നാം ഭൂമിയിലെ വാടകക്കാരാകുന്നു



ഭൂമി ആരുടേതാണ്? ചോദ്യം കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിത്. ഭൂമിയെ സംബന്ധിച്ച തീരുമാനമെല്ലാം കമ്പോളയുക്തിയുടേതാണ്. മനുഷ്യന്‍ ഭൂമിയിലെ കേവലവാടകക്കാരനാണെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിക്കേണ്ടിവരുന്നുണ്ട് ഇക്കാലത്ത്. വാടകക്കാരന്‍ ഭൂമിയെ സ്വന്തമെന്നുകരുതുകയും വാരിയെടുക്കുകയും ചെയ്യുമ്പോള്‍ ഓര്‍മിപ്പിക്കലിന്റെ ശക്തിയും കൂട്ടണം. ഭൂമിയെ സംബന്ധിക്കുന്ന എല്ലാ തീരുമാനവും വ്യാവസായികലാഭത്തില്‍ അധിഷ്ഠിതമാകുമ്പോള്‍ അവഗണിക്കപ്പെടുന്നത് കോടാനുകോടി ജീവജാലങ്ങളുടെ വേദനകളാണ്. മനുഷ്യനേക്കാള്‍ ഭൂമിക്കുമേല്‍ അവകാശമുള്ളവര്‍. ഭൂമിയെ വാരിയെടുത്ത് വില്‍പ്പനയ്ക്ക് വയ്ക്കാത്തവര്‍. ഭൂമിയുടെ ഗര്‍ഭപാത്രം തുരന്ന് പിറക്കാനിരിക്കുന്ന ജീവന്‍പോലും വിപണിയിലെത്തിക്കാത്തവര്‍. ജീവിതം നിലനിര്‍ത്താനും പരജീവനുകളെ താങ്ങിനിര്‍ത്താനുമായിമാത്രം ഭൂമിയെ ആശ്രയിക്കുന്നവര്‍. അവരുടേതാണീ ഭൂമിയെന്ന് ഇടയ്ക്കിടെ മനുഷ്യനെ ഓര്‍മിപ്പിച്ചില്ലെങ്കില്‍ ഇക്കാലവും വരാനിരിക്കുന്ന കാലവും തലമുറയും വിലാപങ്ങളാല്‍ മുഖരിതമാകും. പാലക്കാട് നവ്രംഗ് അവതരിപ്പിച്ച കുട്ടികളുടെ നാടകം 'ചുവന്ന തത്ത' ഈ ഭൂമി നിന്റെ സ്വന്തമല്ലെന്ന് മനുഷ്യനെക്കാള്‍ അര്‍ഹരായ അവകാശികള്‍ അവനെ ഓര്‍മിപ്പിക്കുകയാണ്. ഇതിനകംതന്നെ ഗുവാഹട്ടി ദേശീയ നാടകമേള, നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ജസ്റ്റേ ബച്ചന്‍ അന്തരാഷ്ട്ര നാടകമേള, തെലങ്കാന സര്‍ക്കാരിന്റെ നാഷണല്‍ തിയറ്റര്‍ ഫെസ്റ്റ് എന്നി ഫെസ്റ്റിവലിലേക്ക് നാടകം തെരഞ്ഞെടുക്കപ്പെട്ടു. ഉള്ളിയും ചോക്ളേറ്റും വിളയുന്ന സങ്കല്‍പ്പകൃഷിയുടെ തടത്തില്‍ ചവിട്ടിനിന്ന് യഥാര്‍ഥ കൃഷിയുടെ ഊര്‍ജം അറിഞ്ഞ് മണ്ണിനെയും അതിന്റെ ഉറവകളെയും തിരിച്ചറിഞ്ഞ് അതില്ലാതാക്കാന്‍ ശ്രമിക്കുന്ന യന്ത്രക്കൈകളെ തുരത്തുന്നതാണ് നാടകം. ഈരപ്പന്‍ കരുതുന്നത് ഭൂമിക്കടിയിലെ നിധികുംഭങ്ങള്‍ കാക്കുന്നവരാണ് അഞ്ചുതലയുള്ള സര്‍പ്പങ്ങളെന്നാണ്. അവയിങ്ങനെ ഒന്നിനും കോട്ടംവരാതെ ഭൂമിയുടെ നിധികളെ കാത്തുവയ്ക്കുന്നു. വരുംതലമുറകള്‍ക്കായി. എന്നാല്‍, അഞ്ചുതലയുള്ള യന്ത്രങ്ങള്‍ ഭൂമിക്കടിയിലെ നിധി തിരഞ്ഞ് ഭൂമിക്കടിയിലേക്ക് തുരന്ന് കയറുകയാണ്. ഇതിനിടയില്‍ കിളികളും മരങ്ങളും പൂക്കളും ചിതറിത്തെറിക്കുന്നു. അത്തരം വസന്തം പൂത്തുനിന്ന കൃഷിയിടം വ്യവസായികളുടെ കൈയിലെത്തുന്നതോടെ പ്രകൃതി മലക്കംമറിയാന്‍ തുടങ്ങുന്നു. പച്ച നിറമുള്ള തത്തകള്‍ക്കും ആയിരം വര്‍ണമുള്ള പൂമ്പാറ്റകള്‍ക്കും പൂവുകള്‍ക്കും നിലനില്‍പ്പിനുവേണ്ടി പൊരുതേണ്ടിവരുന്നു. ഒടുവില്‍ പച്ചനിറമുള്ള തത്തകള്‍ ചുവന്ന തത്തകളായി ഉയിര്‍ത്തെഴുന്നേറ്റ് മരണക്കൈകളായി വരുന്ന എല്ലാ യന്ത്രങ്ങളെയും ലാഭക്കണക്കുമായി അവയ്ക്കുപുറകില്‍ മറഞ്ഞിരിക്കുന്ന മനുഷ്യരൂപമുള്ള ചെകുത്താന്മാരെയും തുരത്തുന്നു. എ കെ റിയാസ് മുഹമ്മദ് വിവര്‍ത്തനംചെയ്ത കന്നട എഴുത്തുകാരന്‍ വസുധേന്ദ്രയുടെ കഥയെ ആസ്പദമാക്കി നാടകരൂപം തയ്യാറാക്കിയതും സംവിധാനംചെയ്തതും കണ്ണന്‍ പാലക്കാടാണ്. ആറുവയസ്സുമുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള ഇരുപത്തഞ്ചോളം കുട്ടികളാണ് നാടകത്തില്‍ അഭിനയിച്ചത്. ദീപസംവിധാനം ജോസ് കോശിയും സംഗീതം ബേബി വടക്കഞ്ചേരിയും മേക്കപ്പ് കൃഷ്ണന്‍കുട്ടി പുതുപരിയാരവും നിര്‍വഹിച്ചു. Read on deshabhimani.com

Related News