മരണത്തിന്‍റെ കാരണങ്ങള്‍



മരണങ്ങള്‍ക്ക്, വിശേഷിച്ച് ആത്മഹത്യകള്‍ക്കുപിന്നിലെ കാരണം എന്താകും. മരിച്ചവനുമാത്രം അറിയുന്ന ചില രഹസ്യങ്ങളുണ്ടാകും. കൊലപാതകത്തില്‍ കൊന്നവനും അറിയുന്ന രഹസ്യം. മരണങ്ങളുടെ കാരണം അന്വേഷിച്ചുപോയാല്‍ തെളിയുന്ന കൗതുകകരങ്ങളായ കഥകളുടെയും സത്യങ്ങളുടെയും പരമ്പരകളുണ്ടാകും. വിചിത്രങ്ങളും ഞെട്ടിപ്പിക്കുന്നതുമായ കഥകള്‍. ഈ കഥകളില്‍ കടന്നുവരുന്ന കഥാപാത്രങ്ങളില്‍ ആരാണ് ശരി ആരാണ് തെറ്റെന്ന് കണ്ടെത്തുക അത്രത്തോളം സുഗമമല്ല. കഥകളിലൂടെ കടന്നുപോകുമ്പോള്‍ മരണങ്ങള്‍ക്ക് എല്ലാവരും തെറ്റുകാരെന്നു തന്നെയാകും കണ്ടെത്തല്‍. ഒടുവില്‍ ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിന് ഒരു കൈമലര്‍ത്തലാകും മറുപടി. തൃശൂര്‍ രംഗചേതന രംഗത്തെത്തിച്ച എന്‍ എന്‍ പിള്ളയുടെ 'ആമരം' നാടകം ഈയൊരു സാമൂഹ്യസത്യത്തെയാണ് വെളിവാക്കുന്നത്. ഒറ്റക്കൊമ്പില്‍ ഇരട്ടത്തൂക്കം (ഒരു പൈങ്കിളിക്കഥ) എന്ന പേരില്‍ അരങ്ങത്തെത്തിച്ച നാടകം അഭിനേതാക്കളുടെ മികവുകൊണ്ടാണ് ശ്രദ്ധേയമായത്. ഗോപാലനും കാര്‍ത്യായനിയും തൂങ്ങിമരിച്ചു. ഇവരുടെ മരണത്തിന്‍റെ കാരണമറിയാന്‍ ഇവരുടെ ആത്മാക്കളെ വിളിച്ചുവരുത്തുകയാണ് ഒരു ഓജോ ബോര്‍ഡുകാരന്‍. കാര്‍ത്യായനിക്ക് പറയാനുള്ള കഥ അവളുടെ അമ്മയും ഗോപാലനും തമ്മിലുള്ള ബന്ധം താന്‍ കണ്ടതിനെത്തുടര്‍ന്ന് ഗോപാലന്‍ തന്നെ കൊന്ന് കെട്ടിത്തൂക്കി എന്നാണ്. ഗോപാലന്‍ എങ്ങനെ മരിച്ചു എന്നതിന് 'ആ എനിക്കെങ്ങനെ അറിയാം' എന്നതായിരുന്നു മറുപടി. പിന്നീട് വിളിച്ചുവരുത്തുന്നത് ഗോപാലന്‍റെ ആത്മാവിനെ. നേരെ വിപരീതമായിരുന്നു ഗോപാലന്‍റെ മറുപടി. കാര്‍ത്യായനിയും തന്‍റെ അച്ഛനും തമ്മിലുള്ള അവിഹിതബന്ധം താന്‍ കണ്ടതിനെത്തുടര്‍ന്ന് തന്നെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്നായിരുന്നു മറുപടി. കാര്‍ത്യായനി എങ്ങനെ മരിച്ചു എന്ന ചോദ്യത്തിന് ഗോപാലന്‍റെ മറുപടി 'ആ എനിക്കെങ്ങനെ അറിയാം' എന്നുതന്നെയായിരുന്നു. പുറകെ മറ്റൊരു കഥയുമുണ്ട്. ഗോപാലന്‍റെ അച്ഛനും കാര്‍ത്യായനിയുടെ അമ്മയും തമ്മിലുള്ള ബന്ധം. നാട്ടിലെ പ്രമാണിയായ 'തിരുമേനി' കാര്‍ത്യായനിയെ കയറിപ്പിടിക്കുന്നതിനെ ഗോപാലന്‍ എതിര്‍ക്കുന്നു; തിരുമേനി രണ്ടുപേരെയും തല്ലിക്കൊല്ലുന്നു എന്നൊരു കഥ ഓജോ ബോര്‍ഡുകാരന്‍റെ വകയായുമുണ്ട്. ഒടുവില്‍ ചോദ്യംമാത്രം ബാക്കിയാകുന്നു. ഈ അവ്യക്തത നീക്കാനാണ് സംവിധായകരായ സി എസ് പ്രേംകുമാറും രാജന്‍ പൂത്തറയ്ക്കലും  എന്‍ എന്‍ പിള്ളയെ രംഗത്തെത്തിക്കുന്നത്. കഥാപാത്രങ്ങളുടെ മരണകാരണം അന്വേഷിക്കുന്ന അഭിനേതാക്കളോട് അദ്ദേഹത്തിന്‍റെ മറുപടിയും 'ആ എനിക്കെങ്ങനെ അറിയാം' എന്നുതന്നെയായിരുന്നു. ബിന്നി, സിന്ധു, സ്മിത, ശശി പുന്നൂര്‍, അജിത് എന്നിവരോടൊപ്പം സംവിധായകരും അരങ്ങിലെത്തുന്നു. വെളിച്ചം: ധനേഷ്, സംഗീതം: സത്യജിത്, സാങ്കേതികസഹായം: വിപിന്‍ എന്നിവരാണ് അരങ്ങിനുപിന്നില്‍. Read on deshabhimani.com

Related News