ഭഗവതിപ്പാട്ടിന്റെ കാവൽക്കാരൻ



പാട്ടുത്സവം ഹൃദയത്തിലേറ്റിയ  റെയിൽവേ ഉദ്യോഗസ്ഥനുണ്ട് പാലക്കാട്ട്. പാരമ്പര്യമായി പകർന്നുകിട്ടിയ ഭഗവതിപ്പാട്ടിലൂടെ ശ്രദ്ധേയനായ തൃപ്പാളൂർ കൃഷ്‌ണദാസ്.  റെയിൽവേ ചീഫ്‌ റിസർവേഷൻ സൂപ്രണ്ടാണ്‌. വൃശ്‌ചികം ഒന്നു മുതൽ മീനത്തിലെ ഭരണി വരെ കൃഷ്‌ണദാസിന് നല്ല തിരക്കാണ്.   പണിയെടുത്ത്‌ തളർന്നു വരുന്ന അധഃസ്ഥിത വിഭാഗത്തിന്റെ വിനോദോപാധിയായാണ്‌ ഭഗവതിപ്പാട്ട്‌ അറിയപ്പെട്ടിരുന്നത്. അനുഷ്‌ഠാന കലയാണെങ്കിലും ആസ്വാദനതലം വിപുലം. മുമ്പ്‌ കല്യാണത്തിനു വരെ അവതരിപ്പിച്ചിരുന്ന ഭഗവതിപ്പാട്ട്‌ ഇപ്പോൾ കാർഷിക ഉത്സവമായ കതിർക്കൂട്ടക്കളത്തിനും കുടുംബക്കാവുകളിലും മുല്ലക്കാവുകളിലും വെളിച്ചപ്പാടുമാരുടെ വീടുകളിലുമൊക്കെയാണ്‌ അവതരിപ്പിക്കുന്നത്. കൃഷ്‌ണദാസ് 45 വർഷമായി ഈ മേഖലയിലുണ്ട്. 2002ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്‌ ജേതാവും ഭഗവതിപ്പാട്ട്‌ പണ്ഡിതനുമായ രക്കപ്പൻ ആശാന്റെ മകനാണ്‌. കൃഷ്‌ണദാസിനും കഴിഞ്ഞ വർഷം ഫോക്ക്‌ലോർ അക്കാദമി അവാർഡ്‌ ലഭിച്ചു. കൊടുങ്ങല്ലൂരമ്മയുടെ കഥയാണ്‌ പാട്ടിലെ പ്രധാന ഇതിവൃത്തം. 96 താളം പാട്ടുകളും 36 ചൊൽപ്പടികളുമുണ്ട്‌. ഇവയൊന്നും എവിടെയും എഴുതി സൂക്ഷിച്ചിട്ടില്ലെന്നതാണ്‌ പ്രത്യേകത. തലമുറകളായി വായ്‌പ്പാട്ടിലൂടെ കൈമാറി വരുന്നു. തോറ്റംപാട്ട്‌, നല്ലമ്മപ്പാട്ട്‌, നന്തുണിപ്പാട്ട്‌, എന്നീപേരുകളിലൊക്കെ ഈ കലാരൂപം അറിയപ്പെടുന്നു. ഒരാൾ പാടിക്കൊടുക്കും. മറ്റ്‌ നാലുപേർ ഏറ്റുപാടും. നന്തുണി, കുഴിത്താളം എന്നിവയാണ്‌ പാട്ടിനൊപ്പം ഉപയോഗിക്കുന്ന ഉപകരണങ്ങൾ. സംസ്ഥാനത്തുതന്നെ ഭഗവതിപ്പാട്ട്‌ മുഴുവനായി അവതരിപ്പിക്കാൻ സാധിക്കുന്ന ചുരുക്കം ചിലരിലൊരാളാണ്‌ കൃഷ്‌ണദാസ്‌. ഈ കലയോട്‌ താൽപ്പര്യവുമായി വന്ന പതിനഞ്ചുപേരെ അഭ്യസിപ്പിക്കുന്നു. ഇത്തരം കലകൾ അന്യം നിന്നു പോകാതിരിക്കണമെങ്കിൽ ഫോക്‌ലോർ അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ അഭ്യസിപ്പിക്കണമെന്ന്‌ കൃഷ്‌ണദാസ്‌ പറയുന്നു. നാടൻകല സംബന്ധിച്ച്‌ ഇരുപതോളം ലേഖനങ്ങൾ പ്രസിദ്ധികരിച്ചു. കതിർക്കൂട്ടക്കളം മാഹാത്മ്യം എന്ന പേരിൽ പുസ്‌തകം പ്രസിദ്ധീകരിച്ചു. ആകാശവാണി തൃശൂർ നിലയത്തിലെ ബി ഗ്രേഡ്‌ ആർടിസ്റ്റാണ്‌. ഗവേഷണാത്മക പ്രബന്ധങ്ങളും തയ്യാറാക്കിയിട്ടുണ്ട്‌. ഭഗവതിപ്പാട്ടിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തൃപ്പാളൂരിൽ രൂപീകരിച്ച ഭഗവതിപ്പാട്ടുസംഘത്തിന്റെ സെക്രട്ടറിയാണ്‌. 2004ൽ നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ നാടൻ കലാ യുവപ്രതിഭ പുരസ്‌കാരവും 2006ൽ ഡോ. അംബേദ്‌കർ ഫെലോഷിപ്പും ലഭിച്ചു. മികച്ച സേവനത്തിന്‌ ദക്ഷിണ റെയിവേ ചീഫ്‌ കൊമേഴ്‌സ്യൽ മാനേജരുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്‌. എൻജിനിയറിങ് ബിരുദധാരിയായ മകൻ നിതിൻ കെ ദാസും കൃഷ്‌ണദാസിനൊപ്പം സജീവമായി രംഗത്തുണ്ട്‌. പാലക്കാട്‌, പുതിയങ്കം, പുള്ളോട്‌, കാവുങ്കൽ വീട്ടിലാണ്‌ താമസം. ഭാര്യ കെ പി ലത. നീനു കെ ദാസ്‌ മകളാണ്‌. Read on deshabhimani.com

Related News