സോണി സോറി പറയുന്നു



ആരോ പറഞ്ഞതുപോലെ ജനാധിപത്യത്തിനുള്ളില്‍ ഫാസിസത്തിനും ഏകാധിപത്യത്തിനും ഒരു മുറിയുണ്ടെന്ന് കാലം അതിന്റെ എല്ലാ ചവിട്ടടികളിലും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ജനാധിപത്യം കടന്നുപോകുന്നത് കൃത്രിമപൂങ്കാവനത്തിനു നടുവിലൂടെയാണെന്ന് ഇടയ്ക്കിടെ ഓര്‍മപ്പെടുത്തുന്നുണ്ട് നാടകവേദി. ദളിതനും ആദിവാസിയും അപ്രത്യക്ഷമാകുന്ന ഒരു വൃന്ദാവനം. സോണി സോറിയെന്ന പേര് സ്വസ്ഥതയുടെയും ശാന്തിയുടെയും നടുവിലിരുന്ന് ജീവനകല അഭ്യസിക്കുന്നവര്‍ക്ക് അത്രത്തോളം പരിചയമുണ്ടാകില്ല. കാരണം, ജീവിതം കലയല്ലാത്തവരുടെ പ്രതിനിധിയാണ് സോണി. അവരുടെ ഓരോ പ്രഭാതവും പുലരുന്നത് യോഗധ്യാനങ്ങളുടെ തണുപ്പിലേക്കല്ല. മരണത്തിന്റെയും ആക്രമണങ്ങളുടെയും ഉച്ചകളിലേക്കാണ്. അത്തരം പേരുകള്‍, അവരുടെ ജീവിതങ്ങള്‍ പറഞ്ഞുപോകുന്നത് ഒരുതരം ഓര്‍മിപ്പിക്കലാണ്. ഇക്കാണുന്ന ഇളംമഞ്ഞിന്റെ പ്രഭാതങ്ങളല്ല ഫാസിസ്റ്റുകാലത്തെ ജനാധിപത്യമെന്നുള്ള ഓര്‍മിപ്പിക്കല്‍. ദേശമെന്നത് ജീവിക്കാന്‍ സ്വാതന്ത്യ്രമില്ലാത്തവന്റെ, മനുഷ്യനാകാന്‍ അനുവാദമില്ലാത്തവന്റെ, സ്വന്തം മണ്ണെന്നു പറയാന്‍ മണ്ണില്ലാത്തവന്റെ, ദേശമില്ലാതാകുന്നവന്റേതുകൂടിയാണെന്ന ഓര്‍മിപ്പിക്കല്‍. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെ സ്റ്റുഡന്‍സ് കൌണ്‍സില്‍ ഈ ഓര്‍മിപ്പിക്കലിന് തെരഞ്ഞെടുത്തത് സോണിയുടെ കഥതന്നെയാണ്. വാട്ടര്‍, എര്‍ത്ത്, ഫോറസ്റ്റ് എന്ന നാടകത്തിലൂടെ. മലയാളത്തിലെ ഒരു വാരിക പ്രസിദ്ധീകരിച്ച സോണി സോറിയുടെ അഭിമുഖമാണ് നാടകത്തിന് ആധാരം. ഛത്തീസ്ഗഡിലെ ആദിവാസിമേഖലയിലെ അധ്യാപിക, പൊതുപ്രവര്‍ത്തക എങ്ങനെ ഭരണകൂടത്തിന് ശത്രുവാകുന്നുവെന്ന്, അവളെ ഇല്ലാതാക്കാന്‍ പൊലീസും പട്ടാളവും കോടതിയും എല്ലാംചേര്‍ന്ന് എങ്ങനെ നിയമവും ചട്ടവും ചമക്കുന്നുവെന്നാണ് നാടകം കാണിക്കുന്നത്. കോടതിമുറിയിലെ വിചാരണയാണ് നാടകാരംഭം. മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട് കോടതിയിലെത്തിയ സോണി തന്റെ വേവലാതികള്‍ പറയുന്നു. ഇതാ ഭരണകൂടം തന്നെ ഇല്ലാതാക്കാന്‍ പോകുന്നുവെന്ന് കാര്യകാരണസഹിതം വിവരിക്കുമ്പോള്‍ കോടതിയെത്തന്നെ വിശ്വസിക്കാനാണ് ന്യായാധിപന്റെ അഭ്യര്‍ഥന. ഇത്രയുമായിട്ടും ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടാത്ത സോണി ജയിലിലേക്കയക്കപ്പെടുന്നു. തുടര്‍ന്ന് അവര്‍ കടന്നുപോയ ദിനങ്ങള്‍, കൂട്ടബലാത്സംഗം, ഗുഹ്യഭാഗത്ത് ചരല്‍ക്കല്ലുകള്‍ വാരിനിറച്ച്, ശരീരത്തിലുടനീളം വൈദ്യുതാഘാതമേല്‍പ്പിച്ച്, മര്‍ദിച്ച്  'ദേശവിരുദ്ധ'യായ ഒരു ആദിവാസിസ്ത്രീയോട് കാണിച്ച സ്നേഹപ്രകടനങ്ങള്‍ നാടകം വ്യക്തമാക്കുന്നു. ഇതിനിടയില്‍ കടന്നുവരുന്ന നിരവധി കഥാപാത്രങ്ങള്‍. പലരും യഥാര്‍ഥജീവിതത്തിലുള്ളവര്‍. വ്യത്യസ്തമായി കടന്നുവരുന്നത് സോണിയുടെതന്നെ ഉള്ളിന്റെ പ്രതിഫലനമായ മാവോയിസ്റ്റ് യുവതിയാണ്. ഒരു തര്‍ക്കത്തിന്റെ ഒടുവില്‍ അവളുടെ മാര്‍ഗത്തെ സോണി സ്നേഹത്തോടെ തള്ളിപ്പറയുന്നു. ഒട്ടേറെ വൈകാരികതയോടെയാണ് നാടകത്തിലെ ഓരോ രംഗവും കടന്നുപോകുന്നത്. നാടകമെന്ന രീതില്‍ അത്രത്തോളം മികച്ച രംഗഭാഷയല്ല പ്രയോഗിച്ചിട്ടുള്ളത്. എന്നാല്‍, അതിന്റെ നിഷ്കളങ്കതയും സത്യസന്ധതയും കടപ്പാടും നാടകത്തിന്റെ എല്ലാ കുറവുകളെയും ഇല്ലാതാക്കുന്നു. രംഗരംഗങ്ങളായി ഒരു തരത്തിലുള്ള തിയറ്റര്‍ ഗിമ്മിക്സുമില്ലാതെ റിയലിസ്റ്റിക് ഭാഷയില്‍ പറഞ്ഞുപോയ നാടകത്തിലെ പ്രധാന കുറവ് അഭിനേതാക്കളെ രൂപപ്പെടുത്തുന്നതില്‍ വന്നതാണ്. എന്നിരുന്നാലും ആദ്യന്തം ഉള്ളില്‍ നിറയുന്ന കനലും കനവും നാടകം കണ്ടിരിക്കാന്‍ കാണിയെ പ്രേരിപ്പിക്കും. ഗവേഷകവിദ്യാര്‍ഥി കെ അരുണ്‍കുമാറിന്റേതാണ് രചനയും സംവിധാനവും. ലൈറ്റ്: മുഹമ്മദ് മിറാഷ്, സംഗീതം: അര്‍ച്ചന പി രവികുമാര്‍, അമൃത തടുക്കശേരി, തേജസ്വിനി, സ്നേഹ സുകുമാരന്‍, ബിപിന്‍ കരുണ്‍, ജിസ്ന ജോസ്, തസ്നീം എസ് നിസാര്‍, കീര്‍ത്തിപ്രിയ, നസീബ് അലി എന്നിവരാണ് അരങ്ങില്‍.   girish.natika@gmail.com Read on deshabhimani.com

Related News