മരണമണമുള്ള കാലത്തെ നാടകം



 ആസുരകാലത്തിന്റെ നാടകം എന്താകണം എങ്ങനെയാകണം? തീച്ചൂടിലിരിക്കുമ്പോൾ തേൻ നുകരാനും പ്രണയിക്കാനും ആഹ്ലാദിക്കാനും പറയുന്നവരുടെ ലക്ഷ്യം സംശയിക്കപ്പെടണം. ചിരിപ്പിച്ചും രസിപ്പിച്ചും കാഴ്ചകൾകൊണ്ട് അമ്പരപ്പിച്ചും ഇതാണ് ഇക്കാലത്തിന്റെ നാടകമെന്ന് പറയുന്നവർ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.  ചുറ്റിലും വിലാപങ്ങളും പ്രതിഷേധവും മരണവും കൊലക്കത്തികളും അവകാശനിഷേധങ്ങളും നിറയുമ്പോൾ കോമാളിക്കളികൊണ്ട് രസിപ്പിക്കാനും വൈയക്തിക വേദനകൾകൊണ്ട് രസിപ്പിക്കാനും ശ്രമിക്കുന്നത് മഹാപാതകം. കാലത്തോടും ജനതയോടുമുള്ള പാതകം.  നാടിനെപ്പറ്റി നാടകം കളിക്കൽ, മനുഷ്യനെപ്പറ്റി നാടകം കളിക്കൽ, മരണത്തെപ്പറ്റി നാടകം കളിക്കൽ ഇതെല്ലാം അസാധ്യമാകുന്ന കാലത്താണ് ഇതൊന്നും കണ്ടില്ലെന്നു നടിച്ച് തമാശനാടകം കളിച്ച് രസിപ്പിക്കാൻ ചിലർ മെനക്കെടുന്നത്. അല്ലങ്കിൽ നാടകത്തിലെ ബാഹുബലികളൊരുക്കി രസിപ്പിക്കുന്നത്.    ഇതിനെ ചോദ്യംചെയ്യുകയാണ് കൊച്ചിയിലെ ജനരംഗവേദി അവതരിപ്പിക്കുന്ന നാടകം മഹാഗാന്ധിതുറ. രചനയിലെയും വിഷസ്വീകരണത്തിലെയും രംഗഭാഷയിലെയും വ്യത്യസ്തതയാണ് നാടകത്തെ ശ്രദ്ധേയമാക്കുന്നത്.  നാടകം അവതരിപ്പിക്കാൻ തീരുമാനിക്കുന്ന സംഘം അതിനുമുമ്പേ ജയിലലടയ്ക്കപ്പെടുന്നതാണ് നാടകച്ചുരുക്കം. അതിലൂടെ രാജ്യം നേരിടുന്ന ഒട്ടേറെ വിഷയങ്ങളെ പറഞ്ഞുപോകുന്നു. കേവലം ഉപരിപ്ലവസ്വഭാവത്തോടെയല്ല അത്. ഓരോ വിഷയത്തിന്റെയും ആഴവും രാഷ്ട്രീയവും കൃത്യമായി പരിശോധിക്കുന്നുണ്ട് നാടകത്തിൽ. ഈ സൂക്ഷ്മതയില്ലായിരുന്നെങ്കിൽ വെറുതെ പ്രചാരണനാടകമായി മാറുമായിരുന്നു മഹാഗാന്ധിതുറ. വംശഹത്യ, ഭക്ഷണത്തിലെ ഫാസിസം, കലാസാഹിത്യരംഗത്തെ ഫാസിസ്റ്റ് ഇടപെടൽ, കൊലപാതകങ്ങൾ എല്ലാമെല്ലാം നാടകംപരിശോധിക്കുന്നു. കഥാപാത്ര രൂപീകരണത്തിലും നാടകഭാഷയിലും ആദ്യന്തം ഒരു മൂന്നാംലോകനാടകത്തിന്റെ, ദളിത് തിയറ്ററിന്റെ ഘടകങ്ങളെ സമന്വയിപ്പിക്കുന്നുണ്ട്് നാടകം.  മലയാള നാടകവേദിയിൽ അടിച്ചേൽപ്പിക്കാൻ ചിലർ ശ്രമിക്കുന്ന ആർഭാടഭാഷകളെ പൂർണമായും നിരാകരിക്കുന്നതാണ് സ്വപനേഷ്ബാബുവിന്റെ രചനയും സംവിധാനവും. ശിവകുമാർ തായങ്കരിയാണ് സംവിധാനസഹായം. സംഗീതം സാലിമോൻ കുമ്പളങ്ങി, ദീപസംവിധാനം നവീൻരാജ്, ചമയം സുരേഷ് ചമ്മനാട്, കല സദ്ദാം മണ്ണാർക്കാട്, എം വി മാർട്ടിൻ, രുദ്രാ പ്രദീപ് എന്നിവരും ഒരുക്കുന്നു. കെ കെ എസ് ദാസിന്റെ കവിത സലിംകുമാർ ചന്തിരൂർ ആലപിക്കുന്നു. തൃശൂർ പ്ലാത്തി നാടകസംഘത്തിന്റെ സഹകരണവും നാടകത്തിനുണ്ട്.   ജയചന്ദ്രൻ തകഴിക്കാരൻ, ഷാജി മനയത്ത്, കെ എ ജനാർദനൻ, രാഖി, മാളു ആർ ദാസ്, യേശുദാസ് വരാപ്പുഴ, വി രാജ്, എം വി മാർട്ടിൻ, ടോണി ആന്റണി, സാബു ജോസ്, സുധി കൃഷ്ണൻ, ആദി, പി എസ് മിഥുൻ, സാലിമോൻ കുമ്പളങ്ങി, ലിയോൺ പീറ്റർ, ശിവകുമാർ തായങ്കരി, റഷീദ് മട്ടാഞ്ചേരി, സ്വപ്നേഷ് ബാബു, സൈറ സംഘമിത്ര, സിദ്ധാർഥ സാം എന്നിവരാണ് അരങ്ങിൽ.   Read on deshabhimani.com

Related News