പക്ഷിയായിമാറിയ പെൺകുട്ടി; ചിത്രപ്രതിഷ‌്ഠാപനവുമായി ഗോണ്ട‌്ഗോത്രദമ്പതികൾ



കൊച്ചി >സ‌്ത്രീവിമോചന ചിന്തകൾ ഏറെ പ്രസക്തി നേടുന്ന കാലത്ത‌് പെൺകുട്ടികളെ രാജകുമാരിയെ പോലെ വളർത്തണമെന്ന സന്ദേശത്തോടൈ കൊച്ചി മുസിരിസ‌് ബിനാലെയിൽ ഒരു ഗോത്രകലാ സൃഷ‌്ടി. മധ്യപ്രദേശിലെ ആദിവാസി ഗോത്രമായ ഗോണ്ടുകളുടെ ചിത്രകലയായ ഭിട്ടി ചിത്രകലാ ശൈലിയിൽ  ഗോണ്ട് ഗോത്ര കലാകാര ദമ്പതികളായ ദുർഗാഭായി വ്യാം, സുഭാഷ് വ്യാം എന്നിവർ ചേർന്നാണ‌് ബിനാലെയിൽ ചിത്രപ്രതിഷ്ഠാപനം നടത്തിയിട്ടുള്ളത‌്. പ്രധാനവേദിയായ ഫോർട്ട‌് കൊച്ചി ആസ്പിൻവാൾ ഹൗസിലാണ് ദസ് മോത്തിൻ കന്യകയും ജലദേവതയും എന്ന നാടോടിക്കഥയെ ആസ‌്പദമാക്കിയുള്ള പ്രതിഷ്ഠാപനം. അസൂയാലുക്കളായ ഭാര്യമാരുടെ ഏഷണിയിൽ വീണ 11 ആങ്ങളമാർ ചേർന്ന‌്  കൊല്ലുന്ന കാടങ്കോട്ട് മാക്കം എന്ന ഐതിഹ്യമാലയിലെ കഥയോട‌് സാമ്യമുള്ളതാണ‌് ദസ് മോത്തിൻ കന്യകയും ജലദേവതയും എന്ന കഥ.  അഞ്ച് സഹോദരന്മാരും കുഞ്ഞുപെങ്ങളുമാണ‌് ഈ കഥയിൽ. മാക്കം കഥയിൽനിന്ന‌് വ്യത്യസ‌്തമായി ഇവിടെ കൊല്ലപ്പെടും മുമ്പ‌്  പെൺകുട്ടി പക്ഷിയായി മാറുന്നു. പിന്നീട് വനത്തിൽ നായാട്ടിനെത്തുന്ന സഹോദരങ്ങൾ പക്ഷിയായി മാറിയ സഹോദരിയെ തിരിച്ചറിയുന്നു. പ്ലൈവുഡിലാണ് വ്യാം ദമ്പതികൾ സൃഷ്ടി നടത്തിയിരിക്കുന്നത‌്.  തലമുറകളായി ഉരുത്തിരിഞ്ഞു വന്ന രചനാ ശൈലിയിൽ അവരുടേതായ മാറ്റങ്ങളും സംഭാവനകളും വ്യാം ദമ്പതികൾ നൽകിയിട്ടുണ്ട്. എന്നാൽ ചിത്രങ്ങൾക്കോ  പാരമ്പര്യ രചനാരീതികൾക്കോ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ‌് സാധാരണ മണ്ണ് തേച്ച പ്രതലത്തിൽ നടത്തിവരുന്ന രചന ബിനാലെയിൽ പ്ലൈവുഡ് മാധ്യമത്തിലാക്കിയത‌്.  ദി നൈറ്റ് ലൈഫ് ഓഫ് ട്രീസ് എന്ന പുസ്തകത്തിന്റെ  സഹരചയിതാവ് കൂടിയായ ദുർഗാഭായിക്ക‌് 2008ൽ ബോലോഗണ രാഗാസി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ടേണിങ‌് ദി പോട്ട്, ടില്ലിങ‌് ദി ലാൻഡ‌് എന്നീ പുസ്തകങ്ങൾക്ക‌് രേഖാചിത്രം വരച്ചതും ദുർഗാഭായിയാണ്. ഭർത്താവ് സുഭാഷ് വ്യാമുമായി ചേർന്ന് ഡോ. ബി ആർ അംബേദ്കറെക്കുറിച്ച് ഭീമയാന എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. Read on deshabhimani.com

Related News