കാളിമയാര്‍ന്നവളും അമ്മയാണ്



ഓര്‍മയിലുണ്ടാകും പൂതനയെ. കണ്ണനെ കൊല്ലാനായി മുലയൂട്ടിയ പൂതനയെന്ന രാക്ഷസരൂപം കുഞ്ഞുന്നാള്‍ ഉള്ളില്‍ ഊട്ടിയുറപ്പിച്ച മരണരൂപമാണ്. പറഞ്ഞുപറഞ്ഞ് സമസ്ത തിന്മകളുടെയും രാക്ഷസരൂപമാക്കിയ പെണ്‍രൂപത്തിന് ഒരു മനസ്സുണ്ടായിരുന്നോ എന്ന് എപ്പോഴെങ്കിലും അന്വേഷിച്ചില്ല ആരും. അവള്‍ക്കുള്ളില്‍ എപ്പോഴെങ്കിലും ഒരമ്മയുണ്ടായിരിക്കുമോ എന്ന് ചികഞ്ഞില്ല ആരും. കറുത്ത രൂപങ്ങളൊക്കെ അശുദ്ധവും ദുശ്ശകുനവും കീഴടക്കപ്പെടാനുള്ളതും ഭരിക്കപ്പെടാനുള്ളതുമാണെന്ന ചട്ടങ്ങളും എഴുതിപ്പിടിപ്പിച്ചത് ഒരുപാട് പൂതനാസങ്കല്‍പ്പങ്ങളിലൂടെയായിരുന്നു. കാളിമയാര്‍ന്നതെല്ലാം രാക്ഷസീയവും ദുര്‍രൂപവുമാണെന്ന് പറഞ്ഞുപഠിപ്പിച്ചതും കലിയുടെയും കറുപ്പിന്റെയും പര്യായമാണ് പൂതനയെന്ന് എഴുതിവച്ചതും ആസൂത്രിതാധികാരത്തിന്റെ ഭാഗമായായിരുന്നു. പൂതനയെ മനുഷ്യപക്ഷത്തുനിന്ന് വായിക്കുകയാണ് 'ഘോരരാക്ഷസം' നാടകം. പൊന്നാനി ക്ളേ പ്ളേഹൌസിനുവേണ്ടി സുരഭി രചനയും സംവിധാനവും നല്‍കി അവതരിപ്പിച്ച ഈ ഒറ്റയാള്‍ നാടകം  വൈകാരികതകൊണ്ടും ചിലഘട്ടങ്ങളില്‍ അഭിനയത്തിന്റെ തീക്ഷ്ണതകൊണ്ടും ശ്രദ്ധേയമാകുന്നു. സുരഭിയുടെ പൂതന അമ്മയാണ്. കറുപ്പിനുമേലുള്ള അധികാരത്തിന്റെ ഇരയാണ്. രണ്ട് തലങ്ങളിലാണ് നാടകം സഞ്ചരിക്കുന്നത്. കംസരാജധാനിയിലെ തടവറയില്‍കഴിയുന്ന വസുദേവര്‍ തന്റെ എട്ടാമത്തെ കുഞ്ഞിനെ രക്ഷിക്കുന്നത് ഒരുഭാഗത്ത്. മറുഭാഗത്ത് കുഞ്ഞിന് ജന്മംനല്‍കിയ പൂതനയെന്ന കാട്ടുപെണ്ണിന്റെ ആഹ്ളാദം. മുലയൂട്ടാനൊരുങ്ങുന്ന പൂതനയെന്ന അമ്മയെ കംസന്റെ പടയാളികള്‍ പിടികൂടുന്നത്. തന്റെ ഘാതകനായേക്കാവുന്ന കൃഷ്ണനെ വധിക്കാന്‍ കംസന്‍ ആവശ്യപ്പെടുന്നത്. ഒരു ഇളംകുഞ്ഞിനെ കൊല്ലാന്‍ ആവില്ല എന്നുചൊല്ലിയതിന് പൂതനയനുഭവിച്ച യാതനകള്‍. സ്വന്തം കുഞ്ഞിന്റെ ജീവന്‍ വാള്‍ത്തുമ്പില്‍ നിര്‍ത്തി പൂതനയെന്ന വിങ്ങുന്ന അമ്മയെ വിഷംനിറച്ച പാല്‍ കണ്ണന് നല്‍കാന്‍ നിര്‍ബന്ധിതയാക്കുന്നത്. ഒടുവില്‍ കണ്ണന്‍ പൂതനയെ വധിക്കുന്നത് രണ്ടാംതലം. അധികാരത്തിന് എന്നും പെണ്ണ് തങ്ങളുടെ ഇച്ഛയെ പ്രയോഗത്തിലെത്തിക്കാനുള്ള ഉപകരണമായിരുന്നുവെന്ന് സുരഭി പറഞ്ഞുവയ്ക്കുന്നു. എല്ലാ കുറ്റങ്ങള്‍ക്കൊടുവിലും പഴി പേറേണ്ടിവരുന്ന പെണ്ണ് ബാക്കിയാകുന്നു. ചരിത്രം അവളെ കുറ്റക്കാരിയെന്ന് വിധിക്കുകയും അവളുടെ മനസ്സും കണ്ണീരും കുറ്റത്തിന്റെ നിമിഷത്തിലേക്ക് കടക്കുംമുമ്പ് അവളനുഭവിച്ച സംഘര്‍ഷങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്നുവെന്ന് പൂതനയിലൂടെ, അവളുടെ കണ്ണീരിന്റെ കഥയിലൂടെ ഘോരരാക്ഷസം പറയുന്നു. അഭിനയത്തിന്റെ സൂക്ഷ്മഭാവങ്ങളിലൂടെ ഇടവിടാതെ സന്നിവേശിപ്പിക്കുന്ന വികാരവിക്ഷോഭങ്ങളിലൂടെയാണ് ഏകപാത്രനാടകങ്ങള്‍ കടന്നുപോകുന്നത്. ഇവിടെ അഭിനേതാവുമാത്രമാണ് നാടകം. നാടകസത്തയുടെ എല്ലാ വളര്‍ച്ചകളും വളവുതിരിവുകളും ഒരു ശരീരത്തിലേക്ക,് മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്ന ഈ അപൂര്‍വ രംഗാനുഭവത്തിന് മികച്ച ഉദാഹരണമാകാന്‍ സുരഭിയെന്ന അഭിനേത്രിക്കാകുന്നു എന്നതാണ് ഘോരരാക്ഷസത്തിന്റെ വിജയം. ഈ യജ്ഞത്തെ വെളിച്ചംകൊണ്ട് ശക്തവും മഹത്തരവുമാക്കാന്‍ സുനിത കോളത്തൂരിന്റെ ദീപസംവിധാനത്തിനായി. മികച്ച അഭിനേത്രികൂടിയായ സുനിത നാടകത്തിന്റെ മനസ്സ് കൃത്യമായി വായിച്ചെടുത്തുവെന്ന് വെളിച്ചസംവിധാനം വ്യക്തമാക്കുന്നു. ഒപ്പം പ്രധാനമായിരുന്നു മുരളി കോട്ടക്കലിന്റെ സംഗീതം. വെളിച്ചവും അഭിനയവും ചേര്‍ന്നൊരുക്കിയ അന്തരീക്ഷത്തെ തൊട്ടറിഞ്ഞായിരുന്നു മുരളിയുടെ സംഗീതം. കെ കൃഷ്ണദാസ്, പ്രമോദ്, പ്രേംകുമാര്‍ എന്നിവരൊരുക്കിയ രംഗോപകരണങ്ങള്‍ നാടകവിജയത്തിന് പ്രധാനമായി. Read on deshabhimani.com

Related News