ബിനാലെ അന്യവൽക്കരിക്കപ്പെട്ടവരുടെ ശബ്‌ദം: സീതാറാം യെച്ചൂരി



കൊച്ചി പലതലങ്ങളിൽ പല കാരണങ്ങളാൽ അന്യവൽക്കരിക്കപ്പെട്ടവരുടെ ശബ്‌ദമാണ് കൊച്ചി–-മുസിരിസ്‌ ബിനാലെ ഉയർത്തുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കലാവതരണങ്ങളെല്ലാം പുതിയ വെളിപ്പെടുത്തലും വെളിപാടുമാണ്‌. ഹൃദയത്തിനും ചിന്തയ്ക്കും ബുദ്ധിക്കും എന്തെന്നില്ലാത്ത നവോന്മേഷം നൽകുന്നതാണ് കലയുടെ മഹാമേളയെന്നും യെച്ചൂരി പറഞ്ഞു. ബിനാലെ പ്രദർശനം കണ്ടശേഷം പ്രധാനവേദിയായ ആസ്‌പിൻവാൾ ഹൗസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാരുടെ അഭിരുചികളിലുണ്ടായ പുരോഗമനപരമായ മാറ്റം ശ്രദ്ധേയവും അഭിനന്ദനീയവുമാണ്. നേരത്തേ പരിഗണിക്കപ്പെടാതെ പോയ പലതും മൂല്യവത്തായ ആവിഷ്‌കാരത്തിന്‌ തെരഞ്ഞെടുത്തിരിക്കുന്നു. കോവിഡ് കാലത്തെ കടുത്ത അനുഭവങ്ങൾ അതിന്‌ കാരണമായിട്ടുണ്ട്. ദൈനംദിന ജീവിതത്തിന്റെ തിരക്കിലും യാന്ത്രികതയിലും ശ്രദ്ധിക്കാതിരുന്ന പലതും ശ്രദ്ധയിൽവന്നു. പുതിയ ചിന്തകൾക്ക് മുമ്പില്ലാത്ത പ്രാമുഖ്യം കൈവന്നു. അത്‌ കലയിലും ശക്തമായി പ്രതിഫലിച്ചതായി ബിനാലെ  സൃഷ്ടികൾ വ്യക്തമാക്കുന്നതായും യെച്ചൂരി പറഞ്ഞു. സീതാറാം യെച്ചൂരിയെ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ് എന്നിവർ ചേർന്ന് ആസ്‌പിൻവാൾ ഹൗസിൽ സ്വീകരിച്ചു. മൂന്നുമണിക്കൂറോളം അദ്ദേഹം ബിനാലെ പ്രദർശനവേദിയിൽ ചെലവിട്ടു. സിപിഐ -എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കെ വി തോമസ്‌ എന്നിവർ ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News