എവിടെ സ‌്ത്രീ; കലാലോകത്തെ വിവേചനം തുറന്നുകാട്ടി ഗറില്ല ഗേൾസ‌്



കൊച്ചി > കലാലോകത്തെ സ‌്ത്രീസമത്വത്തെക്കുറിച്ച‌് പറയുമ്പോൾ ഇവർക്ക‌് മുഖംമൂടിയും കറുത്തവേഷവും ധരിക്കാതെ വയ്യ. അമേരിക്കൻ കോൺഗ്രസ‌ുപോലും ഹോളിവുഡിനേക്കാൾ ഭേദമാണെന്ന‌് ആഗോളതല സ്ഥിതിവിവരക്കണക്കുകൾ നിരത്തി ബോധ്യപ്പെടുത്തുന്ന ഗറില്ല ഗേൾസ‌് എന്ന സംഘടന പ്രത്യേക വേഷവിതാനങ്ങളോടെ കൊച്ചി ബിനാലെയിൽ നടത്തിയ അവതരണം പ്രത്യേകം ശ്രദ്ധേയമായി. കലാലോകത്തെ സ്ത്രീവിവേചനം മറ്റ് മേഖലകളിലേതിനേക്കാൾ കൂടുതലാണെന്ന് സമർഥിക്കുകയായിരുന്നു ഗറില്ല ഗേൾസ് നടത്തിയ അവതരണം. കറുത്തവേഷമണിഞ്ഞ് ഗറില്ല മുഖംമൂടി വച്ചാണ് ഈ ‘അജ്ഞാതസംഘം’ സ്ത്രീവിവേചനത്തെക്കുറിച്ച് സംസാരിച്ചത്. വാഴപ്പഴങ്ങൾ വിതരണം ചെയ്തുകൊണ്ടാണ‌് അവതരണം നടന്ന കബ്രാൾ യാർഡ് പവിലിയനിലേക്ക് ഇവർ പ്രവേശിച്ചത‌്.  മ്യൂസിയങ്ങളിലെ പ്രദർശനങ്ങളിലുള്ള സ്ത്രീപങ്കാളിത്തം എത്രയെന്ന ചോദ്യം രണ്ടുവർഷംമുമ്പ് ഗറില്ല ഗേൾസ് ഉന്നയിച്ചിരുന്നു.  യൂറോപ്പിലെ 383 കലാമ്യൂസിയങ്ങളിലേക്ക് ഈ ചോദ്യങ്ങൾ ഉന്നയിച്ച് അവർ കത്തുകളയച്ചു. 101 സ്ഥാപനംമാത്രമാണ് മറുപടി നൽകിയത്. അതിൽത്തന്നെ രണ്ടു മ്യൂസിയങ്ങളിൽമാത്രമാണ് പ്രദർശനങ്ങളിൽ സ്ത്രീസാന്നിധ്യമുണ്ടായിരുന്നത്. കലയേക്കാൾ കൂടുതൽ സമ്പത്തിന്റെ ചരിത്രമാണ് മ്യൂസിയങ്ങൾ പറയുന്നത‌്. പണക്കാരായ പുരുഷന്മാർ തങ്ങൾക്കിഷ്ടമുള്ള കലാകാരന്മാരുടെ വലിയ പ്രദർശനവും മേളയും സംഘടിപ്പിക്കുന്നു. അതുകൊണ്ടാണ‌് ഇത്രയും കാലമായിട്ടും തങ്ങൾ മുഖംമൂടിയണിഞ്ഞ് നടക്കുന്നതെന്നും 1985ൽ രൂപംകൊണ്ട ഗറില്ല ഗേൾസ് പറഞ്ഞു. ബിനാലെ നാലാംലക്കത്തിലെ പങ്കാളിത്ത ആർട്ടിസ്റ്റുകൾകൂടിയാണ് ഗറില്ല ഗേൾസ്. പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിലും കൊച്ചിൻ ക്ലബ്ബിലുമാണ് ഗറില്ല ഗേൾസിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നത്. Read on deshabhimani.com

Related News