അരങ്ങിലും ജ്വാലയായ്



രക്തസാക്ഷിജീവിതങ്ങള്‍ എക്കാലത്തും നാടകത്തിന് കഥയായിട്ടുണ്ട്. മലയാളത്തിന്റെ രാഷ്ട്രീയനാടകവേദിയില്‍ വിശേഷിച്ച് മുഖ്യധാരാ നാടകവേദിയില്‍ ഏറ്റവും കൂടുതല്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് രക്തസാക്ഷികളുടെയും നേതാക്കളുടെയും ജീവിതംതന്നെയാണ്. എന്നാല്‍, വേറിട്ടു നില്‍ക്കുന്ന ജീവിതങ്ങളുണ്ട്, പോരാട്ടത്തിന്റെ ജീവിക്കുന്ന അടയാളങ്ങള്‍. അക്കൂട്ടത്തില്‍ നീറുന്ന വേദനയും കത്തുന്ന ആവേശവുമാണ് കൂത്തുപറമ്പിലെ പുഷ്പന്‍. പുഷ്പനെന്ന പേരുതന്നെ ആയിരങ്ങളുടെ ചോരയിലേക്ക് തീകോരി നിറയ്ക്കുന്ന ഒന്നാണ്. കൂത്തുപറമ്പ്, പോരാട്ടചരിത്രത്തിലെ കെടാത്ത അടയാളമായി വളര്‍ന്നപ്പോള്‍ ആ ചരിത്രത്തിലെ സുവര്‍ണനാമമായി പുഷ്പന്‍ മാറി. പാട്ടായും കഥയായും മുദ്രാവാക്യമായും കവിതയായും പുഷ്പന്‍ മാറി. ഒടുവിലിപ്പോള്‍ നാടകത്തിനും പുഷ്പന്റെ ജീവിതം വിഷയമാകുന്നു. പ്രമുഖ നാടക പ്രവര്‍ത്തകന്‍ കെ പി സജീവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അഭിനയിക്കുന്ന 'സഖാവ് പുഷ്പന്‍' എന്ന നാടകം ഇതിനകംതന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരത്തെതുടര്‍ന്ന് കൂത്തുപറമ്പില്‍ നടന്ന വെടിവയ്പില്‍ കഴുത്തിന് വെടിയേറ്റ് ചലനമറ്റ് കിടക്കുന്ന ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ ജീവിതകഥയാണ് 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഒറ്റയാള്‍ നാടകം പറയുന്നത്. രണ്ട് കാലഘട്ടമായാണ് നാടകം പുരോഗമിക്കുന്നത്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പുഷ്പന്‍ പ്രവര്‍ത്തിച്ച കാലഘട്ടവും വെടിയേറ്റതിനുശേഷമുള്ള കാലഘട്ടവും. പാര്‍ടിയില്‍ അദ്ദേഹത്തിനുള്ള വിശ്വാസവും സ്നേഹവുമാണ് നാടകത്തിലുടനീളം പറഞ്ഞുപോകുന്നത്. 'ഞാന്‍ എന്റെ യൌവനം നല്‍കിയത് ഞാന്‍ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന എന്റെ പ്രസ്ഥാനത്തിനാണ്. ആ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും ആകില്ല' എന്ന ആഹ്വാനത്തോടെയാണ് നാടകം അവസാനിക്കുന്നത്. ഉജ്വലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് നാടകം സഞ്ചരിക്കുന്നത്. വളരെ വൈകാരികതയോടെതന്നെ പുഷ്പന്റെ അവസ്ഥ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ സജീവനായിട്ടുണ്ട്. അഞ്ച് സഖാക്കള്‍ വെടിയേറ്റ് മരിച്ച കൂത്തുപറമ്പിലെ സമരമുഖവും പാര്‍ടി പുഷ്പന് നല്‍കുന്ന സ്നേഹവും പരിചരണവും എല്ലാം ശക്തമായി അവതരിപ്പിക്കുന്നുണ്ട് ഒറ്റയാള്‍ നാടകത്തില്‍. ബാലന്‍ വാളേരി, തങ്കയം ശശികുമാര്‍, ബാബു ചെമ്പ്ര, വര്‍ജീന പ്രകാശ് എന്നിവര്‍ നാടകത്തിന് ശബ്ദം നല്‍കുന്നു. സംഗീതം: നിസരി വിനോദ്. ദീപസംവിധാനം: രൂപേഷ് സാഗര്‍. സംഗീത, ദീപ നിയന്ത്രണം: കെ വി ബാലന്‍ നവോദയ. ഗാനങ്ങള്‍: സവ്യസാചി. Read on deshabhimani.com

Related News