കാഴ‌്ചയെ പുതുക്കി അരങ്ങിൽ ആതിരയുടെ കേകയപുത്രി



തൃപ്പൂണിത്തുറ> കലയിലെ പാരമ്പര്യവാദത്തെയും ആചാരങ്ങളെയും പൊളിച്ചെഴുതിയ കലാമണ്ഡലം ആതിരയുടെ കേകയപുത്രി നങ്ങ്യാർകൂത്ത‌് തൃപ്പൂണിത്തുറയിലെ നിറഞ്ഞ സദസ്സിനുമുന്നിൽ അരങ്ങേറി. മത്സ്യത്തൊഴിലാളിയായ പനമ്പുകാട്  അമ്പിളിയുടെയും തങ്കമ്മയുടെയും ഏകമകളായ ആതിര നങ്ങ്യാർ സമുദായത്തിന‌് പുറത്ത‌് നിന്ന‌് ഈ രംഗത്തുന്ന ആദ്യയാളാണ‌്.  ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ചുവടുകൾ വച്ച ആതിരയെ ഏഴാംക്ലാസ‌് കഴിഞ്ഞപ്പോഴാണ്  കലാമണ്ഡലത്തിൽ ചേർക്കാൻ അച്ഛനുമമ്മയും തീരുമാനിച്ചത്. അന്ന‌് കലാമണ്ഡലം ചെയർമാനായിരുന്ന കവി ഒ എൻ വി കുറുപ്പ്   പാരമ്പര്യവും ജാതിവാദവും പൊളിച്ചടുക്കി ആതിരയെ കൂടിയാട്ടത്തിലേക്ക് വഴി നടത്തി.  കൂടിയാട്ടവേദിയിൽ ആടിത്തെളിഞ്ഞ ആ പെൺകുട്ടി പിന്നീട‌് കലാമണ്ഡലം സംഘത്തിനൊപ്പം വിദേശത്തും പരിപാടികൾ അവതരിപ്പിച്ചു.  സ്ത്രീകൾക്ക്  നിഷിദ്ധമായ പുരുഷവേഷവും ഗുരുനാഥൻ ശിവൻ നമ്പൂതിരിയുടെ അനുഗ്രഹത്തോടെ അണിഞ്ഞു.   രാവണവേഷം ഉൾപ്പെടെ അരങ്ങേറ്റി. കൂടിയാട്ടത്തിൽ എംഫിൽ ചെയ്യുന്ന ആതിരയ‌്ക്ക‌് പിന്തുണയേകി ഭർത്താവ‌് മരട് നെട്ടൂർ പുളിത്തറയിൽ പ്രവീണും  മകൾ ബാലഭദ്രയും  കൂടെയുണ്ട‌്. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ പ്രതിമാസ പരിപാടിയായി തൃപ്പൂണിത്തുറ അന്തർദേശീയ കൂടിയാട്ടകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ പൂർണത്രയീശ സേവാസംഘം ഹാളിലാണ‌് ആതിരയുടെ നങ്ങ്യാർകൂത്ത‌് അരങ്ങേറിയത‌്. ശ്രീരാമന്റെ അഭിഷേക വിഘ്നവും തുടർന്ന് ദശരഥന്റെ  മരണവും ആസ്പദമാക്കി  ആതിര സംവിധാനം ചെയ്തതാണ് കേകയപുത്രി കൂത്ത‌്. മിഴാവിൽ കലാമണ്ഡലം മണികണ്ഠൻ, നേപഥ്യ ജിനേഷ്,  ഇടയ‌്ക്ക കലാനിലയം രാജൻ, താളം കുമാരി ആരതി എന്നിവർ നിർവഹിച്ചു. Read on deshabhimani.com

Related News