ശശിയില്ലാത്ത ഇറ്റ്ഫോക്ക് സ്മരണയുടെ ഊര്‍ജ്ജത്തില്‍ രേവതി



തൃശൂര്‍> ഇറ്റ്ഫോക്ക് പത്താംപതിപ്പ് പകുതിയാവുമ്പോള്‍സാംസ്കാരിക പ്രവര്‍ത്തകര്‍ വേദനയോടെ പങ്കുവെക്കുന്ന ഒരു അസാന്നിധ്യമുണ്ട്. അവരുടെ പ്രിയപ്പെട്ട വില്ലടം ശശിയുടെ, നാടകസിനിമാപ്രവര്‍ത്തകനായിരുന്ന എ വി ശശിധരന്റെ. കഴിഞ്ഞ ഒമ്പത് ഇറ്റ്ഫോക്കും അതിന്റെ ഒരു തുടിപ്പും വിടാതെ പകര്‍ത്തിവെക്കാന്‍ നേതൃത്വം നല്‍കിയ ശശി പത്താമത് ഇറ്റ്ഫോക്കില്‍ നിഴല്‍സാന്നിധ്യം മാത്രമാണ്. ശശിയുടെ പ്രിയപ്പെട്ട അമ്മുവിന്റെ(രേവതി) നേതൃത്വത്തിലാണ് ഇത്തവണ വീഡിയോഗ്രഫി.  മുഴുവന്‍ നാടകങ്ങളും അനുബന്ധപരിപാടികളും മുഖാമുഖങ്ങളും പകര്‍ത്തിവെക്കുമ്പോള്‍ ശശി കേവലം വീഡിയോഗ്രാഫറായിരുന്നില്ല. നാടകത്തേയും സിനിമയേയും അകമഴിഞ്ഞ് പ്രണയിച്ച കലാകാരന്‍ കൂടിയായിരുന്നു. ഒളിപ്പോര് എന്ന സിനിമയുടെയും, ഏഎസ്എന്‍ നമ്പീശനെ ക്കുറിച്ചുള്ള 'ജലത്തില്‍ മത്സ്യംപോലെ' നിലമ്പൂര്‍ ആയിഷയെക്കുറിച്ചുള്ള 'അഭിനേത്രി' എന്നിവ ഉള്‍പ്പടെ ഒരുപിടി ഡോക്യുമെന്ററികളുടെ സംവിധാനവും ശശി നിര്‍വഹിച്ചിട്ടുണ്ട്. അക്കാദമിയുടെ എല്ലാ പരിപാടികളും വീഡിയോ രേഖയാക്കിയിരുന്നത് ശശിയും സംഘവും തന്നെയായിരുന്നു. 2016 മെയ് പത്തിന് മരണത്തോടൊപ്പം ഇറങ്ങിപോവും വരെ അതുതുടര്‍ന്നു. ഒരു വര്‍ഷമൊഴികെ ഇറ്റ്ഫോക്കിനും അതുണ്ടായി. ഒപ്പം തോള്‍ചേര്‍ന്നു നില്‍ക്കാന്‍ രേവതിയുമുണ്ടായിരുന്നു. ശശിയില്‍ നിന്നും പകര്‍ന്നു കിട്ടിയ വീഡിയോഗ്രഫി പിന്നെ ഏറ്റെടുക്കുകയായിരുന്നു അവള്‍. എഡിറ്റര്‍മാരുള്‍പ്പടെ ഏഴ് പേരടങ്ങുന്ന സംഘമാണ് സഹായത്തിനുള്ളത്. ഭുരിപക്ഷം പേരും ശശിയോടൊപ്പമുണ്ടായിരുന്നവര്‍.അവരുടെയുംഅക്കാദമി ജീവനക്കാരുടേയും ഇറ്റ്ഫോക്ക് കമ്മിറ്റിയുടേയും അകമഴിഞ്ഞ സ്നേഹവും സഹകരണവും തന്നെയാണ് രേവതിയുടെ ഊര്‍ജ്ജം. ഒപ്പം പ്രിയപ്പെട്ട ശശിയേട്ടന്റെ സ്മരണയും. Read on deshabhimani.com

Related News