക്ക്‌ അവസരമുണ്ടാകുമെന്നും ആതിര പറഞ്ഞു. പരേതരായ പി മോഹന്റെയും ജെമിനിയുടെയും മകളാണ്‌. സഹോദരി ഡോ. അശ്വതി മോഹൻ (കൊച്ചിൻ ക്യാൻസർ സെന്റർ). Read on deshabhimani.com

Related News