മെരുങ്ങാത്ത കാഴ്ചകള്‍



കഴിഞ്ഞമാസം അമേരിക്കയിലെ ഹൂസ്റ്റണില്‍ ഫോര്‍ട്ട്്വര്‍ത്തി കമ്യൂണിറ്റി ആര്‍ട്ട് സെന്റര്‍ സംഘടിപ്പിച്ച സോളോ (ഡൌണ്‍) എന്ന കലാപ്രദര്‍ശനത്തില്‍ കൊച്ചി ഏലൂര്‍ സ്വദേശി നിമ്മി മെല്‍വിന്‍ വരച്ച ചിത്രമാണ് ആസ്വാദകര്‍ തെരഞ്ഞെടുത്ത മികച്ച കലാസൃഷ്ടടി. അണ്‍സ്പോക്കണ്‍ അനക്ഡോട്സ് എന്ന ക്യാപ്ഷനോടെ 40-30 വലുപ്പത്തില്‍ മിക്സഡ് മീഡിയയില്‍ ക്യാന്‍വാസില്‍ ചെയ്ത ചിത്രം. ലോകത്തെമ്പാടുമുള്ള 28 ഒന്നാംകിട ചിത്രകാരന്മാരുടെ രചനകളിലൂടെ ആയിരക്കണക്കിന് ആസ്വാദകര്‍ നടത്തിയ യാത്രയ്ക്കൊടുവിലാണ് നിമ്മിയുടെ ചിത്രം വിലപിടിച്ച സമ്മാനത്തിന് അര്‍ഹമായത്. അരയ്ക്കുകീഴെ സുതാര്യമായ വസ്ത്രത്തിനുള്ളില്‍ ചായക്കൂട്ട് ഒഴുകിയിറങ്ങുന്ന കാലുകളില്‍ നിവര്‍ന്നുനില്‍ക്കുന്ന സ്ത്രീരൂപം കൈയില്‍ തൂക്കിയ പോളിത്തീന്‍ കൂടിനുള്ളില്‍ പുഷ്പിച്ച ജലസസ്യവുമായി നില്‍ക്കുന്നതാണ്് നിമ്മിയുടെ ഈ ചിത്രത്തിലുള്ളത്. വിസ്മയപ്രകൃതിയില്‍ കണ്ണും കാതും ഹൃദയവും ചേര്‍ത്ത കലാകാരി തന്റെ മറ്റു രചനകളിലെല്ലാം ബോധപൂര്‍വം സന്നിവേശിപ്പിച്ചിരിക്കുന്ന പ്രാപഞ്ചികതയുടെ ദര്‍ശനം ഓക്കര്‍ മഞ്ഞയില്‍ തെളിഞ്ഞുകത്തുന്ന ഈ ചിത്രത്തെയും ആസ്വാദ്യമാക്കുന്നു. പ്രകൃതിതന്നെയാണ് നിമ്മിയുടെ ചിത്രങ്ങളിലെല്ലാം ജീവനൂതുന്നത്. അതിലെ വര്‍ണവൈവിധ്യവും സൂക്ഷ്മദര്‍ശനത്തില്‍ സമ്പന്നമാകുന്ന ജൈവികതയും സരളഭാവനയുടെ സ്ഫടികപ്രതലത്തിലൂടെ കടന്നുവരുമ്പോള്‍ ആസ്വാദകന്റെ കാഴ്ചയെ ചലനാത്മകമാക്കുന്നു. നിമ്മിക്ക് സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് സിറ്റി സ്കേപ്സ്. നാഗരികാത്ഭുതങ്ങള്‍ കെട്ടിപ്പൊങ്ങുന്നിടത്ത് ശരപഞ്രത്തിലെന്നപോലെ വിടര്‍ന്നുനില്‍ക്കുന്ന വയലറ്റ് പുഷ്പം. നഗരനീലിമയുടെ വിശാലതയില്‍ ബഹുനില വാസസ്ഥാനങ്ങളുടെ പശ്ചാത്തലമാണ് ചിത്രത്തിന്. മണ്‍സൂണ്‍ എന്ന ചിത്രം മണ്ണിലേക്ക് ഊര്‍ന്നുവീഴാന്‍ സമയമെണ്ണുന്ന ജലകണത്തിനുള്ളില്‍ പ്രതിഫലിക്കുന്ന പച്ചപ്പിന്റേതാണ്. പ്രകൃതിയിലെ കാഴ്ചകളിലേക്ക് കണ്‍തുറന്നുനില്‍ക്കുമ്പോള്‍ത്തന്നെ ഭീഷണമായേക്കാവുന്ന അടുത്ത നിമിഷത്തിലേക്ക് കാഴ്ചയെ കൈപിടിച്ച് കൊണ്ടുപോകുകയാണ് ചിത്രകാരി. അത്തരം ഉള്‍ക്കാഴ്ചകളിലേക്ക് നയിക്കാവുന്നതൊക്കെ വിശാല പ്രകൃതിയുടെ വിസ്മിതനാടകങ്ങളിലുണ്ടെന്ന് നിമ്മി കരുതുന്നു. അതിന്റെ മനോഹാരിതയില്‍ അഭിരമിക്കുമ്പോള്‍ത്തന്നെ അവ ഉണര്‍ത്തിവിടുന്ന ചിന്തകളിലേക്കും ഭാവനകളിലേക്കും സഞ്ചരിക്കുകയാണ് താനെന്ന് അവര്‍ പറയുന്നു. ചിത്രപ്രതലത്തില്‍ അത് യാഥാര്‍ഥ്യത്തിന്റേതായ രൂപമെടുത്ത് കാഴ്ചയാകുമ്പോള്‍ ആസ്വാദകനിലും ലക്ഷ്യവേധിയായ സ്ഫുരണങ്ങളുണ്ടാക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. അമേരിക്കയില്‍ ഭര്‍ത്താവിനും മകനുമൊപ്പം താമസിച്ച് മുഴുവന്‍സമയ ചിത്രരചന നടത്തുകയാണ് നിമ്മി. ഭര്‍ത്താവ് മെല്‍വിനും ചിത്രകാരനാണ്. ഐടിമേഖലയില്‍ ഡിസൈനര്‍ ജോലി ചെയ്യുന്ന മെല്‍വിനും ഇടവേളകള്‍ പെയ്ന്റിങ്ങിന് ചെലവഴിക്കുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈനാര്‍ട്സ് കോളേജിലാണ്് ഇരുവരും പെയ്ന്റിങ് അഭ്യസിച്ചത്. നിമ്മി 2008ല്‍ എംഎഫ്എ നേടി. 2006ല്‍ ബിഎഫ്എ പൂര്‍ത്തിയാക്കിയ മെല്‍വിന്‍ പാലക്കാട് സ്വദേശിയാണ്. കൊച്ചിയില്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലും ഗ്യാലറികളിലും നിമ്മിയുടെ ഏകാംഗ പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു. സംസ്ഥാന ലളിതകലാ അക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി ചിത്രകലാ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. Read on deshabhimani.com

Related News