അവസാനം തിളങ്ങിയത് എഫ്–1/105; ഇറ്റ്ഫോക് സമാപിച്ചു



തൃശൂര്‍ > എട്ടാമത് അന്താരാഷ്ട്രനാടകോത്സവത്തിന് കൊടിയിറങ്ങി. ഏഴ് ദിവസമായി നടന്നുവന്ന നാടകോത്സവത്തിന്റെ അനൌപചാരിക സമ്മേളനത്തിന് സംഗീത നാടക അക്കാദമി സെക്രട്ടറി പി വി കൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ശങ്കര്‍ വെങ്കിടേശ്വരന്‍ സംസാരിച്ചു. വിദേശനിരീക്ഷകരെയും നാടകോത്സവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. സമാപന ദിവസം ലെബനോണിലെ സൂക്കാക്കിന്റെ ഹെവന്‍സ്, പുനെ അസ്കാത്ത കലാമഞ്ചിന്റെ എഫ്–1/105, മലയാള കലാനിലയം നാടകവേദിയുടെ മത്തി, ദല്‍ഹിയിലെ മല്ലിക തനേജ അവതരിപ്പിച്ച 'ഥോഡാ ധ്യാന്‍ സേ' എന്നീ നാടകങ്ങള്‍ അരങ്ങേറി.സമകാലീന രാഷ്ട്രീയ സാഹചര്യത്തെ അവലോകനം ചെയ്ത എഫ്–1/105 ആണ് ഇക്കൂട്ടത്തില്‍ മികച്ച നാടകമായത്. നിറങ്ങളുടെ രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിച്ച നാടകം കാവിയുടേയും പച്ചയുടേയും സമകാലീനാര്‍ഥങ്ങളെ തികഞ്ഞ അവധാനതയോടെ വിശകലനം ചെയ്ത രാഷ്ട്രീയരംഗപ്രയോഗമായി. മറാഠി നാടകവേദിയുടെ എല്ലാ സവിശേഷതകളും പ്രയോഗിച്ച നാടകം ഹിന്ദി, ഇംഗ്ളീഷ് ഭാഷകളും ഒരേ സമയം ഉപയോഗിച്ചു. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന ഇന്ത്യന്‍ സങ്കല്‍പ്പം തെറ്റാണെന്നും നിറങ്ങള്‍ തേച്ച് മോടിപിടിപ്പിച്ചതാണ് ഈ ജനാധിപത്യമെന്നും നാടകം പറയാതെ പറയുന്നു. ദല്‍ഹിയിലെ പെണ്‍കുട്ടികളുടെ അപ്രത്യക്ഷമാകലും ബലാത്സംഘവും കേന്ദ്രമാക്കി പെണ്‍സുരക്ഷയെ നോക്കിക്കാണുന്ന ഒറ്റയാള്‍ അവതരണം 'ഥോഡാ ധ്യാന്‍ സേ' അവസാന നാളില്‍ ശ്രദ്ധേയമായ രംഗാവതരണമായി. പ്രേക്ഷകര്‍ ഇത്രയേറെ അസംതൃപ്തിയോടെ മടങ്ങിപ്പോയ നാടകോത്സവം ഉണ്ടായിട്ടില്ല. സംഘാടനത്തിലും നാടകങ്ങളുടെ കാര്യത്തിലും അങ്ങേയറ്റം നിലവാരക്കുറവ് കണ്ട മേള എട്ടാം മേളയായിരുന്നു. സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയാണ് നാടകോത്സവം ഇത്തരത്തില്‍ തരംതാഴാന്‍ ഇടയാക്കിയത്. Read on deshabhimani.com

Related News