നാടൊന്നാകെ നാടകത്തെ ഏറ്റെടുക്കുമ്പോള്‍



ഖസാക്കിന്റെ ഇതിഹാസം നാടകം മലയാളനാടകചരിത്രത്തിലെ ഒരു സംഭവമാണ്–ഒരു ഗ്രാമം ഒത്തുചേര്‍ന്ന് നാടകം സൃഷ്ടിക്കുക. കുഞ്ഞുങ്ങള്‍മുതല്‍ വൃദ്ധര്‍വരെ അഭിനേതാക്കളാകുക, നാടകത്തിനായി ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളും മാസങ്ങളോളം പണിയെടുക്കുക. അടുത്തകാലത്തൊന്നും ഇത്തരത്തിലൊരു സംഘാടനമുണ്ടായിട്ടില്ല. അവതരണത്തിലും നാടകം ശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്ന് നാടകാസ്വാദകര്‍ ഖസാക്ക് കാണാന്‍ തൃക്കരിപ്പൂരിലെത്തി. സംവിധായകന്‍: ദീപന്‍ ശിവരാമന്‍, ലൈറ്റ്: ജോസ് കോശി, സംഗീതം: പാരീസ് ചന്ദ്രന്‍. അന്തര്‍ദേശീയപ്രശസ്തരായ നാടകപ്രവര്‍ത്തകരുടെ പിന്തുണയോടെ തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതി അവതരിപ്പിക്കുന്ന നാടകം കൊടുങ്ങല്ലൂരില്‍ അരങ്ങേറുകയാണ് ഏപ്രില്‍ 1, 2, 3 തീയതികളില്‍. ഈ സംഘാടനവും നാടകചരിത്രത്തില്‍ ഇടംനേടുന്നു. നാടകം രൂപപ്പെടുത്താന്‍ ഒരുദേശം മുഴുവന്‍ ഒരുമിച്ചതുപോലെ അതിന് അരങ്ങൊരുക്കാന്‍ കേരളത്തിലെമ്പാടും ജനകീയകൂട്ടായ്മകള്‍ രൂപപ്പെടുകയാണ്. കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വേദിയൊരുക്കാന്‍ തീരുമാനിക്കുമ്പോള്‍ സംഘാടകരായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിക്ക് വലിയ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്‍ മാധവന്‍കുട്ടിയും കമലും നജ്മല്‍ബാബുവും ഉള്‍പ്പെടുന്ന വലിയ നിര സംഘാടനത്തിന്റെ മുന്‍നിരയിലേക്ക് വരുന്നതോടെ ചിത്രം മാറി. ബഹദൂര്‍ സ്മാരക ട്രസ്റ്റ് കൂടി സംഘാടനത്തില്‍ ഭാഗമായി. കൊച്ചി ബിനാലെ സംഘാടകര്‍ സഹായവുമായെത്തി. ജനാധിപത്യ മതേതരകൂട്ടായ്മയായി സംഘാടകസമിതി മാറി. സംഘാടകരറിയാതെതന്നെ പ്രചാരണത്തിന്റെ തലം മാറി. ചുമരുകളില്‍ ചിത്രംവരയും ഇന്‍സ്റ്റലേഷനും ചെറു നാടകാവതരണങ്ങളും ഗസല്‍ സായാഹ്നവും കവിയരങ്ങും സെമിനാറുകളും പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്നു. ചിത്രകാരന്മാര്‍, സിനിമാപ്രവര്‍ത്തകര്‍, കവികള്‍, നാടകപ്രവര്‍ത്തകര്‍ എല്ലാം പ്രചാരണത്തിനെത്തുന്നു. ചിത്രകാരന്‍ ഡാനി, ബാലഭാസ്കരന്‍, കെ ജി ബാബു, പ്രേജി, ശില്‍പ്പി രാജന്‍ സംവിധായകരായ കമല്‍, ആഷിക് അബു, പ്രിയനന്ദനന്‍, കവി ഗോപീകൃഷ്ണന്‍, ഫോട്ടോഗ്രാഫര്‍ സുനില്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു.  ഖസാക്കിലെ കഥാപാത്രങ്ങള്‍, ഭൂപ്രകൃതി, പാലക്കാടന്‍ പനകള്‍, കാറ്റ്, കുഞ്ഞാമിന,അല്ലാപിച്ചമൊല്ലാക്ക, കുഞ്ഞാമിന, കുടിപ്പള്ളിക്കൂടം എല്ലാം മതിലുകളിലും പഴയ കെട്ടിടങ്ങളുടെ ചുമരിലും നിരന്നു. സ്കൂള്‍കുട്ടികള്‍, അധ്യാപകര്‍, തൊഴിലാളികള്‍, വീട്ടമ്മമാര്‍ എന്നിവരും ഇതില്‍ പങ്കാളികളായി. കൊടുങ്ങല്ലൂരിന്റെ സാംസ്കാരികഭൂമികയെ സംഘര്‍ഷകലുഷിതമാക്കാന്‍ അവസരം കാത്തു നടക്കുന്നവരെ വിറപ്പിച്ചുകൊണ്ട് വലിയൊരു കൂട്ടായ്മ രൂപംകൊള്ളുന്നു. തൃശൂരിലും ഇരിങ്ങാലക്കുടയിലും കോട്ടപ്പുറത്തും അഴീക്കോടും എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലുമൊക്കെയായി ഒരു നാടകാവതരണത്തിന്റെ പ്രചാരണം ജനം ഏറ്റെടുത്തു. തൃശൂരിലെ നാടകസംഘങ്ങള്‍ ചെറു നാടകങ്ങളുമായെത്തി. അതോടൊപ്പം ഒരു ചുവടുവയ്പുകൂടി ഉണ്ടാകുന്നു. സംഘാടകരുടെ നേതൃത്വത്തില്‍ ഒ വി വിജയന്റെ കടല്‍ത്തീരത്ത് എന്ന കഥയുടെ രംഗാവതരണവും ഒരുങ്ങുന്നു. രംഗത്തെത്തുന്നത് നാട്ടിലെ വീട്ടമ്മമാരും ചെറുപ്പക്കാരും. മുസിരിസ് തിയറ്റര്‍ ഫെസ്റ്റിവല്‍ എന്ന പുതിയ ആശയവും ചെറുനാടകങ്ങളുടെ തുടര്‍ച്ചയായ രംഗാവതരണവും കൂടി അവര്‍ ആവിഷ്കരിച്ചതോടെ ഒരു നാടകാവതരണവും അതിന്റെ പ്രചാരണവും കേരളനാടകവേദിക്കും സാമൂഹ്യപോരാട്ടത്തിനും  സംഭാവന നല്‍കുന്ന മഹാപ്രസ്ഥാനമായി മാറുകയാണ്. Read on deshabhimani.com

Related News