പാഴ്‌വസ്‌തു സുന്ദരമാകും കൊറോണക്കാലം



കൊച്ചു ആകുലതകളും ആശങ്കകളും നൽകി കോവിഡ്‌  ഓരോ ദിനവും ജനങ്ങളെ വീടുകളിലേക്ക്‌  ഒതുക്കുകയാണ്. ഈ ദിനങ്ങളിലെ മടുപ്പിക്കുന്ന വിരസതയെ ഒഴിവാക്കാൻ  എറണാകുളം പഴങ്ങനാട് സ്വദേശിനി സീനാ സാജനെ മാതൃകയാക്കാം. ഉപയോഗം കഴിഞ്ഞ കുപ്പികളിൽനിന്ന് മനോഹരമായ അലങ്കാരവസ്തുക്കൾ നിർമിച്ചും പഴയ ജീൻസിൽനിന്ന് ഭംഗിയുള്ള തുണിസഞ്ചികൾ തുന്നിയെടുത്തുമൊക്കെ വിരസതയെ മറികടക്കാമെന്നവർ കാട്ടിത്തരുന്നു. ഫാബ്രിക് പെയിന്റ്‌, ഗ്ലാസ് പെയിന്റ്‌, എംസീൽ, വാൾപുട്ടി, വിവിധതരം നൂലുകൾ എന്നിവ ഉപയോഗിച്ചാണ് കുപ്പികളെ മനോഹരമാക്കുന്നത്. ടിഷ്യൂ പേപ്പറുകൾ ഉപയോഗിച്ചും  കുപ്പികൾ മോടിപിടിപ്പിക്കാറുണ്ട്. വേനൽക്കാലമായതിനാൽ പറമ്പിൽനിന്നു ശേഖരിച്ച ചുള്ളിക്കമ്പും ഇതിനായി പ്രയോജനപ്പെടുത്തുന്നു. മൺപാത്രങ്ങളും പെയിന്റ്‌  ചെയ്‌ത്‌  വർണാഭമാക്കുന്നു. കുപ്പിയിൽ മാത്രമല്ല, കൈയിലെത്തുന്ന  പാഴ്‌വസ്‌തുക്കൾ ഏതെങ്കിലും തരത്തിൽ ഉപയോഗപ്രദമാക്കാമെന്ന് സീന കാട്ടിത്തരുന്നു. കിഴക്കമ്പലത്ത് ബ്യുട്ടീക്‌ നടത്തുകയാണ്‌ സീന. സർക്കാർ നിർദേശം പാലിച്ച്  കടയ്‌ക്ക്‌ അവധിനൽകി. ഗൗണും സാരികളും മുതൽ ചട്ടയും മുണ്ടുംവരെ ഡിസൈൻ ചെയ്യുന്ന കടയിൽ മിച്ചംവന്ന തുണികൊണ്ട് ഭംഗിയുള്ള  പേഴ്സുകളും അലങ്കാരവസ്തുക്കളും നിർമിക്കുന്നു.  കട തുറക്കുന്ന കാലത്തും സീനയുടെ അവധിക്കാലം  തിരക്കേറിയതായിരുന്നു. എംബ്രോയ്‌ഡറിയും തുന്നലും  പഠിച്ചതിനുശേഷമാണ് കട തുടങ്ങിയത്. പാഴ്‌വസ്തുക്കളെ ഉപയോഗിക്കുന്നതിനുള്ള അറിവ് യൂട്യൂബിൽനിന്നാണ് ലഭിച്ചത്. ഇപ്പോൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനമായിട്ടാണ് ഇവ നൽകുന്നത്. കൊച്ചി ആർട്ട്‌ ഗ്യാലറി എന്ന ഫെയ്‌സ്‌ബുക്ക് പേജും ഉണ്ട്. ദുരിതകാലം താണ്ടിയാൽ തന്റെ സ്ഥാപനത്തിനൊപ്പം ഇതും മുന്നോട്ടു കൊണ്ടുപോകാൻ താൽപ്പര്യമുണ്ട്. പെയിന്റിങ്‌ കോൺട്രാക്ടറായ പഴങ്ങനാട് മുട്ടത്തോട്ടിൽ സാജൻ മാത്യുവാണ് ഭർത്താവ്. മക്കൾ മൂന്നുപേരും വിദ്യാർഥികളാണ്. Read on deshabhimani.com

Related News