വാഴുന്നോരുടെ ഭ്രാന്തും നാട്ടുകാരുടെ ആധിയും പങ്കിട്ട‌് പുലിജന്മം



കളമശേരി>വാഴുന്നോരുടെ ഭ്രാന്തിലും ചതിയിലും ചവിട്ടിയരയ‌്ക്കപ്പെട്ട അടിയാളജനതയുടെ ദുരന്ത ജീവിതപർവം അതുല്യ രംഗാനുഭവമാക്കി പുലിജന്മം അരങ്ങേറി.  30 വർഷംമുമ്പ് എൻ പ്രഭാകരൻ രചിച്ച പുലിജന്മം നാടകമാണ‌്  ദ്രാവിഡ എന്റർടെയ്ൻമെന്റിന്റെ ആദ്യസംരംഭമായി കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയത‌്. വർത്തമാനകാലത്തും പ്രസക്തമായ പ്രമേയത്തെ ശക്തമായ നാടകാനുഭവമാക്കിയ പുലിജന്മത്തിന്റെ ആദ്യാവതരണത്തിന‌് സാക്ഷിയാകാൻ സാംസ‌്കാരിക–- രാഷ‌്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ എത്തി. കമ്മട്ടിപ്പാടം സിനിമയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ  മണികണ്ഠൻ ആർ ആചാരിയാണ് നാടകത്തിൽ  മുഖ്യകഥാപാത്രമായ കാരി ഗുരുക്കളെ അവതരിപ്പിച്ചത്. കൊടുങ്ങല്ലൂർ സ്വദേശി വി പി ആതിര വെള്ളച്ചിയായി വേഷമിട്ടു. മലബാറിലെ പുലയ സമുദായത്തിന്റെ തൊണ്ടച്ചൻ ദൈവങ്ങളിൽ പ്രമുഖമായ പുലി മറഞ്ഞ തൊണ്ടച്ചൻ അഥവാ കാരി ഗുരുക്കൾ തെയ്യത്തിന്റെ കഥയിലൂടെയാണ‌് കീഴാളസമൂഹത്തിന്റെ ജീവിതവ്യഥ അരങ്ങിൽ നിറയുന്നത‌്. 18 കളരിയിലും പഠിച്ച് ആയുധാഭ്യാസവും അക്ഷരാഭ്യാസവും ഒടിവിദ്യയുമറിഞ്ഞ ആളാണ് കാരി ഗുരുക്കൾ. നാടുവാഴിയുടെ ഭ്രാന്തും അതുവഴി നാടിനുണ്ടായ ആധിയും തീർക്കാൻ പുലിജടയും പുലിവാലും കൊണ്ടുവരാൻ ഗുരുക്കൾ പുലിവേഷം സ്വീകരിക്കുന്നു.   പൊട്ടൻ, കുറത്തി, ഗുളികൻ തുടങ്ങിയ തെയ്യങ്ങൾ ഗുരുക്കളെ പ്രലോഭിപ്പിച്ച‌് യാത്ര തടയാൻ ശ്രമിച്ചിട്ടും ഗുരുക്കൾ  ദൗത്യം പൂർത്തിയാക്കുന്നു.  എന്നാൽ, തിരിച്ച‌് മനുഷ്യരൂപം പ്രാപിക്കാനാകാതെ ചതിയിൽപ്പെടുന്നു.  കളരിയും തെയ്യവും അടിയാള നൃത്തങ്ങളും ചേർന്നതാണ് ഒന്നേകാൽമണിക്കൂർ ദൈർഘ്യമുള്ള നാടകത്തിലെ ചുവടുകൾ. തുടി, മരം, കൈച്ചിലമ്പ് തുടങ്ങിയ അടിയാളവാദ്യങ്ങൾ പിന്നണിയിൽ. സംവിധായകൻ കെ ബിനീഷ്  ഉൾപ്പെടെ സ‌്കൂൾ ഒാഫ് ഡ്രാമയിൽ പഠനം പൂർത്തിയാക്കിയ അവസാന ബാച്ചുകാരായിരുന്നു അരങ്ങിലും അണിയറയിലും. ശ്രീജിത‌് സുന്ദർ, ഗാർഗി അനന്തൻ, ആതിര ശിവദാസ്, നാരായണൻ, ശ്രീരാജ്‌, ഗോവിന്ദ് പപ്പു, അയ‌്മൻ അബ്ദുള്ള, നന്ദഗോപൻ, റോഷൻ, ആകാശ്, മീനാക്ഷി, ഹിരൺ, ഫിദ, പ്രഫുൽ തുടങ്ങിയവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  ജുബിത് നമ്രാഡത്തിന്റെ വരികൾക്ക് ദേവ് സംഗീതം പകർന്നു. കല വൈശാഖ് കൃഷ്ണപ്രസാദ്‌. പ്രോപ്പർട്ടി സുബിൻ ഋഷികേശ‌്, വിശാഖ് ഭാസി, മേക്കപ്പ‌് എസ് ഗോവിന്ദ‌്, രമ്യയും സുവിയും  വസ്ത്രാലങ്കാരം നിർവഹിച്ചു. അജിത് കുമാറും സംഘവുമാണ് വാദ്യങ്ങൾ കൈകാര്യം ചെയ‌്തത്. ദ്രാവിഡയുടെ പ്രോജക്ട് ഡിസൈനർകൂടിയായ അഭിനേത്രി ദിവ്യ ഗോപിനാഥ് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥിന്റെയും ഏലൂർ നഗരസഭാ അധ്യക്ഷ സി പി ഉഷയുടെയും മകളാണ്.നാടകാചാര്യന്മാരായ ശശിധരൻ നടുവിലും പ്രൊഫ. ചന്ദ്രദാസനും കലാമണ്ഡലം മുൻ ചെയർമാൻ ഡോ. കെ ജി പൗലോസും ചേർന്ന് നാടകത്തിന്റെ അരങ്ങിലും പിന്നണിയിലും പ്രവർത്തിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. ദ്രാവിഡ എന്റർടെയിൻമെന്റിന്റെ റീലോഞ്ച‌് സാംസ്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനംചെയ്തു. ‘പുലിജന്മ’ത്തിന്റെ  പ്രദർശനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജൂബിത്ത് നമ്രാടത്ത് അധ്യക്ഷനായി. പ്രൊഫ.എം കെ സാനു, പുലിജന്മം സിനിമാസംവിധായകൻ പ്രിയനന്ദനൻ, കലാമണ്ഡലം മുൻ ചെയർമാൻ ഡോ. കെ ജി പൗലോസ്, കുസാറ്റ് വിസി ഡോ. ആർ ശശിധരൻ, കളമശേരി നഗരസഭാധ്യക്ഷ ജെസി പീറ്റർ, സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ശ്രീജിത്ത് രമണൻ തുടങ്ങിയവർ സംസാരിച്ചു. ദ്രാവിഡ ക്രിയേറ്റീവ് ഡയറക്ടർ പവി ശങ്കർ സ്വാഗതവും പ്രോജക്ട് ഡയറക്ടർ ദിവ്യഗോപിനാഥ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News