അമേരിക്കയിലെ സ്വസ്തി ഫെസ്റ്റിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കും



വാഷിങ്ടൺ>  യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി അംഗീകരിച്ച കലാരൂപമായ കൂടിയാട്ടം അമേരിക്കയിലെ സ്വസ്‌തി ഫെസ്റ്റിൽ അവതരിപ്പിക്കും.  കൂടിയാട്ടത്തിനൊപ്പം ചാക്യാർകൂത്തും നങ്ങ്യാർകൂത്തും അവതരിപ്പിക്കും. വാഷിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്‌കാരികസംഘടനയായ സ്വസ്‌തി ഫൗണ്ടേഷനാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്ര- പാരമ്പര്യകലാരൂപങ്ങളെയും വൈജ്ഞാനികമേഖലകളെയും പ്രോത്സാ​ഹിപ്പിക്കുന്നതിനായി അമേരിക്കയിൽ രൂപംകൊണ്ട സംഘടനയാണ് സ്വസ്‌തി ഫൗണ്ടേഷൻ.  രതീഷ് നായർ, ആശാപോറ്റി, ശ്രീജിത് നായർ, അരുൺ രഘു എന്നിവർ ചേർന്നാണ് സ്വസ്‌തി ആരംഭിച്ചത്.   മെയ് 27, 28 തീയതികളിൽ വാഷിങ്ടണിലെ ചിന്മയ സോമ്‌നാഥ് ആഡിറ്റോറിയത്തിൽവെച്ചാണ് 'സ്വസ്‌തി ഫെസ്റ്റ് 2023' നടത്തുന്നത്. കലാമണ്ഡലം ജിഷ്‌ണു, കലാമണ്ഡലം സംഗീത, നേപത്ഥ്യ സനീഷ്, കലാമണ്ഡലം രതീഷ്‌ ദാസ്, കലാമണ്ഡലം വിജയ്, കലാനിലയം രാജൻ, കലാനിലയം ശ്രീജിത് എന്നിവരാണ് കൂടിയാട്ടം അവതരിപ്പിക്കുന്ന സംഘത്തിലുള്ളത്. വാഷിങ്ടണിലെ പരിപാടിക്കുശേഷം ന്യൂയോർക്ക്, ഷാർലറ്റ്, ഫിലാഡെൽഫിയ, വിർജിനിയ, ഡിട്രോയിറ്റ് തുടങ്ങി നിരവധി നഗരങ്ങളിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കും. ഒരു മാസത്തിലധികം അമേരിക്കയിൽ ചെലവഴിക്കുന്ന സംഘം കൂടിയാട്ടം ശിൽപ്പശാലകളും അഭിനയപഠനക്കളരികളും സംഘടിപ്പിക്കുന്നുണ്ട്. ക്ഷേത്രമതിൽക്കെട്ടിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപങ്ങളെ ഗുരു പൈങ്കുളം രാമച്ചാക്യാരാണ് 1949 ൽ ആദ്യമായി പുറത്തവതരിപ്പിച്ചത്.1980 ൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് കൂടിയാട്ടം ആദ്യമായി കടൽകടക്കുന്നതും. പിന്നീട് കൂടിയാട്ടത്തിനു വലിയ രാജ്യാന്തരശ്രദ്ധയും അംഗീകാരങ്ങളും ലഭിച്ചു. മലയാളഭാഷയെയും നർമ്മബോധത്തെയും സംരക്ഷിക്കുന്ന ചാക്യാർകൂത്തും സൂക്ഷ്‌മാഭിനയകലയായ കൂടിയാട്ടവും ആഴത്തിൽ മനസ്സിലാക്കാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് പരിപാടിയിലൂടെ ഒരുക്കുന്നതെന്ന് സ്വസ്‌തി പ്രവർത്തകർ പറഞ്ഞു. Read on deshabhimani.com

Related News