കണ്‍തുറന്നിരിക്കുന്ന വഴിവിളക്കുകള്‍



ഓര്‍മകളാണ് പലപ്പോഴും നേര്‍വഴികളിലൂടെയുള്ള യാത്രയുടെ വെളിച്ചം. ചരിത്രത്തില്‍ ചില ജീവിതങ്ങള്‍ എപ്പോഴും കണ്‍തുറന്നിരിക്കും. ആ കണ്ണില്‍നിന്നുയരുന്ന തീപ്പൊരികളാണ് എക്കാലത്തെയും വഴിവിളക്കുകള്‍. ചില നാടുകള്‍, ജന്മങ്ങള്‍ എല്ലാം എക്കാലവും ഇതിഹാസങ്ങളായിത്തന്നെ നിലകൊള്ളും. അത്തരമിടങ്ങളിലൂടെ, ജീവിതങ്ങളിലൂടെയാണ് മാനവചരിതം രൂപപ്പെടുന്നത്. അവയിലൂടെയാണ് മനുഷ്യന്‍ മുന്നോട്ടുകുതിച്ചത്. ഇനിയും മുന്നോട്ടുപോകണമെങ്കില്‍ ഈ നാമങ്ങള്‍ സ്മരിക്കപ്പെടാതിരിക്കാനാകില്ല. കയ്യൂരും കരിവെള്ളൂരും പുന്നപ്രയും മുനയംകുന്നും ഒഞ്ചിയവും തെലങ്കാനയുമെല്ലാം ഇത്തരമിടങ്ങളാണ്. കയ്യൂരിന് ഒട്ടേറെ ദൃശ്യവ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലായി വളരെ റിയലിസ്റ്റിക്കായ രംഗഭാഷ്യമൊരുക്കിയത് ചെറുവത്തൂര്‍ പുതിയകണ്ടം എ കെ ജി സ്മാരക വായനശാലയാണ് 'കനല്‍ വഴികളിലൂടെ' എന്ന നാടകത്തിലൂടെ. ടി എസ് തിരുമുമ്പിന്റെ കവിതയോടെയാണ് നാടകം ആരംഭിക്കുന്നത്. നൃത്തംചെയ്യുന്ന പുതുതലമുറ യുവാക്കള്‍ക്കിടയിലേക്ക് ഒരു യുവാവിന്റെ ആസകലം മുറിവേറ്റ ശരീരം കൊണ്ടുവരുന്നു. ആ ദീനക്കാഴ്ചകണ്ട് കരള്‍നീറി കരയുന്ന ഒരു മുസ്ളിംസ്ത്രീയില്‍നിന്നാണ് നാടകം ആരംഭിക്കുന്നത്. അവര്‍ ഓര്‍മിപ്പിക്കുകയാണ്ഈ നാട് എങ്ങനെയാണ് രൂപംകൊണ്ടതെന്ന്. എത്രയെത്ര പോരാളികളുടെ ചോരയ്ക്കുമേലാണ് പുതിയ തലമുറ നൃത്തം ചെയ്യുന്നതെന്ന്. അപ്പുവും അബൂബക്കറും കുഞ്ഞമ്പുനായരും ചിരുകണ്ഠനും കഴുമരമേറിയ കയ്യൂരിന്റെ കഥയിലേക്കാണ് ആ സ്മരണ പടരുന്നത്. കയ്യൂര്‍ സംഭവത്തിന്റെ ഓരോ അടരും  ചോര പടര്‍ത്തി നാടകത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.  ഒളിവില്‍ പോകുന്ന അപ്പുവിനോട് കൊടി ചോദിക്കുന്ന കുട്ടി. സഖാക്കളെ തൂക്കിലേറ്റുന്ന ദിവസം അപ്പുവിന്റെ അച്ഛന്‍ അന്തിത്തിരിയനും കയ്യൂരിലെ സാധാരണ ജനങ്ങളും അനുഭവിക്കുന്ന വേദനാഭരിതമായ നിമിഷങ്ങള്‍ തുടങ്ങിയവയെല്ലാം ഈ നാടകത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ്. ജാഥയുടെ മുന്നില്‍പ്പെട്ട സുബ്രായന്‍ പൊലീസ് അവസാനം എല്ലാ വഴികളും മുട്ടിയപ്പോള്‍ ചെങ്കൊടി പിടിക്കാന്‍ നിര്‍ബന്ധിതനാകുന്നതും പുഴയില്‍ ചാടി മുങ്ങിമരിക്കുന്നതുമാണ് സത്യമെന്നും കൃത്യമായി നാടകം പറയുന്നു. കയ്യൂര്‍ സമരചരിത്രത്തിലെ ഏറ്റവും വികാരഭരിതമായ രംഗമാണ് കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്നതിനുമുമ്പ്   പി സി ജോഷി, സുന്ദരയ്യ, കൃഷ്ണപിള്ള എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാണാന്‍ പോകുന്നത്. നാല് ധീരസഖാക്കള്‍ കൊലമരത്തിലേറുന്നതിനുമുമ്പേ പ്രകടിപ്പിച്ച അസാമാന്യധീരതയും ആവേശവും അവരുടെ പതറാത്ത വാക്കുകളും ഏതു കൊടുങ്കാറ്റിലും ഇടിമുഴക്കത്തിലും പതറാത്ത ജോഷിയുടെയും സുന്ദരയ്യയുടെയും കൃഷ്ണപിള്ളയുടെയും കണ്ണുകള്‍ നനഞ്ഞ് കുതിര്‍ന്നരംഗം ഈ നാടകത്തില്‍ ഒതുക്കത്തോടെ അവതരിപ്പിക്കുന്നു. ഒരു ജനത കടന്നുവന്ന കനല്‍വഴികള്‍ എത്രമാത്രം ത്യാഗനിര്‍ഭരവും വേദനാകരവും സമാനതകളില്ലാത്തതുമായിരുന്നെന്ന് ഓര്‍മിപ്പിക്കുകയാണ് നാടകം. രവീന്ദ്രന്‍ ചെറുവത്തൂരിന്റെ രംഗഭാഷയ്ക്ക് രാമചന്ദ്രന്‍ തുരുത്തിയാണ് സംവിധാനം നിര്‍വഹിച്ചത്. ചന്ദ്രന്‍, ശ്രീധരന്‍, കയ്യൂര്‍ സുകുമാരന്‍, അജയന്‍, സത്യന്‍, പ്രകാശന്‍, ജ്യോതീന്ദ്രന്‍, സുരേന്ദ്രന്‍, വിക്രമന്‍,  ശ്രീന, ശാന്ത, ലിസി, വിനീഷ്, വിവേക്, അരുണ, ആദിത്യന്‍, റിയാ ഗംഗാധരന്‍ തുടങ്ങി മുപ്പതോളം പേരാണ് അരങ്ങില്‍. സംഗീതസംവിധാനം:  രാധാകൃഷ്ണന്‍, ദീപസംവിധാനം: ഭരതന്‍ പിലിക്കോട്, രംഗപടം: മധു. girish.natika@gmail.com Read on deshabhimani.com

Related News